Tuesday, July 29

ഹൃദയാഘാതമുണ്ടായി മരണത്തോടുമല്ലിട്ട വയോധികനായ സുരക്ഷാ ജീവനക്കാരന് കരുതലായത് പോലീസ് ഉദ്യോഗസ്ഥര്‍

കൊല്ലം ; മരണത്തോടുമല്ലിട്ട് ജീവന്‍ നിലനിര്‍ത്താനുള്ള അവസാനശ്വാസത്തിനുവേണ്ടി പിടഞ്ഞ വയോധികനായ സുരക്ഷാ ജീവനക്കാരനു കരുതലായത് നൈറ്റ് പട്രോളിങ് നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍. ഹൃദയാഘാതമുണ്ടായി അബോധാവസ്ഥയില്‍ നിലത്തുകിടന്ന മയ്യനാട് സ്വദേശിയെയാണ് കൊല്ലം സിറ്റി പള്ളിത്തോട്ടം പോലീസ് സ്റ്റേഷനിലെ പട്രോളിങ് ഡ്യൂട്ടിയിലുണ്ടായിരുന്ന എ.എസ്.ഐ. രാജേഷ്‌കുമാറും സി.പി.ഒ. ദീപക്കും ചേര്‍ന്ന് ജീവിതത്തിലേയ്ക്ക് കൈപിടിച്ചുയര്‍ത്തിയത്.

ഞായറാഴ്ച പുലര്‍ച്ചെ ഒരുമണിയോടെ പള്ളിത്തോട്ടം സ്റ്റേഷന്‍ പരിധിയിലെ കൊല്ലം ഡി-ഫോര്‍ട്ട് ഹോട്ടലിന്റെ ഉടമസ്ഥതയിലുള്ള കടല്‍ ഫിനാന്‍സ് എന്ന സ്ഥാപനത്തിനു മുന്നിലെ ബീറ്റ് ബുക്കില്‍ ഒപ്പിടാനെത്തിയതാണ് പോലീസ് ഉദ്യോഗസ്ഥര്‍. സുരക്ഷാ ജീവനക്കാരനെ കാണാഞ്ഞതിനാല്‍ അവര്‍ പരിസരത്തു നടത്തിയ പരിശോധനയിലാണ് തറയില്‍ മഴയത്തു കമിഴ്ന്നു കിടക്കുന്നനിലയില്‍ അദ്ദേഹത്തെ കണ്ടത്.

ഉടന്‍തന്നെ കൊല്ലം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ച് ആംബുലന്‍സ് വിളിച്ചുവരുത്തി ജില്ലാ ആശുപത്രിയിലെത്തിച്ചു. പ്രാഥമികമായി നല്‍കേണ്ട അടിയന്തര, ചികിത്സകള്‍ക്കുശേഷം വിദഗ്ധചികിത്സയ്ക്കായി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടനില തരണംചെയ്ത അദ്ദേഹം ഇപ്പോള്‍ അവിടെ ചികിത്സയിലാണ്.

error: Content is protected !!