20 രൂപ നോട്ടിനോടുള്ള ഇഷ്ടം ഒമ്പതു വയസുകാരിയെ ലക്ഷപ്രഭുവാക്കി

മലപ്പുറം : 20 രൂപ നോട്ടിനോടുള്ള ഇഷ്ടം കൊണ്ട് ഒമ്പതി വയസുകാരി ലക്ഷപ്രഭു. മലപ്പുറം കരുവാരകുണ്ട് സ്വദേശിനി ഫാത്തിമ നഷ്‌വ (9) സ്വരുക്കൂട്ടിയത് ഒരു ലക്ഷത്തിലേറെ രൂപയാണ്. മുണ്ടക്കോട് ജിഎംഎല്‍പി സ്‌കൂള്‍ നാലാം ക്ലാസ് വിദ്യാര്‍ഥിനിയായ നഷ്‌വ 20 രൂപയുടെ 5150 നോട്ടുകളാണു (103000 രൂപ) കഴിഞ്ഞ ദിവസം മേശവലിപ്പില്‍ നിന്ന് എണ്ണിയെടുത്തത്.

ഓട്ടോ ഡ്രൈവറായ പിതാവു ഇബ്രാഹിമാണ് നഷ്‌വക്കു ഈ കമ്പത്തിനു കൂട്ട്. തെക്കുംപുറം ഏറിയാട്ടുകുഴിയില്‍ ഇബ്രാഹിമിന്റെയും സൈനബയുടെയും മകളാണു ഫാത്തിമ നഷ്‌വ. ഇബ്രാഹിം ജോലി കഴിഞ്ഞു വീട്ടിലെത്തിയാലുടന്‍ മകള്‍ ഓടിച്ചെന്നു പഴ്‌സസ് പരിശോധിക്കും. അതിലുള്ള പുതിയ 20 രൂപ നോട്ടുകളെല്ലാം എടുത്തു തന്റെ മേശവലിപ്പില്‍ സൂക്ഷിച്ചു വയ്ക്കും. ഇങ്ങനെ 50 നോട്ടുകള്‍ തികയുമ്പോള്‍ ഒരു കെട്ടാക്കും

മകളുടെ ഈ താല്‍പര്യം അറിയാവുന്ന ഇബ്രാഹിം കിട്ടുന്ന 20 രൂപ നോട്ടുകള്‍ അവള്‍ക്കുവേണ്ടി പഴ്‌സില്‍ കരുതി വെക്കാറുണ്ട്. 2 വര്‍ഷം കൊണ്ടു താന്‍ സ്വരൂപിച്ച തുക എണ്ണിനോക്കാന്‍ ആവശ്യപ്പെട്ടു കുറച്ചു ദിവസം മുന്‍പാണ് ഫാത്തിമ നഷ്‌വ മാതാപിതാക്കളെ സമീപിച്ചു. തുക കണ്ട് അവരും ആശ്ചര്യപ്പെട്ടു. എണ്ണി നോക്കിയപ്പോള്‍ ആശ്ചര്യം ഇരട്ടിച്ചു. ഇത്രയും തുക സമ്പാദിച്ച മകള്‍ക്കു നല്ലൊരു സമ്മാനം വാങ്ങിനല്‍കാനാണ് ഇബ്രാഹിമിന്റെ തീരുമാനം. ബാക്കി തുക തങ്ങളുടെ വീടുപണിക്കായി വാങ്ങിയ കടം വീട്ടാന്‍ ഉപയോഗിക്കാമെന്നാണ് ഇബ്രാഹിം ആലോചിക്കുന്നത്.

error: Content is protected !!