നിലമ്പൂർ : ചുങ്കത്തറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എം.കെ.നജ്മുന്നീസയെ തിരഞ്ഞെടുപ്പ് കമ്മീഷൻ അയോഗ്യയാക്കി. കൂറുമാറ്റ നിയമ പ്രകാരമാണ് അയോഗ്യയാക്കിയത്. മുസ്ലീം ലീഗ് സ്വതന്ത്രയായി വിജയിച്ച ഇവർ എൽ ഡി.എഫിലേക്ക് കൂറുമാറി പ്രസിഡന്റ് ആകുകയായിരുന്നു. ഇതേ തുടർന്ന് മുസ്ലീം ലീഗിലെ സൈനബ മാമ്പള്ളി നൽകിയ പരാതിയിലാണ് നടപടി.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 20 അംഗ ഭരണ സമിതിയിൽ ഇരുമുന്നണികൾക്കും 10 വീതം സീറ്റുകളാണ് ലഭിച്ചിരുന്നത്. നറുക്കെടുപ്പിൽ കോണ്ഗ്രസിലെ വത്സമ്മ സെബാസ്റ്റ്യൻ പ്രസിഡന്റും ലീഗിലെ സൈനബ മാമ്പള്ളി വൈസ് പ്രസിഡന്റും ആയി. പിന്നീട് യുഡിഎഫിലെ നജ്മുന്നീസ കൂറുമാറി എൽ ഡി എഫിനൊപ്പം ചേർന്ന് പ്രസിഡന്റ് ആകുകയായിരുന്നു. ഇതോടെ കക്ഷിനില എൽ ഡി എഫ് 11, യുഡിഎഫ് 9 എന്ന നിലയിലായി. ഇപ്പോൾ അംഗത്വം റദ്ദാക്കി എങ്കിലും എൽ ഡി എഫിന് ഒരു അംഗത്തിന്റെ ഭൂരിപക്ഷം ഉണ്ട്. അപ്പീൽ നൽകുമെന്ന് എൽ ഡി എഫ് നേതൃത്വം അറിയിച്ചു.