
പൊതുമേഖലാ സര്‍വകലാശാലകളിലെ അക്കാദമിക – ഗവേഷണമേഖലയില്‍ കാര്യങ്ങള്‍ എളുപ്പമാക്കുന്ന തരത്തില്‍ ഈസ് ഓഫ് ഡൂയിങ് നടപ്പാകേണ്ടതുണ്ടെന്ന് കാലിക്കറ്റ് സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഡോ. പി. രവീന്ദ്രന്‍ അഭിപ്രായപ്പെട്ടു. അഫിലിയേറ്റഡ് കോളേജുകളിലെ മികച്ച അധ്യാപകര്‍ക്കായി കാലിക്കറ്റ് സര്‍വകലാശാല ഏര്‍പ്പെടുത്തിയ പ്രൊഫ. എം.എം. ഗനി അവാര്‍ഡ് വിതരണച്ചടങ്ങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാഭ്യാസ കാര്യത്തില്‍ സ്വകാര്യ മേഖലയെ ചെറുക്കുന്നതിന് പകരം പൊതുമേഖലയിലെ വിദ്യാഭ്യാസം എങ്ങനെ കൂടുതല്‍ മികവുള്ളതാക്കാമെന്നും അധ്യാപന – ഗവേഷണ സാധ്യതകള്‍ എങ്ങനെ ഉപയോഗപ്പെടുത്താമെന്നുമാണ് നാം ചിന്തിക്കേണ്ടത്. സ്വകാര്യ സര്‍വകലാശാലകള്‍ അപകടം പിടിച്ചതാണെന്നും ലാഭം മാത്രം ലക്ഷ്യമാക്കി പ്രവര്‍ത്തിക്കുന്നതാണെന്നുമുള്ളത് തെറ്റായ കാഴ്ചപ്പാടാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങുന്നവരില്‍ പലരും ലാഭത്തിനുമപ്പുറത്ത് മഹത്തായ സങ്കല്പങ്ങളും കൂടി ലക്ഷ്യമിട്ടാണ് തുടങ്ങുന്നതെന്നും വി.സി. അഭിപ്രായപ്പെട്ടു.
തൃശ്ശൂര്‍ വിമലാ കോളേജ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ഡോ. ബീനാജോസ്, ചുങ്കത്തറ മാര്‍ത്തോമാ കോളേജിലെ പ്രൊഫസര്‍ ഡോ. എം.ബി. ഗോപാലകൃഷ്ണന്‍ എന്നിവരാണ് അവാര്‍ഡിനര്‍ഹരായത്. കാല്‍ ലക്ഷം രൂപയും ഫലകവും ഉള്‍പ്പെടുന്ന പുരസ്‌കാരം വൈസ് ചാന്‍സലര്‍ സമ്മാനിച്ചു. ഡോ. ഗോപാലകൃഷ്ണന് വേണ്ടി ഭാര്യയും മഞ്ചേരി എന്‍.എസ്.എസ്. കോളേജിലെ ഗണിതശാസ്ത്ര പഠനവകുപ്പ് മേധാവിയുമായ ഡോ. എം.എന്‍. ശ്രീലത ഏറ്റുവാങ്ങി.
ചടങ്ങില്‍ രജിസ്ട്രാര്‍ ഡോ. ഡിനോജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. സിന്‍ഡിക്കേറ്റംഗങ്ങളായ അഡ്വ. എല്‍.ജി. ലിജീഷ്, ഡോ. കാവുമ്പായി ബാലകൃഷ്ണന്‍, ഡോ. പി.പി. പ്രദ്യുമ്‌നന്‍, ഡോ. പി. റഷീദ് അഹമ്മദ്, എ.കെ. അനുരാജ്, പ്ലാനിങ് ഡയറക്ടര്‍ ഡോ. ബി.എസ്. ഹരികുമാരന്‍ തമ്പി, ഡോ. എന്‍.എന്‍. ബിനിത, ജോയിന്റ് രജിസ്ട്രാര്‍ ടി.പി. ദാമോദരന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.