മുഖ്യപ്രതിയെ തിരിച്ചറിഞ്ഞു
വിമാനത്താവളത്തിൽ നിന്ന് മടങ്ങവെ അജ്ഞാത സംഘത്തിന്റെ മർദനമേറ്റ് പ്രവാസിയായ അബ്ദുൽ ജലീൽ കൊല്ലപ്പെട്ട സംഭവത്തിൽ മുഖ്യപ്രതി പെരിന്തൽമണ്ണ കാര്യവട്ടം സ്വദേശി യഹിയയെന്ന് പാെലീസ്. അബ്ദുൽ ജലീലിനെ ആശുപത്രിയിലെത്തിച്ചത് ഇയാളായിരുന്നു. തുടർന്ന് ഇയാൾ മുങ്ങി. ഒളിവിലുള്ള ഇയാൾക്കായി അന്വേഷം തുടരുകയാണ്. സംഭവത്തിൽ മറ്റു മൂന്ന് പേർ പൊലീസ് കസ്റ്റഡിയിലുണ്ടെന്നാണ് സൂചന.
ജിദ്ദയിൽ നിന്നെത്തിയ അഗളി സ്വദേശി അബ്ദുൽ ജലീൽ (42) ആണ് മർദനമേറ്റ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്. വിമാനത്താവളത്തിൽ നിന്ന് മടങ്ങവെ ഒരു സംഘം ഇയാളെ തട്ടിക്കൊണ്ടു പോയി ആക്രമിക്കുകയായിരുന്നു. ആക്രമണത്തിന് പിന്നിൽ സ്വർണക്കടത്ത് സംഘമാണെന്നാണ് പൊലീസിന്റെ സംശയം.
മർദിച്ച സംഘത്തിലുണ്ടായിരുന്ന യഹിയയും മറ്റ് രണ്ടു പേരും ചേർന്നാണ് അബ്ദുൽ ജലീലിനെ പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചത്. അബ്ദുൽ ജലീലിന്റെ ഭാര്യയെ വിളിച്ച് വിവരമറിയിച്ച ശേഷം ഇയാൾ ആശുപത്രിയിൽ നിന്ന് പോയി. തുടർന്ന് ആശുപത്രി അധികൃതരാണ് പൊലീസിനെ വിവരമറിയിച്ചത്.
ജലീലിന്റെ ദേഹത്ത് മുഴുവൻ മുറിവുകൾ ഉണ്ടായിരുന്നു. മൂർച്ചയുള്ള ആയുധം കൊണ്ട് വരഞ്ഞ രീതിയിലായിരുന്നു മുറിവുകൾ. തലയ്ക്കേറ്റ പരിക്കും ഗുരുതരമായിരുന്നു. കിഡ്നികളും പ്രവർത്തനരഹിതമായിരുന്നു. മഞ്ചേരി മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം നടപടികൾ പൂർത്തിയാക്കി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും.
കഴിഞ്ഞ 15ന് ജിദ്ദയിൽ നിന്ന് എത്തുമെന്നാണ് അബ്ദുൽ ജലീൽ വീട്ടുകാരോട് പറഞ്ഞിരുന്നത്. സ്വീകരിക്കാൻ വീട്ടുകാർ നെടുമ്പാശേരിയിലേക്ക് പോവാനിരുന്നപ്പോൾ അബ്ദുൽ ജലീൽ സ്വീകരിക്കാൻ വരേണ്ടെന്നും തനിയെ എത്തിക്കോളാമെന്നും പറഞ്ഞു. എന്നാൽ മൂന്ന് ദിവസം കഴിഞ്ഞിട്ടും ഇദ്ദേഹം വീട്ടിലെത്തിയില്ല. ഫോണിൽ വിളിച്ചിട്ടും കിട്ടിയില്ല.
ഇതോടെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. പിന്നാലെ അബ്ദുൽ ജലീൽ കുടുംബത്തെ ഫോണിൽ വിളിക്കുകയും പരാതി പിൻവലിക്കണമെന്നും താൻ വീട്ടിലേക്ക് വരികയാണെന്നും പറഞ്ഞു. വീട്ടുകാർ ഇന്ന് പരാതി പിൻവലിക്കാനിരിക്കെയാണ് അബ്ദുൽ ജലീൽ ആശുപത്രിയിലാണെന്ന് യഹിയ ഫോണിൽ വിളിച്ച് പറയുന്നത്.