
ജീവിതം ഏറെ ദുസ്സഹമാക്കുന്നതാണ് വായു അറകള്‍ ചുരുങ്ങുകയും ഇന്‍ഫ്‌ലമേഷന്‍ ഉണ്ടാകുകയും ചെയ്യുന്ന അവസ്ഥയായ ആസ്മ. മരുന്നുകള്‍ കഴിക്കുന്നതിലൂടെയും ഇന്‍ഹേലര്‍ ഉപയോഗിക്കുന്നതിലൂടെയും ആസ്മ നിയന്ത്രിക്കാനാകും. ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നതില്‍ ഭക്ഷണത്തിനും പ്രധാന പങ്കുണ്ട്. പലപ്പോഴും ആസ്മ രോഗികള്‍ ശ്രദ്ധിക്കാതെ പോകുന്ന കാര്യമാണിത്. ആസ്മയുടെ ലക്ഷണങ്ങളെ കുറയ്ക്കാനും രോഗപ്രതിരോധസംവിധാനം ശക്തിപ്പെടുത്താനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ചില ഭക്ഷണങ്ങള്‍ സഹായിക്കും. ഏതൊക്കെയാണ് ഈ ഭക്ഷണങ്ങള്‍ എന്നറിയാം.
ഫാറ്റിഫിഷ്
ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ ഈ മത്സ്യങ്ങള്‍ക്ക് ആന്റി ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഉണ്ട്. വായു അറകളുടെ വീക്കം കുറയ്ക്കാന്‍ ഇവ സഹായിക്കും. ആഴ്ചയില്‍ രണ്ടു ദിവസം സാല്‍മണ്‍ പോലുള്ള മത്സ്യങ്ങള്‍ കഴിക്കുന്നതിലൂടെ ആസ്മ നിയന്ത്രിക്കാന്‍ സാധിക്കും.
ഇലക്കറികള്‍
ചീര, കേല്‍ തുടങ്ങിയ ഇലക്കറികളില്‍ ആന്റിഓക്‌സിഡന്റുകള്‍, വൈറ്റമിന്‍ സി, ബീറ്റാകരോട്ടിന്‍ ഇവ ധാരാളമുണ്ട്. ശ്വാസകോശത്തിലെ കല (tissue)കള്‍ക്ക് ക്ഷതമുണ്ടാക്കുന്ന ഇന്‍ഫ്‌ലമേഷന്‍ ഉണ്ടാക്കുന്ന ഫ്രീറാഡിക്കലുകളെ ഇവ പ്രതിരോധിക്കുന്നു.
ബെറിപ്പഴങ്ങള്‍
ബ്ലൂബെറി, സ്‌ട്രോബെറി, റാസ്പ്ബെറി തുടങ്ങിയ ബെറിപ്പഴങ്ങളില്‍ ധാരാളം ഫ്‌ലേവനോയ്ഡുകളും ആന്റിഓക്‌സിഡന്റുകളും ഉണ്ട്. ഇവ ശ്വാസകോശങ്ങളിലെ ഓക്‌സീകരണ സമ്മര്‍ദം കുറച്ച് ശ്വസനാരോഗ്യം മെച്ചപ്പെടുത്തുന്നു.
ബ്രൊക്കോളി
ബ്രൊക്കോളി, കോളിഫ്‌ലവര്‍, ബ്രസല്‍സ് തുടങ്ങിയ ക്രൂസിഫെറസ് പച്ചക്കറികളില്‍ സള്‍ഫൊറാഫേന്‍ എന്ന സംയുക്തം ഉണ്ട്. ഇത് വായു അറകളിലെ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുന്നു.
വൈറ്റമിന്‍ ഡി അടങ്ങിയ ഭക്ഷണങ്ങള്‍
വൈറ്റമിന്‍ ഡി യുടെ അളവ് കുറയുന്നത് ആസ്മയുടെ ലക്ഷണങ്ങള്‍ അധികരിക്കാന്‍ കാരണമാകും. ഫോര്‍ട്ടിഫൈഡ് മില്‍ക്ക്, മുട്ടയുടെ മഞ്ഞ, കൂണ്‍ ഇവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് രോഗപ്രതിരോധശക്തി വര്‍ധിപ്പിക്കും. ശ്വാസകോശത്തിന്റെ വായു അറകളില്‍ ഇന്‍ഫ്‌ലമേഷന്‍ അഥവാ വീക്കം കുറയ്ക്കാന്‍ ഇത് സഹായിക്കും. ശ്വാസകോശത്തിന്റെ പ്രവര്‍ത്തനത്തിന് പ്രധാനമായും വേണ്ട ഒന്നാണ് വൈറ്റമിന്‍ ഡി. ആസ്ത്മയുള്ളവര്‍ ഇത് തീര്‍ച്ചയായും ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം.
മുഴുധാന്യങ്ങള്‍
മുഴുധാന്യങ്ങളായ ഓട്‌സ്, തവിടുകളയാത്ത അരി, പരിപ്പ് വര്‍ഗങ്ങള്‍ ഇവയില്‍ നാരുകള്‍ ധാരാളമുണ്ട്. ഇത് ശരീരത്തിലെ ഇന്‍ഫ്‌ലമേഷന്‍ കുറയ്ക്കുന്നു. ശരീരഭാരം നിയന്ത്രിക്കാനും ഇവ സഹായിക്കും. ശ്വാസകോശത്തിന് ആയാസം കുറയ്ക്കാനും ഇതുമൂലം സാധിക്കും.
ജലാംശം അടങ്ങിയ ഭക്ഷണം
ധാരാളം വെള്ളം കുടിക്കുന്നത് കഫം നേര്‍ത്തതാകാനും ശ്വാസകോശത്തിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും സഹായിക്കുന്നു. വെള്ളം ധാരാളം അടങ്ങിയ കുക്കുമ്പര്‍ അഥവാ സാലഡ് വെള്ളരി, തണ്ണിമത്തന്‍, നാരകഫലങ്ങള്‍ (citrus fruits) ഇവ ശരീരത്തില്‍ ജലാംശം നിലനിര്‍ത്താനും ശ്വസനസംബന്ധമായ ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കും.