സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന് ഇന്ന് തുടക്കം

12 മുതല്‍ 14 വയസ്സ് വരെയുള്ളവരുടെ വാക്‌സിനേഷന്‍ ഒരാഴ്ച്ചക്കം പൂര്‍ത്തീകരിക്കും

ജില്ലയില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള കോവിഡ് പ്രതിരോധ വാക്‌സിനേഷന് ഇന്ന് (ജൂണ്‍ 10) തുടക്കമാകും. 12 മുതല്‍ 14 വയസ്സ് വരെയുള്ള മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കുമുള്ള വാക്‌സിനേഷന്‍ ഒരാഴച്ചക്കകം പൂര്‍ത്തിയാക്കും. ഇതിന് മുന്നോടിയായി അധ്യാപകരും പി.ടി.എ ഭാരവാഹികളും രക്ഷിതാക്കള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും സുരക്ഷിത സന്ദേശം നല്‍കും. സ്‌കൂളുകളില്‍ തദ്ദേശ സ്ഥാപന പ്രതിനിധികള്‍, ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥര്‍, പി.ടി.എ, എസ്.എം.സി ഭാരവാഹികള്‍, അധ്യാപകര്‍ എന്നിവരുടെ നേത്യത്വത്തില്‍ തിങ്കളാഴ്ച യോഗങ്ങള്‍ വിളിച്ചുചേര്‍ത്ത് രക്ഷിതാക്കളെ ബോധവത്കരിക്കാനും തദ്ദേശ സ്ഥാപനങ്ങള്‍ക്കൊപ്പം കുടുംബശ്രീ, അയല്‍ക്കൂട്ടങ്ങള്‍ മുഖേന കുട്ടികളുടെ വാക്‌സിനേഷന്‍ കാര്യത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാനും  ജില്ലാ കലക്ടര്‍ വി.ആര്‍ പ്രേംകുമാറിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന ഓണ്‍ലൈന്‍ യോഗത്തില്‍ തീരുമാനമായി. അങ്കണവാടി വര്‍ക്കര്‍മാരുടെയും എസ്.സി പ്രൊമോട്ടര്‍മാരുടെയും സഹായവും ഉറപ്പാക്കും. സ്‌കൂള്‍ കുട്ടികളുടെ വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ ഇന്ന് (ജൂണ്‍ 10) ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ പ്ലാന്‍ തയാറാക്കും. കോവിഡ് പ്രതിരോധ നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി നേരത്തെ രൂപീകരിച്ച സ്‌കൂള്‍, ഉപജില്ല, ജില്ലാതല സമിതികള്‍ സജീവമാക്കാനും കൃത്യമായ ഇടവേളകളില്‍ യോഗം ചേര്‍ന്ന് കൂടിയാലോചന നടത്താനും ജില്ലാ കലക്ടര്‍ നിര്‍ദേശം നല്‍കി. പ്രതിദിനം വാക്‌സിനെടുക്കുന്ന കുട്ടികളുടെ വിശദാംശങ്ങള്‍ ഡി.എം.ഒ ഓഫീസിലേക്ക് നല്‍കണമെന്നും ആരോഗ്യകാരണങ്ങളാല്‍ വാക്‌സിന്‍ സ്വീകരിക്കാനാകാത്ത വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ രേഖാമൂലം സമര്‍പ്പിക്കണമെന്നും സര്‍ക്കാര്‍, എയഡഡ് സ്‌കൂളുകളുകള്‍ക്കൊപ്പം സി.ബി.എസ്.ഇ, വി.എച്ച്.എസ്.ഇ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ വാക്‌സിനേഷന്‍ കണക്കും നല്‍കണമെന്നും ജില്ലാ കലക്ടര്‍ പറഞ്ഞു. സ്‌കൂള്‍ കുട്ടികളുടെ വാക്‌സിനേഷന്‍ ത്വരിതപ്പെടുത്താന്‍ ജനപ്രതിനിധികളുടെ ഭാഗത്ത് നിന്ന് സഹകരണമുണ്ടാകണമെന്നും ജൂണ്‍ 30നകം പരമാവധി സ്‌കൂള്‍ കുട്ടികള്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കണമെന്നും ജില്ലാ കലക്ടര്‍ നിര്‍ദേശിച്ചു.

 അനാഥമന്ദിരങ്ങളിലെയും വൃദ്ധസദനങ്ങളിലെയും കുട്ടികളുടെയും വയോധികരുടെയും കാര്യത്തില്‍ പ്രത്യേക ശ്രദ്ധയുണ്ടാകും. ബൂസ്റ്റര്‍ ഡോസ് എടുക്കാനുള്ള വയോധികരുടെ കണക്കെടുക്കും. പ്ലസ് ടു പരീക്ഷ കഴിഞ്ഞാല്‍ ഉടന്‍ 15 മുതല്‍ 17 വയസ്സ് വരെയുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വാക്‌സിന്‍ നല്‍കാന്‍ നടപടിയുണ്ടാകും. പത്താംതരവും പ്ലസ്ടുവും കഴിഞ്ഞ വിദ്യാര്‍ത്ഥികളിലും രക്ഷിതാക്കളിലും അവബോധമുണ്ടാക്കാന്‍ ക്യാമ്പയിന്‍ നടത്തും. സി.ബി.എസ്.ഇ, വി.എച്ച്.എസ്.ഇ സ്ഥാപന വിദ്യാര്‍ത്ഥികളെയും ക്യാമ്പയിനില്‍ ഉള്‍പ്പെടുത്തും. വാക്‌സിനേഷന്‍ നടപടികള്‍ ഊര്‍ജ്ജിതമാക്കണമെന്നും ഇതിനായി മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്നും പി അബ്ദുള്‍ഹമീദ് എം.എല്‍.എ പറഞ്ഞു. വിദ്യാലയങ്ങള്‍ കേന്ദ്രീകരിച്ച് ബോധവത്കരണം നടത്തണമെന്നും വയോധികര്‍ക്ക് വാക്‌സിന്‍ നല്‍കുന്നതില്‍ ജാഗ്രതയുണ്ടാകണമെന്നും എം.എല്‍.എ അഭിപ്രായപ്പെട്ടു. സ്‌കൂള്‍ തുറന്ന സാഹചര്യത്തില്‍ വിദ്യാഭ്യാസ വകുപ്പുമായി സഹകരിച്ച് വാക്‌സിനേഷന്‍ നടത്താന്‍ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കിയതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ രേണുക വ്യക്തമാക്കി. കുട്ടികള്‍ക്ക് പുറമെ മുതിര്‍ന്നവരില്‍ ഇതുവരെ ഒന്നാം ഡോസ് എടുക്കാത്തവര്‍ക്കും രണ്ടാം ഡോസ് എടുക്കാത്തവര്‍ക്കും വാക്‌സിന്‍ നല്‍കാന്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും ഡി.എം.ഒ പറഞ്ഞു. കോവിഡാനന്തരം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളുണ്ടാകാന്‍  സാധ്യതയുള്ളതിനാല്‍ കോവിഡ് വരാതിരിക്കാനാണ് ശ്രദ്ധിക്കേണ്ടതെന്നും ഡി.എം.ഒ പറഞ്ഞു. സര്‍ക്കാര്‍ നിര്‍ദേശപ്രകാരം ജില്ലയിലെ വാക്‌സിനേഷന്‍ പുരോഗതി വിലയിരുത്തുന്നതിനായാണ് ഓണ്‍ലൈന്‍ യോഗം ചേര്‍ന്നത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എം.കെ റഫീഖ, പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ശ്രീധന്യ സുരേഷ്, ഡെപ്യൂട്ടി കലക്ടര്‍ ഡോ.എം.സി റെജില്‍, ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടര്‍ കെ രമേശ്, തദ്ദേശ ഭരണ വകുപ്പ് ജില്ലാ ജോയിന്റ് ഡയറക്ടര്‍ പ്രീതിമേനോന്‍, ബ്ലോക്ക്-ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാര്‍,നഗരസഭാ അധ്യക്ഷന്‍മാര്‍, മറ്റ് ജനപ്രതിനിധികള്‍, ആരോഗ്യപ്രവര്‍ത്തകര്‍, ജില്ലാ തല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

error: Content is protected !!