ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് ; മുന്‍ എംഎല്‍എ എംസി കമറുദീനും പൂക്കോയ തങ്ങളും അറസ്റ്റില്‍

കോഴിക്കോട് : കാസര്‍കോട് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പുകേസില്‍ കള്ളപ്പണ നിരോധന നിയമപ്രകാരം ഫാഷന്‍ ഗോള്‍ഡ് ചെയര്‍മാനും മുസ്‌ലിം ലീഗ് നേതാവും മഞ്ചേശ്വരം മുന്‍ എംഎല്‍എയുമായ എം.സി.കമറുദ്ദീന്‍, മാനേജിങ് ഡയറക്ടര്‍ ടി.കെ.പൂക്കോയ തങ്ങള്‍ എന്നിവരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. കഴിഞ്ഞ തിങ്കളാഴ്ചയാണ് ഇരുവരെയും കോഴിക്കോട് നിന്നുള്ള ഇഡി സംഘം കസ്റ്റഡിയില്‍ എടുത്തത്. അറസ്റ്റ് രേഖപ്പെടുത്തി കോഴിക്കോട്ടെ സ്‌പെഷല്‍ കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ട് ദിവസത്തേക്ക് ഇഡി കസ്റ്റഡിയില്‍ വിടുകയായിരുന്നു. നിലവില്‍ ഇരുവരെയും ഇഡി ചോദ്യം ചെയ്ത് വരികയാണ്.

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ കേരള പൊലീസ് രജിസ്റ്റര്‍ ചെയ്ത 168 കേസുകളുടെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. പൊതുജനങ്ങളില്‍നിന്നു നിക്ഷേപം സ്വീകരിക്കാന്‍ ഫാഷന്‍ ഗോള്‍ഡിന് അധികാരമില്ലെന്ന് ഇ ഡി കണ്ടെത്തിയിരുന്നു. പ്രതികള്‍ ഓഹരിയായും വായ്പയായും സ്വീകരിച്ച പണമെടുത്ത് സ്വന്തം പേരില്‍ സ്വത്തുക്കള്‍ വാങ്ങുകയും പിന്നീട് അവ വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ ചെയ്തെന്നും ഇ ഡി കണ്ടെത്തി. കേസില്‍ കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശിയായ എംസി കമറുദ്ദീന്‍ 93 ദിവസം ജയിലില്‍ കഴിഞ്ഞിരുന്നു.

എം.സി.കമറുദ്ദീന്‍, ടി.കെ.പൂക്കോയ തങ്ങള്‍ തുടങ്ങിയവരുടെ ഉടമസ്ഥതയിലുള്ള 19.62 കോടി രൂപയുടെ സ്വത്ത് ഇ.ഡി കണ്ടുകെട്ടിയിട്ടുണ്ട്. 20 കോടിയോളം രൂപയുടെ തട്ടിപ്പ് നടന്നതായാണ് ഇ.ഡിയുടെ കണ്ടെത്തല്‍. വന്‍ലാഭം വാഗ്ദാനംചെയ്തു നിക്ഷേപം സ്വീകരിച്ച് തട്ടിപ്പു നടത്തിയെന്നാണ് കേസ്.

കേസില്‍ നേരത്തേ ഇരുവരെയും ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തിരുന്നു. പൂക്കോയ തങ്ങളുടെ മകന്‍, കേസില്‍ പ്രതിയായ ഹിഷാം വിദേശത്തേക്ക് കടന്നതിനാല്‍ പിടികൂടാനായിട്ടില്ല. 2020 ആഗസ്റ്റ് 27നാണ് ഇതുസംബന്ധിച്ച് ആദ്യകേസ് ചന്തേര പൊലീസ് രജിസ്റ്റര്‍ ചെയ്തത്. സാമ്പത്തിക ഇടപാടുകള്‍, വിദേശനിക്ഷേപം, ആസ്തി വിവരങ്ങള്‍ എന്നിവ സംബന്ധിച്ചാണ് ഇപ്പോഴത്തെ ചോദ്യം ചെയ്യലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇഡിയുടെ കോഴിക്കോട് കല്ലായിലെ ഓഫിസില്‍ വച്ചാണ് ചോദ്യം ചെയ്യല്‍.

error: Content is protected !!