
തിരുവനന്തപുരം : സംസ്ഥാനത്തെ രണ്ടായിരത്തോളം സർക്കാർ-എയ്ഡഡ് ഹൈസ്കൂളുകളിൽ നിലവിലുള്ള ലിറ്റിൽ കൈറ്റ്സ് ക്ലബ്ബുകളിൽ അംഗത്വത്തിന് എട്ടാം ക്ലാസുകാർക്ക് ജൂൺ 12വരെ അപേക്ഷിക്കാം. അപേക്ഷകരിൽ നിന്നും നിശ്ചിത എണ്ണം അംഗങ്ങളെ ഓരോ സ്കൂളിലെയും ക്ലബ്ബുകളിൽ തിരഞ്ഞെടുക്കാനുള്ള അഭിരുചി പരീക്ഷ സംസ്ഥാന തലത്തിൽ ജൂൺ 18ന് നടക്കും. സ്കൂളുകളിൽ നിന്ന് ലഭിക്കുന്ന അപേക്ഷഫോറത്തിൽ കുട്ടികൾ പ്രഥമാധ്യാപകർക്കാണ് അപേക്ഷ നൽകേണ്ടത്.
സോഫ്റ്റ്വെയർ അധിഷ്ഠിതമായി നടത്തുന്ന അരമണിക്കൂർ ധൈർഘ്യമുള്ള അഭിരുചി പരീക്ഷയിൽ ലോജിക്കൽ-ഗണിതം, പ്രോഗ്രാമിങ്, 5, 6, 7, ക്ലാസ്സുകളിലെ ഐടി പാഠപുസ്തകം, ഐടി മേഖലയിലെ പൊതുവിജ്ഞാനം, എന്നീ മേഖലകളിൽ നിന്ന് ചോദ്യങ്ങൾ ഉണ്ടാകും. അഭിരുചി പരീക്ഷയ്ക്ക് തയ്യാറാകുന്ന വിദ്യാർത്ഥികൾക്കായി ജൂൺ 12, 13, 14 തീയതികളിൽ രാവിലെയും വൈകിട്ടും 7 മണിക്ക് പ്രത്യേക ക്ലാസുകൾ കൈറ്റ് വിക്ടേഴ്സ് ചാനൽ വഴി സംപ്രേഷണം ചെയ്യും.
അംഗങ്ങളായി തെരഞ്ഞെടുക്കുന്നവർക്ക് റോബോട്ടിക്സ്, അനിമേഷൻ, ഇലക്ട്രോണിക്സ്, മലയാളം കമ്പ്യൂട്ടിങ്, സൈബർ സുരക്ഷ, മൊബൈൽ ആപ്പ് നിർമ്മാണം, പ്രോഗ്രാമിങ്, ഇ-ഗവേണൻസ്, ഹാർഡ് വെയർ തുടങ്ങിയ മേഖലകളിൽ പരിശീലനം നൽകും. പുതിയതായി യൂണിറ്റുകൾക്ക് വിതരണം ചെയ്തിട്ടുള്ള ആർഡിനോ കിറ്റ് പ്രയോജനപ്പെടുത്തിയുള്ള റോബോട്ടിക്സ് പ്രവർത്തനങ്ങളും ബ്ലെൻഡർ സോഫ്റ്റ് വെയർ പ്രയോജനപ്പെടുത്തിയുള്ള ത്രീഡി അനിമേഷൻ തയ്യാറാക്കൽ തുടങ്ങിയവയാണ് ഈ വർഷത്തെ പ്രധാന പ്രവർത്തനങ്ങൾ.
സ്കൂൾ പ്രവർത്തനത്തെ ബാധിക്കാതെയും അവധി ദിവസങ്ങൾ പ്രയോജനപ്പെടുത്തിയുമാണ് പരിശീലനം ക്രമീകരിക്കുന്നത്. ലിറ്റിൽ കൈറ്റ്സ് അംഗങ്ങളിൽ എ ഗ്രേഡ് നേടുന്ന വിദ്യാർത്ഥികൾക്ക് പത്താം ക്ലാസ് പരീക്ഷയിൽ ഗ്രേസ് മാർക്ക് അനുവദിച്ചിട്ടുണ്ട്. കൈറ്റ് നടപ്പാക്കുന്ന ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ ലിറ്റിൽ കൈറ്റ്സ് ഐടി ക്ലബ്ബിൽ ഇതുവരെ 4.9 ലക്ഷം കുട്ടികൾ അംഗങ്ങളായിട്ടുണ്ട്.
രക്ഷകർത്താക്കൾക്കുള്ള സൈബർ സുരക്ഷാ പരിശീലനം, ഡിജിറ്റൽ മാപ്പിംഗ്, കൈറ്റ് വിക്ടേഴ്സിൽ സ്കൂൾ വാർത്തകൾ, പൊതുജനങ്ങൾക്ക് സ്വതന്ത്ര സോഫ്റ്റ്വെയർ ഇൻസ്റ്റാൾ ചെയ്തു നൽകൽ, സ്കൂൾ ടിവി തുടങ്ങി നിരവധി പ്രവർത്തനങ്ങൾ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകൾ നടത്തിവരുന്നുണ്ട്. വിശദംശങ്ങൾ www.kite.kerala.gov.in-ൽ ലഭിക്കും.