തിരൂര്‍ : വില്‍പ്പനയില്‍ അതീവ നിയന്ത്രണമുള്ള ‘ഷെഡ്യൂള്‍ എക്‌സ്’ വിഭാഗത്തില്‍ പെട്ട മരുന്ന് ‘ഷെഡ്യൂള്‍ എച്ച്’ എന്ന് തെറ്റായി ലേബല്‍ ചെയ്ത് വില്‍പ്പന നടത്തിയ മരുന്നു നിര്‍മ്മാതാക്കള്‍ക്കെതിരെ ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് കേസെടുത്തു. കോഴിക്കോട് റീജിയണല്‍ ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ വി.എ വനജയുടെ നേതൃത്വത്തില്‍ തിരൂരില്‍ വ്യാഴാഴ്ച (ജൂലൈ 11) നടത്തിയ പരിശോധനയിലാണ് തെറ്റായി ലേബല്‍ ചെയ്ത മരുന്നുകള്‍ കണ്ടെടുത്തത്. കെറ്റ്ഫ്‌ലിക്‌സ് (KETFLIX) എന്ന ബ്രാന്‍ഡില്‍ പുറത്തിറങ്ങുന്ന, അനസ്‌തേഷ്യക്ക് ഉപയോഗിക്കുന്ന മരുന്നായ കെറ്റാമിന്‍ ഇന്‍ജക്!ഷന്‍ ആണ് ഡ്രഗ്‌സ് കണ്‍ട്രോള്‍ വിഭാഗം പിടിച്ചെടുത്തത്. മഹാരാഷ്ട്രയിലെ വൈറ്റല്‍ ഹെല്‍ത്ത്‌കെയര്‍ പ്രൈ. ലിമിറ്റഡ് എന്ന കമ്പനി നിര്‍മ്മിച്ച് തെലുങ്കാന ആസ്ഥാനമായ ഹെറ്റെറോ ഹെല്‍ത്ത് കെയര്‍ ലിമിറ്റഡ് എന്ന കമ്പനിയാണ് ഈ മരുന്ന് മാര്‍ക്കറ്റ് ചെയ്യുന്നത്. തിരൂരിലെ രണ്ട് സ്ഥാപനങ്ങളില്‍ നിന്നാണ് മരുന്ന് പിടിച്ചെടുത്തത്. സംഭവത്തില്‍ രണ്ട് കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗുണനിലവാര പരിശോധനക്കായി സാമ്പിളുകള്‍ ശേഖരിക്കുകയും മരുന്നിന്റെ തുടര്‍ വില്‍പ്പന തടയുകയും ചെയ്തിട്ടുണ്ട്.
ദുരുപയോഗം ചെയ്യപ്പെടാന്‍ വളരെയേറെ സാധ്യതയുള്ളതിനാല്‍ വില്‍പ്പനയില്‍ അതീവ നിയന്ത്രണമുള്ള മരുന്നാണിത്. ഡ്രഗ്‌സ് ആന്റ് കോസ്‌മെറ്റിക്‌സ് ആക്ട് പ്രകാരം കെറ്റാമിന്‍ ഇന്‍ജക്!ഷന്‍ മരുന്നുകളുടെ ഔഷധ മൊത്തവിതരണ സ്ഥാപനങ്ങള്‍ക്ക് നിയമനുസൃതമായ ലൈസന്‍സ് (ഫോം 20 ജി) ആവശ്യമാണ്. ‘ഷെഡ്യൂള്‍ എച്ച്’ എന്ന് ലേബല്‍ ചെയ്ത് നിയമനുസൃതമായ ലൈസന്‍സുകള്‍ ഇല്ലാത്ത ഔഷധ മൊത്ത വ്യാപാര സ്ഥാപങ്ങള്‍ മുഖാന്തിരമാണ് കെറ്റ്ഫ്‌ലിക്‌സ് വില്‍പ്പന നടത്തിയിട്ടുള്ളതെന്ന് പരിശോധനയില്‍ ബോധ്യപ്പെട്ടു. നിയമ പ്രകാരം ‘ഷെഡ്യൂള്‍ എക്‌സ്’ വിഭാഗത്തില്‍പ്പെട്ട ഇന്‍ജക്!ഷന്‍ മരുന്നുകള്‍ നിര്‍മ്മിക്കുന്നതിന് അഞ്ച് എം.എല്‍ പാക്കിങ് ആണ് അനുവദനീയമായ പരമാവധി അളവ്. എന്നാല്‍ 10 എം.എല്‍ ന്റെ ഇഞ്ചക്!ഷനാക്കിയാണ് നിര്‍മ്മാണ കമ്പനി ഈ മരുന്ന് വിപണിയിലെത്തിച്ചിട്ടുള്ളത്.
കോഴിക്കോട് മേഖല അസിസ്റ്റന്റ് ഡ്രഗ്‌സ് കണ്‍ട്രോളര്‍ ഷാജി എം വര്‍ഗീസിന്റെ നിര്‍ദേശ പ്രകാരം നടന്ന റെയ്ഡില്‍ ജില്ലാ ഡ്രഗ്‌സ് ഇന്‍സ്‌പെകര്‍ ഡോ. എം.സി നിഷിത്, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ടി.എം അനസ്, ആര്‍. അരുണ്‍ കുമാര്‍, ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍ (ഇന്റലിജന്‍സ് ബ്രാഞ്ച്) വി.കെ ഷിനു, കോഴിക്കോട് ഡ്രഗ്‌സ് ഇന്‍സ്‌പെക്ടര്‍മാരായ ആയ സി.വി നൗഫല്‍, യു. ശാന്തി കൃഷ്ണ, കെ. നീതു, വി.എം ഹഫ്‌സത്ത്, വയനാട് ഇന്‍സ്‌പെക്ടര്‍ യൂനസ് കൊടിയത്ത് എന്നിവരും പങ്കെടുത്തു.