
കല്‍പ്പറ്റ: വയനാട് ഡിസിസി പ്രസിഡന്റ് എന്‍ ഡി അപ്പച്ചന് മര്‍ദ്ദനമേറ്റു. പുല്‍പ്പള്ളി മുള്ളന്‍കൊല്ലിയില്‍ പാര്‍ട്ടി പരിപാടി നടക്കുന്നതിനിടെയാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡണ്ടിനെ കയ്യേറ്റം ചെയ്തത്. പാര്‍ട്ടിയിലെ തന്നെ ഗ്രൂപ്പ് പോരിന്റെ ഭാഗമായാണ് സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ ഡിസിസി പ്രസിഡന്റുമാരില്‍ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ അപ്പച്ചനെ മര്‍ദ്ദിച്ചത്. മുള്ളന്‍കൊല്ലി പഞ്ചായത്ത് തിരഞ്ഞെടുപ്പ് മുന്നൊരുക്ക വികസന സെമിനാറിനിടെയാണ് ഒരു വിഭാഗം നേതാക്കളും പ്രവര്‍ത്തകരും അദ്ദേഹത്തെ കൈയ്യേറ്റം ചെയ്തത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിസിസി പ്രസിഡന്റിന്റെ മുഖത്തും വയറിലും അടിച്ചതായാണ് റിപ്പോര്‍ട്ട്.
മുള്ളന്‍കൊല്ലിയിലെ മണ്ഡലം പ്രസിഡണ്ടിനെ ചൊല്ലിയുള്ള തര്‍ക്കമാണ് കയ്യാങ്കളിയില്‍ കലാശിച്ചതെന്നാണ് വിവരം. ഐസി ബാലകൃഷ്ണന്‍ എംഎല്‍എയുടെയും കെഎല്‍ പൗലോസിന്റെയും ഗ്രൂപ്പില്‍ പെട്ടവരാണ് കയ്യേറ്റം ചെയ്തതെന്നാണ് ആരോപണം. മര്‍ദ്ദനത്തിന് മുന്‍പുണ്ടായ തര്‍ക്കത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നു. മര്‍ദനമേറ്റ് നിലത്ത് മറിഞ്ഞ് വീണ പ്രസിഡണ്ടിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നതിനിടെ ഡിസിസി ജനറല്‍ സെക്രട്ടറി ഒ ആര്‍ രഘുവിനും പരിക്കേറ്റു.