Friday, August 15

മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വെട്ടേറ്റ് 13 വര്‍ഷമായി ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു ; ആക്രമണം അരിയില്‍ ഷുക്കൂര്‍ വധത്തിന് പിന്നാലെ

കണ്ണൂര്‍: മുസ്ലിം ലീഗ് പ്രവര്‍ത്തകരുടെ വെട്ടേറ്റ് 13 വര്‍ഷമായി ചികിത്സയിലായിരുന്ന സിപിഎം പ്രവര്‍ത്തകന്‍ മരിച്ചു. കണ്ണൂര്‍ അരിയില്‍ സ്വദേശി വള്ളേരി മോഹനനാണ് (60) കണ്ണൂര്‍ എകെജി ആശുപത്രിയില്‍ ഇന്നു രാവിലെ മരണത്തിനു കീഴടങ്ങിയത്. 2012 ഫെബ്രുവരി 21 നാണ് അരിയില്‍ ഷുക്കൂര്‍ വധത്തിന് പിന്നാലെയുണ്ടായ രാഷ്ട്രീയ സംഘര്‍ഷങ്ങളുടെ തുടര്‍ച്ചയായി ആശാരിപ്പണിക്കാരനായ മോഹനന് നേരെ മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ ആക്രമണം നടത്തിയത്. ഷുക്കൂര്‍ കൊല്ലപ്പെട്ടതിന്റെ അടുത്ത ദിവസമായിരുന്നു ആക്രമണം.

മുസ്ലിം ലീഗ് പ്രവര്‍ത്തകരാണ് ആക്രമിച്ചതെന്നാണ് സിപിഎം ആരോപണം. തലയിലുള്‍പ്പടെ ശരീരമാസകലം വെട്ടേറ്റ മോഹനന്‍ ഗുരുതരാവസ്ഥയിലായിരുന്നു. വീട്ടില്‍ നിന്നും പിടിച്ചിറക്കിക്കൊണ്ടു പോയാണ് ആക്രമിച്ചത്. മോഹനന്റെ മകനേയും വീടും ആക്രമിച്ചു. ഏറെക്കാലം ആശുപത്രിയിലായിരുന്ന മോഹനന്‍ പിന്നീട് അരിയിലില്‍ നിന്ന് മാറി മാതമംഗലം ഭാഗത്ത് ബന്ധു വീട്ടില്‍ താമസിക്കുകയായിരുന്നു. ആരോഗ്യനില നീണ്ട കാലത്തെ ചികിത്സയിലൂടെ കുറച്ച് മെച്ചപ്പെട്ടെങ്കിലും കഴിഞ്ഞ ദിവസം ഗുരുതരമായി. കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

error: Content is protected !!