രണ്ട് വിദ്യാലങ്ങളിലായി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചു ; അധ്യാപകന് 29 വര്‍ഷം കഠിനതടവും പിഴയും

പെരിന്തല്‍മണ്ണ : രണ്ട് സ്‌കൂളുകളിലായി 7 വിദ്യാര്‍ത്ഥികള്‍ക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്ന കേസുകളില്‍ അധ്യാപകന് 29 വര്‍ഷം കഠിനതടവും രണ്ടര ലക്ഷം രൂപ പിഴയും. എറണാകുളം നടമുറി മഞ്ഞപ്രയിലെ പാലട്ടി വീട്ടില്‍ ബെന്നി പോളിനെ (50) ആണ് പെരിന്തല്‍മണ്ണ പോക്സോ കോടതി ശിക്ഷിച്ചത്. ജോലി ചെയ്ത വിദ്യാലയത്തിലും പരീക്ഷാ നടത്തിപ്പിന് എത്തിയ സ്‌കൂളിലുമായി വിദ്യാര്‍ഥിനികളെ പീഡിപ്പിച്ചെന്ന കേസിലാണ് ശിക്ഷ.

2017ല്‍ പെരിന്തല്‍മണ്ണ പൊലീസ് റജിസ്റ്റര്‍ ചെയ്ത 2 കേസുകളില്‍ പെരിന്തല്‍മണ്ണ ഫാസ്റ്റ് ട്രാക്ക് സ്പെഷല്‍ കോടതി ജഡ്ജി കെ.പി.അനില്‍കുമാര്‍ ആണ് ശിക്ഷ വിധിച്ചത്. ഒരു കേസില്‍ വിവിധ വകുപ്പുകളിലായി യഥാക്രമം 5, 2 ,6 വര്‍ഷങ്ങളിലായി ആകെ 13 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി മുപ്പതിനായിരം രൂപ പിഴയുമാണ് ശിക്ഷ. പിഴ അടച്ചില്ലെങ്കില്‍ ഒന്ന്, രണ്ട് , മൂന്ന് വര്‍ഷം എന്നിങ്ങനെ വെറും തടവ് അനുഭവിക്കണം. മറ്റൊരു കേസില്‍ 16 വര്‍ഷം കഠിനതടവും ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ പിഴയും ആണ് വിധിച്ചത്. പിഴ അടയ്ക്കുന്ന പക്ഷം പെണ്‍കുട്ടികള്‍ക്ക് നല്‍കും.

പ്രായപൂര്‍ത്തി ആകാത്ത കുട്ടികളെ മനഃപൂര്‍വം ലൈംഗിക അതിക്രമത്തിന് ഇരയാക്കിക്കണമെന്ന ഉദ്ദേശത്തോടെ ക്ലാസ്സ് മുറിയില്‍ വെച്ചു ക്ലാസ്സ് എടുക്കുന്ന സമയം പലദിവസങ്ങളിലായി ശരീരത്തില്‍ പിടിച്ചും ഉരസിയും അതിക്രമത്തിന് ഇരയാക്കിയെന്ന പരാതികളിലാണ് പോലീസ് കേസ് എടുത്തത്.

പെരിന്തല്‍മണ്ണ സിഐ ആയിരുന്ന സാജു കെ.ഏബ്രഹാം, ടി.എസ്.ബിനു എന്നിവരാണ് കേസന്വേഷിച്ചത്. പ്രോസിക്യൂഷനു വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി.പരമേശ്വരത്ത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലേക്ക് മാറ്റും.

error: Content is protected !!