
ജില്ലയില്‍ 122 സ്ഥലങ്ങളിലായി കെ.എസ്.ഇ.ബി.യുടെ ഉടമസ്ഥതയില്‍ സ്ഥാപിതമാകുന്ന വിപുലമായ ചാര്‍ജിങ് ശൃംഖലയുടെ ജില്ലാതല ഉദ്ഘാടനം ഓണ്‍ലൈനിലൂടെ നവംബര്‍ നാലിന് രാവിലെ 10.30ന് സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി നിര്‍വഹിക്കും. ജില്ലയില്‍ ഓട്ടോറിക്ഷകള്‍ക്കും ഇരുചക്ര വാഹനങ്ങള്‍ക്കും ചാര്‍ജ് ചെയ്യാനുള്ള 119 പോള്‍ മൗണ്ടഡ് ചാര്‍ജിങ് സെന്ററുകളാണ് സ്ഥാപിതമാകുന്നത്. ഇതോടൊപ്പം നാലു ചക്ര വാഹനങ്ങള്‍ക്ക് ചാര്‍ജ് ചെയ്യുന്നതിനായി പൊന്നാനി, തിരൂര്‍, മലപ്പുറം എന്നീ സ്ഥലങ്ങളില്‍ നിര്‍മാണം പൂര്‍ത്തിയായ മൂന്ന് ഫാസ്റ്റ് ചാര്‍ജിങ് സ്റ്റേഷനുകളും പ്രവര്‍ത്തനസജ്ജമാകും. മലപ്പുറം മുണ്ടുപറമ്പ് 110 കെ.വി സബ്‌സറ്റേഷന്‍ പരിസരത്ത് നടക്കുന്ന ചടങ്ങില്‍ ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജു, ഫിഷറീസ്, കായിക വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ തുടങ്ങിയവര്‍ മുഖ്യാതിഥികളാകും. പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷനാകും. എം.പിമാരായ എം.പി അബ്ദുസമദ് സമദാനി, ഇ.ടി മുഹമ്മദ് ബഷീര്‍, രാഹുല്‍ ഗാന്ധി, പി.വി അബ്ദുള്‍ വഹാബ് തുടങ്ങിയവരും ജില്ലയിലെ എം.എല്‍.എമാരും പങ്കെടുക്കും.
കേരളമൊട്ടാകെ ഓട്ടോ, ടൂവീലറുകള്‍ക്കായി 1165 ചാര്‍ജിങ് സെന്ററുകളുടെ വിപുലമായ ശൃംഖല സ്ഥാപിക്കുകയാണ് കെഎസ്ഇബി ലക്ഷ്യമിടുന്നത്. വൈദ്യുതി തൂണില്‍ വൈദ്യുതി അളക്കുന്നതിനുള്ള എനര്‍ജി മീറ്ററും വാഹനം ചാര്‍ജ് ചെയ്യുമ്പോള്‍ അളക്കുന്നതിനുള്ള സംവിധാനവും ഘടിപ്പിച്ചിരിക്കും. മൊബൈല്‍ ആപ്ലിക്കേഷന്‍വഴി പണം അടച്ച് ടൂവിലറുകള്‍ക്കും ഓട്ടോറിക്ഷകള്‍ക്കും ഇവിടെനിന്ന് ചാര്‍ജ് ചെയ്യാന്‍ കഴിയും. പരിസ്ഥിതി മലിനീകരണം ലഘൂകരിക്കുക, ഊര്‍ജ സുരക്ഷ ഉറപ്പാക്കുക, പെട്രോള്‍ വില വര്‍ധനവ് മൂലമുള്ള പ്രയാസം ഗണ്യമായി കുറയ്ക്കുക തുടങ്ങിയ സുപ്രധാന ലക്ഷ്യങ്ങള്‍ മുന്നില്‍ കണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ ഇ-വെഹിക്കിള്‍ പോളിസി പ്രഖ്യാപിച്ചിരിക്കുന്നത്. വൈദ്യുതി വാഹനങ്ങളുടെ ഉപയോഗത്തിനും വിപണിയുടെ ഉണര്‍വിനും മതിയായ ചാര്‍ജിങ് സ്റ്റേഷന്‍ ശൃംഖല അനിവാര്യമായതിനാല്‍ നോഡല്‍ ഏജന്‍സി എന്ന നിലയില്‍ സംസ്ഥാനത്തുടനീളം മതിയായ തോതില്‍ ചാര്‍ജിങ് സ്റ്റേഷന്‍ ശൃംഖല സ്ഥാപിക്കുന്നതിനായി കെ.എസ്.ഇ.ബി.എല്‍ നടപടി സ്വീകരിച്ചുവരുന്നു. ആദ്യ ഘട്ടമായി ഫോര്‍ വീലറുകള്‍ക്കുള്ള എട്ട് ചാര്‍ജിങ് സ്റ്റേഷനുകള്‍ 2020ല്‍ പൂര്‍ത്തിയാക്കിയിരുന്നു. രണ്ടാം ഘട്ടത്തില്‍ 34 ചാര്‍ജിങ് സ്റ്റേഷനുകള്‍ തിരുവനന്തപുരം, കോട്ടയം, എറണാകുളം തൃശ്ശൂര്‍, പാലക്കാട്, കണ്ണൂര്‍, വയനാട്, പത്തനംതിട്ട ജില്ലകളില്‍ പൂര്‍ത്തീകരിക്കുകയും ജനങ്ങള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തു. ഈ ഘട്ടത്തില്‍ എല്ലാ ജില്ലകളിലുമായി 56 ചാര്‍ജിങ് സ്റ്റേഷനുകളാണുള്ളത്. ഇതില്‍ മൂന്നെണ്ണം മലപ്പുറം ജില്ലയിലാണ് സ്ഥാപിച്ചിട്ടുള്ളത്.