മലപ്പുറം : ജില്ലയിലെ ബാങ്കുകളില്‍ മാര്‍ച്ച് പാദത്തില്‍ ജില്ലയിലെ ബാങ്കുകളിലെ നിക്ഷേപം 2485 കോടി വര്‍ധിച്ച് 52,351 കോടിയായതായി ജില്ലാതല ബാങ്കിങ് അവലോകന സമിതി യോഗം വിലയിരുത്തി. ഇതില്‍ 15,503 കോടി രൂപ പ്രവാസി നിക്ഷേപമാണ്. ജില്ലയിലെ മൊത്തം വായ്പകള്‍ 32,855 കോടി രൂപയിലെത്തി. കഴിഞ്ഞ പാദത്തിലെ നേട്ടവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇതില്‍ 922.5 കോടി രൂപയുടെ വര്‍ധനവാണ് റിപ്പോര്‍ട്ട് ചെയ്തത്.
ജില്ലയിലെ വായ്പാ നിക്ഷേപ അനുപാതം 62.76 ശതമാനമാണ്. കെ.ജി.ബി -79.02 ശതമാനം, കാനറാ ബാങ്ക് -71.85 ശതമാനം, എസ്.ബി.ഐ -39.81 ശതമാനം, ഫെഡറല്‍ ബാങ്ക് – 29.14 ശതമാനം, സൗത്ത് ഇന്ത്യന്‍ ബാങ്ക് -42.17ശതമാനം എന്നിങ്ങനെയാണ് ജില്ലയിലെ കൂടുതല്‍ ബ്രാഞ്ചുകളുള്ള ബാങ്കുകളിലെ വായ്പാ നിക്ഷേപ അനുപാതം. വായ്പാ നിക്ഷേപ അനുപാതം 60 ശതമാനത്തില്‍ കുറവുള്ള ബാങ്കുകള്‍ അതിന് മുകളില്‍ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാരം ഈ സാമ്പത്തിക വര്‍ഷത്തിലെ ജില്ലയുടെ നേട്ടം 113 ശതമാനമാണ്. 16,700 കോടി രൂപ എന്ന ലക്ഷ്യത്തെ മുന്‍നിര്‍ത്തി 18,900 കോടി രൂപയുടെ വായ്പകള്‍ നല്‍കി. വാര്‍ഷിക ക്രെഡിറ്റ് പ്ലാന്‍ പ്രകാരമുള്ള മുന്‍ഗണനാ മേഖലയിലെ നേട്ടം 120 ശതമാനമാണ്. മുന്‍ഗണനാ വിഭാഗത്തില്‍ 13,425 കോടി രൂപയാണ് വിവിധ ബാങ്കുകള്‍ വായ്പയായി നല്‍കിയത്. മറ്റു വിഭാഗങ്ങളില്‍ 5500 കോടി രൂപയുടെ വായ്പകളും നല്‍കി. ഇതിലെ നേട്ടം നൂറ് ശതമാനത്തിലെത്തി.
സംസ്ഥാന സര്‍ക്കാര്‍ അതിദരിദ്രരുടെ ഉന്നമനത്തിന് ലക്ഷ്യം വച്ച് അവരുടെ അവകാശ രേഖകള്‍ ലഭ്യമാക്കുന്നതിനായി ജില്ലയില്‍ നടത്തുന്ന എ.ബി.സി.ഡി ക്യാമ്പുകളില്‍ ബാങ്കുകളുടെ സേവനങ്ങള്‍ ലഭ്യമാക്കണമെന്നും തൊഴില്‍രഹിതരെ സഹായികുന്നതിന് നോര്‍ക്ക, എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് എന്നിവര്‍ നടത്തുന്ന പദ്ധതികള്‍ അനുകൂലമായി പരിഗണിക്കാന്‍ ശ്രമിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
സമൂഹത്തിലെ താഴേതട്ടില്‍ ഉള്ളതും ഇടത്തരം സാമ്പത്തിക സ്ഥിതിയില്‍ ഉള്ളവരുമായ സാധാരണക്കാരെ ഉദേശിച്ച് കുറഞ്ഞ പ്രീമിയത്തില്‍ ഇന്‍ഷുറന്‍സ് പരിരക്ഷയും പെന്‍ഷനും നല്‍കുന്ന സാമൂഹ്യസുരക്ഷാ പദ്ധതികളായ പി.എം.ജെ.ജെബിവൈ, പിഎംഎസ്ബിവൈ, എപിവൈ എന്നിവ പരമാവധിഉപഭോക്താക്കളിലെത്തിക്കാന്‍ ആര്‍.ബി.ഐയും എസ്.എല്‍.ബി.സി യും സംയുക്തമായി നടത്തുന്ന സുരക്ഷാ പദ്ധതിയില്‍ ഒരു ലക്ഷം ഉപഭോക്താക്കളെ ഉള്‍പ്പെടുത്തി. മെയ് മാസത്തില്‍ നടത്തിയ സര്‍ക്കാരിന്റെ കരുതലും കൈത്താങ്ങും അദാലത്തില്‍ ലഭിച്ച പരാതികള്‍ അതാത് ബാങ്കുകളിലേക്ക് അയച്ചിട്ടുണ്ട്. ലഭിച്ച പരാതികള്‍ക്കുള്ള മറുപടികള്‍ ഉടന്‍ ലീഡ് ബാങ്കില്‍ എത്തിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. കാര്‍ഷിക മേഖലയ്ക്കുള്ള വായ്പ നല്‍കുന്നത് പ്രോത്സാഹിപ്പിക്കാനും കാര്‍ഷിക അടിസ്ഥാന സൗകര്യ വികസന നിധി പോലുള്ള പദ്ധതികള്‍ക്ക് കൂടുതല്‍ പ്രചാരണം നല്‍കാനും യോഗത്തില്‍ തീരുമാനമായി.
ഹോട്ടല്‍ മഹീന്ദ്രപുരിയില്‍ നടന്ന യോഗം തിരുവനന്തപുരം ആര്‍.ബി.ഐ എല്‍.ഡി.ഒ ഇ.കെ രഞ്ജിത്ത് ഉദ്ഘാടനം ചെയ്തു. നബാര്‍ഡ് ഡി.ഡി.എം എ. മുഹമ്മദ് റിയാസ്, കാനറാ ബാങ്ക് ഡി.എം എച്ച്.വി പ്രഭു, ലീഡ് ബാങ്ക് മാനേജര്‍ എം.എ ടിറ്റന്‍, എസ്ബി.ഐ, കനറാ ബാങ്ക്, കേരള ഗ്രാമീണ്‍ ബാങ്ക്, ഫെഡറല്‍ ബാങ്ക്, മറ്റു ബാങ്കുകളുടെ പ്രതിനിധികള്‍, അഗ്രികള്‍ച്ചര്‍, അനിമല്‍ ഹസ്ബന്‍ഡറി, ഡയറി ഡെവലപ്മെന്റ്, ഡി.ഐ.സി, എംപ്ലോയ്മെന്റ് എക്സ്ചേഞ്ച്, നുലം, കെ.വി.ഐ.ബി ഉദ്യോഗസ്ഥര്‍, കേരള സ്റ്റേറ്റ് സ്മാള്‍ ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍, എസ്യു.പി.എസ്, ഇ.ടി.ഐ പ്രതിനിധികള്‍, ഫിനാന്‍ഷ്യല്‍ ലിറ്ററസി കൗണ്‍സിലര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.