വയോമിത്രം പദ്ധതിയെ ഇല്ലാതാക്കരുത് : സാമൂഹ്യ നീതി വകുപ്പ് മന്ത്രിക്ക് നിവേദനം നല്‍കി പരപ്പനങ്ങാടി നഗരസഭ

പരപ്പനങ്ങാടി : കേരളത്തില്‍ വളരെ നല്ല രീതിയില്‍ നടന്ന് വരുന്ന ഒരു പദ്ധതിയാണ് വായോമിത്രം. അതിനെ ഇല്ലാതാക്കാനുള്ള നടപടിക്കെതിരെ സാമൂഹ്യ നീതി മന്ത്രി ആര്‍ ബിന്ദുവിന് പരപ്പനങ്ങാടി നഗരസഭ ചെയര്‍മാന്‍ പിപി ഷാഹുല്‍ ഹമീദ് നിവേദനം നല്‍കി. തുടര്‍ന്ന് അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി അയ്യപ്പനുമായി ചര്‍ച്ച ചെയ്യുകയും ചെയ്തു.

മുതിര്‍ന്ന പൗരന്മാര്‍ക്ക് മാനസികവും ആരോഗ്യപരവുമായ പരിരക്ഷ ഉറപ്പുവരുത്തുന്നതിന് കേരള സാമൂഹ്യ സുരക്ഷാ മിഷനും പരപ്പനങ്ങാടി നഗരസഭയും സംയുക്തമായി നടപ്പിലാക്കുന്ന ജനകീയ പദ്ധതിയാണ് വയോമിത്രം പദ്ധതി. നഗരസഭ പ്രദേശത്ത് മൊബൈല്‍ ക്ലിനിക്കും കൗണ്‍സിലിംഗും വയോജനങ്ങളുടെ മാനസിക ഉല്ലാസത്തിന് വേണ്ടിയുള്ള വിവിധ പരിപാടികളും വാതില്‍ പടി സേവനങ്ങളും നല്‍കിവരുന്നുണ്ടെന്ന് ചെയര്‍മാന്‍ പറഞ്ഞു.

നഗരസഭയില്‍ 2018 മാര്‍ച്ച് മാസത്തില്‍ പ്രവര്‍ത്തനമാരംഭിച്ച വയോമിത്രം പദ്ധതിയില്‍ നഗരസഭയിലെ 45 ഡിവിഷനുകളിലായി 22 ക്ലിനിക്കുകളില്‍ 4536 ഗുണഭോക്താക്കള്‍ പദ്ധതിയുടെ സേവനം ലഭ്യമാക്കുന്നുണ്ടെന്നും ഗുണഭോക്താക്കള്‍ക്ക് കൃത്യമായി പദ്ധതിയുടെ സേവനങ്ങളും മരുന്നുകളും ലഭിക്കുന്നതിന് നഗരസഭ ഭരണസമിതി കൃത്യമായ പരിഗണനയും ഇടപെടലുകളും നടത്തിവരുന്നുണ്ടെന്നും ഷാഹുല്‍ ഹമീദ് മന്ത്രിയെ ധരിപ്പിച്ചു.

ഓരോ സാമ്പത്തിക വര്‍ഷവും കേരള സാമൂഹ്യ സുരക്ഷാ മിഷനിലേക്ക് നല്‍കേണ്ട നഗരസഭാ വിഹിതം കൃത്യമായി നല്‍കിവരുന്നു.നഗരസഭയുടെ നേതൃത്വത്തില്‍ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍ മുഖേനെ ലഭ്യമാകാത്ത മരുന്നുകള്‍ ലഭിക്കുന്നതിനുവേണ്ടി ഓരോ വര്‍ഷവും 5 ലക്ഷം രൂപ വകയിരുത്തുന്നു. കൂടാതെ നഗരസഭാ കാര്യാലയത്തില്‍ പ്രവര്‍ത്തിക്കുന്ന വയോമിത്രം പദ്ധതി ഓഫീസ് കൂടുതല്‍ സൗകര്യത്തോടെ പ്രവര്‍ത്തിക്കുന്നതിനായി പുതിയ ഓഫീസ് ക്രമീകരിച്ചിട്ടുണ്ടെന്നും ചെയര്‍മാന്‍ അറിയിച്ചു.

വയോജനങ്ങള്‍ക്ക് സൗജന്യ ചികിത്സയും സാന്ത്വനവും നല്‍കുന്ന പദ്ധതിയിലെ കരാര്‍ ജീവനക്കാര്‍ക്ക് ശമ്പളവും വാഹന വാടകയും 4മാസമായി കുടിശ്ശികയാണ്. നിലവില്‍ മെഡിക്കല്‍ ഓഫീസര്‍,സ്റ്റാഫ് നേഴ്‌സ്,ജെ.പി.എച്ച്.എന്‍ എന്നിവര്‍ ദിവസ വേദനാടിസ്ഥാനത്തില്‍ ജോലി ചെയ്യുന്നവരാണ്. സ്റ്റാഫ് നേഴ്‌സ്,ജെ.പി.എച്ച്.എന്‍ എന്നിവര്‍ ജോലിയില്‍ നിന്ന് വിടുതലിന് അപേക്ഷ നല്‍കിയിട്ടുണ്ട്. മെഡിക്കല്‍ ഓഫീസര്‍ നവംബര്‍ മാസം അവസാനത്തോടെ പടിയിറങ്ങും. ഇതോടെ നഗരസഭയിലെ വയോമിത്രം പദ്ധതിയുടെ പ്രവര്‍ത്തനം താളം തെറ്റുമെന്നും ചെയര്‍മാന്‍ പറഞ്ഞു.

കേരള മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മുഖേന ലഭ്യമാക്കുന്ന മരുന്നുകള്‍ കൃത്യമായി ലഭിക്കുന്നില്ല. പദ്ധതിക്കായി കഴിഞ്ഞ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയ 27.5 കോടിയില്‍ ഇതുവരെ 8 കോടി മാത്രമേ ലഭ്യമായിട്ടുള്ളൂ. തുക ലഭ്യമാകാതിരുന്നാല്‍ മരുന്നു വിതരണവും വൈകാതെ തടസ്സപ്പെടും. മരുന്ന് ഉള്‍പ്പെടെ സേവനങ്ങള്‍ പ്രതീക്ഷിച്ചു വരുന്ന ആയിരക്കണക്കിന് വയോജനങ്ങളാണ് ഇതുമൂലം പ്രതിസന്ധിയിലാകുന്നത്. കൂടാതെ വയോമിത്രം പദ്ധതിയുടെ ഘടനയില്‍ മാറ്റം വരുത്തുന്നതായി വന്ന വാര്‍ത്ത ആശങ്ക ഉളവാക്കുന്നതാണെന്നും അദ്ദേഹം ധരിപ്പിച്ചു.

രണ്ടു നഗരസഭയിലേക്ക് ഒരു യൂണിറ്റ് ആയി പരിമിതപ്പെടുത്തുമെന്നത് പദ്ധതിയുടെ പ്രവര്‍ത്തനത്തെ സാരമായി ബാധിക്കുക തന്നെ ചെയ്യും. നിലവില്‍ ജീവനക്കാര്‍ രാജിവെച്ചതിനാല്‍ നഗരസഭയിലെ വയോമിത്രം പദ്ധതി മുന്നോട്ട് കൊണ്ട് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്.ഈ പ്രതിസന്ധി എത്രയും വേഗം പരിഹരിക്കണമെന്ന് ചെയര്‍മാന്‍ ആവശ്യപ്പെട്ടു. താനൂര്‍ നഗരസഭ ചെയര്‍മാന്‍ റഷീദ് മോര്യയും നിവേദനം നല്‍കിയിട്ടുണ്ട്.

error: Content is protected !!