തേഞ്ഞിപ്പലം: ബിഎസ്എൻഎൽ കസ്റ്റമർ കെയർ സെന്ററിൽ നിന്നെന്ന വ്യാജേന വിളിച്ച് മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യിച്ച് റിട്ടയേഡ് പ്രഫസറുടെ എസ്‌ബിഐ അക്കൗണ്ടിൽനിന്ന് 80,496 രൂപ തട്ടിയെടുത്തെന്നു കേസ്. കാലിക്കറ്റ് യൂണിവേഴ്സിറ്റിയിൽനിന്നു വിരമിച്ച അധ്യാപകനാണ് പണം നഷ്ടപ്പെട്ടത്. നെറ്റ്‌വർക് തകരാറിനെത്തുടർന്ന് ബിഎസ്എൻഎൽ കസ്റ്റമർ കെയറിൽ വിളിച്ച് പ്രശ്നം പരിഹരിച്ച് മണിക്കൂറുകൾക്കകം ബിഎസ്എൻഎലിൽ നിന്നെന്നു പറഞ്ഞ് ഒരാൾ വിളിക്കുകയായിരുന്നു.
ബിഎസ്എൻഎൽ സേവനം തൃപ്തികരമല്ലേയെന്നും മറ്റു പ്രശ്നങ്ങളൊന്നും ഇല്ലല്ലോയെന്നും ചോദിച്ചാണ് സംഭാഷണം തുടങ്ങിയത്. ‘എനി ഡെസ്ക്’ ആപ് ഡൗൺലോഡ് ചെയ്യാനും നിർദേശിച്ചു. അങ്ങനെ ചെയ്തതിൽ പിന്നെ 4 ഘട്ടങ്ങളിലായി മൊബൈൽ ഫോൺ സ്ക്രീനിൽ ഓപ്‍ഷനുകൾ തെളിഞ്ഞു. അത് വായിച്ച് തുടങ്ങുമ്പോഴേക്കും അടുത്ത ഓപ്ഷൻ തെളിയുകയായിരുന്നു.
ഒട്ടും സാവകാശം ഇല്ലാതെയാണ് 4 തവണയും ഓപ്ഷൻ വന്നത്. തുടർന്ന് ഫോണിലെ എസ്എംഎസ് പരിശോധിച്ചപ്പോഴാണ് 4 ഘട്ടങ്ങളിലായി പണം നഷ്ടപ്പെട്ടത് ബോധ്യമായത്. ആദ്യ രണ്ടു തവണ 9,500 രൂപ വീതവും മൂന്നാം തവണ 20,600 രൂപയും ഒടുവിൽ 40,896 രൂപയും നഷ്ടപ്പെട്ടു. ബാങ്ക് അധികൃതർക്കും സൈബർ സെല്ലിലും പരാതി നൽകി. ബാങ്കിൽ നിന്നെന്ന വ്യാജേന വിളിച്ച് നിരവധി പേരെ കബളിപ്പിച്ച് തട്ടുന്ന സംഘം തന്നെയാണോ ഇതും എന്ന് പൊലീസിന് സംശയമുണ്ട്.