തിരൂരങ്ങാടി: ഇഷ്ടത്തിനനുസരിച്ച് വാഹനത്തിന് മോടികൂട്ടി നിരത്തുകളിൽ പായുന്നവർക്ക് മോട്ടോർ വാഹന വകുപ്പിൻ്റെ കടിഞ്ഞാൺ. ഇത്തരക്കാരെ പിന്നാലെയുണ്ട് ഉദ്യോഗസ്ഥർ.
രൂപമാറ്റം വരുത്തി മറ്റ് യാത്രക്കാർക്ക് അപകടകരമായ രീതിയിൽ കറങ്ങിയ ജീപ്പാണ് മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെൻ്റ് ഉദ്യോഗസ്ഥർ മഞ്ചേരിയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്. ഇൻഷൂറൻസ് ഇല്ലാതെയും,
നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും,
വാഹനത്തിൻ്റെ ബോഡികളിലും ടയറുകളിലും രൂപമാറ്റം വരുത്തിയും, ആവശ്യത്തിന് ലൈറ്റുകൾ ഇല്ലാതെയും, കണ്ണഞ്ചിപ്പിക്കുന്ന കളർ ലൈറ്റുകൾ സ്ഥാപിച്ചും, വാഹനത്തിൻ്റെ കളർമാറ്റിയും, എയർഹോൺ ഉപയോഗിച്ചും വിവിധ തരത്തിൽ മാറ്റം വരുത്തിയ വാഹനം ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്തു. 26,000 രൂപ പിഴ ഈടാക്കി.
ഫ്രീക്കാക്കി നിരത്തിലിറങ്ങിയ ഇരുചക്രവാഹനത്തിനും 15000 രൂപ പിഴ ഈടാക്കി. നമ്പർ പ്ലേറ്റ് പ്രദർശിപ്പിക്കാതെയും,
കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള സൈലൻസർ ഘടിപ്പിച്ചും, കണ്ണഞ്ചിപ്പിക്കുന്ന ഹെഡ്ലൈറ്റുകൾ ഉപയോഗിച്ചും, കണ്ണാടികൾ ഇല്ലാതെയും, ആൾട്ടറേഷൻ ചെയ്ത് നിരത്തിൽ കോട്ടക്കലിൽ ചീറിപ്പാഞ്ഞ ഇരുചക്രവാഹനത്തിനാണ് 15,000 രൂപ പിഴ ഈടാക്കിയത്.
റോഡുകളിൽ നിയമാനുസൃതം യാത്ര ചെയ്യുന്നവർക്കും റോഡിന് ഇരുവശങ്ങളിലുമായി താമസിക്കുന്നവർക്കും നിരന്തരം ശല്യവും ആരോഗ്യത്തിന് ഭീഷണിയായി കൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് പരിശോധന കർശനമാക്കിയത്. കൂടാതെ കൂട്ടിയ മോഡി സ്വന്തംചെലവിൽ നീക്കുകയും വേണം.
ജില്ല എൻഫോഴ്സ്മെൻ്റ് ആർ ടി ഒ കെ കെ സുരേഷ് കുമാറിൻ്റെ നിർദ്ദേശപ്രകാരം എം വി ഐ മാരായ സജി തോമസ് , ടി വി രഞ്ജിത്ത് ,എ എം വി ഐ വിജീഷ് വാലേരി എന്നിവരുടെ നേതൃത്വത്തിൽ തിരൂരങ്ങാടി, കൊണ്ടോട്ടി, കോട്ടക്കൽ മഞ്ചേരി തുടങ്ങി ജില്ലയുടെ വിവിധ ഭാഗങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഉദ്യോഗസ്ഥർ നടപടിയെടുത്തത്.