വെന്നിയൂര്‍ 33 കെ വി വൈദ്യുതി സബ് സ്റ്റേഷന്‍ നിർമാണം അന്തിമഘട്ടത്തിലേക്ക്

വെന്നിയൂര്‍ 33 കെ വി വൈദ്യുതി സബ് സ്റ്റേഷന്‍ നിർമാണം അന്തിമഘട്ടത്തിലേക്ക്, ദേശീയ പാതയില്‍ കേബിൾ ലൈൻ ജോലി വിജയകരമായി നടന്നു. രണ്ട് ആഴ്ചയായി നടന്ന പ്രവര്‍ത്തി വിജയിച്ചത് പദ്ധതയിടെ കമ്മീഷനിംഗിനു എളുപ്പമാക്കും. സബ് സ്റ്റേഷന്‍ പരീക്ഷണ പ്രസരണം ഉള്‍പ്പെടെ വേഗത്തിലാകും. മാസങ്ങളായി ദേശീയപാതയില്‍ നിന്നും ഇതിന്റെ അനുമതിക്ക് കാത്തിരിക്കുകയായിരുന്നു.

തിരൂരങ്ങാടി നഗരസഭയിലേതുള്‍പ്പെടെ റോഡ് കീറിയാണ് കേബിള്‍ എടരിക്കോട് നിന്നും കൊണ്ടു വന്നത്. ഈ കേബിള്‍ സബ് സ്റ്റേഷന് എതിര്‍വശം എന്‍എസ്എസ് റോഡില്‍ എത്തിയിട്ട് മാസങ്ങളായിരുന്നു. സബ് സ്റ്റേഷനിലേക്ക് ദേശീയ പാതക്ക് കുറുകെ ഭൂഗര്‍ഭകേബിളായാണ് എത്തിച്ചത്. 11 കെ വി ലൈനിലേക്ക് സബ്സ്റ്റേഷനില്‍ നിന്ന് കേബിള്‍ വലിക്കുന്ന ജോലി കഴിഞ്ഞ മാസം തുടങ്ങിയിരുന്നു. കടമ്പകള്‍ പൂര്‍ത്തിയായതോടെ സബ്‌സ്റ്റേഷന്‍ ഡിസംബറില്‍ കമ്മീഷന്‍ ചെയ്യുന്നത് എളുപ്പമായി.

ദേശീയ പാതയില്‍ നിന്നും അനുമതി ലഭിക്കുന്നതിനു തിരൂരങ്ങാടി നഗരസഭ പ്രത്യേക ഇടപെടല്‍ നടത്തിയിരുന്നു. ദേശീയ പാത ക്രോസിംഗ് പ്രവര്‍ത്തി നഗരസഭ ചെയര്‍മാന്‍ കെ.പി മുഹമ്മദ്കുട്ടി, വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ ഇഖ്ബാല്‍ കല്ലുങ്ങല്‍, ട്രാന്‍സ്മിഷന്‍ എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഷീന ജോര്‍ജ്, എക്‌സിക്യൂട്ടീവ് എഞ്ചിനിയര്‍ ഒ.പി. വേലായുധന്‍, ട്രാന്‍സ്മിഷന്‍ എഞ്ചിനിയര്‍ എന്‍.എം ഫസ്ലുറഹ്മാന്‍ സന്ദര്‍ശിച്ച് വിലയിരുത്തി.

ദേശീയ പാതയില്‍ ഫീ ഇനത്തില്‍ 56371 രൂപയും ബാങ്ക് ഗ്യാരന്റി ഇനത്തില്‍ 38500 രൂപയുമാണ് തിരൂര്‍ ട്രാന്‍സ്മിഷന്‍ ഡിവിഷന്‍ മുഖേനെ അടവാക്കിയത്. വൈദ്യുതി വോള്‍ട്ടേജ് പ്രതിസന്ധിക്കുള്‍പ്പെടെ പരിഹാരമാകുന്നതാണ് പുതിയ സബ് സ്റ്റേഷന്‍. എടരിക്കോട്, കൂരിയാട് എന്നിവിടങ്ങളില്‍ നിന്നും പുതിയ ഫീഡറുകള്‍ പുതിയ സബ് സ്റ്റേഷനിലേക്ക് കൊണ്ടു വരുന്നതിനാല്‍നിലവിലെ ലോഡ് കുറക്കാനാകും.

വെന്നിയൂര്‍,തിരൂരങ്ങാടി മേഖലയില്‍ രൂക്ഷമായ വോള്‍ട്ടേജ് ക്ഷാമം അനുഭവിക്കുകയാണ്. എടരിക്കോട് ഫീഡറില്‍ നിന്നാണ് ഇവിടേക്ക് വൈദ്യുതി എത്തുന്നത്. ഒരു ലൈന്‍ ആണ് നിലവില്‍, സബ് സ്റ്റേഷനോടെ ഇത് രണ്ട് ആയി മാറുന്നതാണ്. ഭാവിയില്‍110 കെ.വി സബ് സ്റ്റഷനായി ഉയര്‍ത്തുന്നതിനുള്ള നടപടികളും നടന്നു വരുന്നുണ്ട്. പദ്ധതി വേഗത്തിലാക്കാന്‍ കെ.പിഎ മജീദ് എംഎല്‍എയുടെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്ന് തടസ്സങ്ങള്‍ നീക്കുന്നതിനു പദ്ധതികള്‍ തയ്യാറാക്കിയിരുന്നു.

error: Content is protected !!