തേഞ്ഞിപ്പലത്ത് വ്യവസായ കേന്ദ്രത്തിന്റെ 2 കെട്ടിട സമുച്ചയത്തിന് തീപിടിച്ച സംഭവം, പഞ്ചായത്ത് യോഗത്തിന് ശേഷം പ്രസിഡന്റും അസി. സെക്രട്ടറിയും തമ്മില്‍ കയ്യാങ്കളി ; അസി. സെക്രട്ടറിക്ക് സസ്‌പെന്‍ഷന്‍

തേഞ്ഞിപ്പലം : തേഞ്ഞിപ്പലം പഞ്ചായത്തിലെ വ്യവസായ കേന്ദ്രത്തിന്റെ 2 കെട്ടിട സമുച്ചയത്തിന് തീപിടിച്ച സംഭവത്തില്‍ പഞ്ചായത്ത് പ്രസിഡന്റും അസി. സെക്രട്ടറിയും തമ്മില്‍ കയ്യാങ്കളി. അസി. സെക്രട്ടറി വി.എന്‍. അഷ്‌റഫിന് സസ്‌പെന്‍ഷന്‍. വ്യവസായ കേന്ദ്രത്തിന്റെ 2 കെട്ടിട സമുച്ചയങ്ങള്‍ ഞായര്‍ പുലര്‍ച്ചെ കത്തി നശിച്ചതിനു പിന്നിലെ നിഗൂഡത തുടരവെയാണ് അവിടുത്തെ അജൈവ മാലിന്യ സംഭരണ കേന്ദ്രത്തിന്റെ നിര്‍വഹണ ഉദ്യോഗസ്ഥനായ പഞ്ചായത്ത് അസി. സെക്രട്ടറി വി.എന്‍. അഷ്‌റഫിനെ സസ്‌പെന്റ് ചെയ്തിരിക്കുന്നത്.

അജൈവ മാലിന്യം ഏറ്റെടുക്കാന്‍ പഞ്ചായത്തുമായി ഉടമ്പടിയുള്ള ഗ്രീന്‍ വേംസ് ഇക്കോ സൊലൂഷന്‍സ് സ്ഥാപന ഭാരവാഹികള്‍ക്ക് നല്‍കാനുള്ള 5.88 ലക്ഷം രൂപ കുടിശികയാക്കിയതിനാലാണ് 15 ടണ്‍ പ്ലാസ്റ്റിക് മാലിന്യം കുമിഞ്ഞ് കിടക്കാന്‍ ഇടയാക്കിയെന്നും അത് ഞായര്‍ പുലര്‍ച്ചെ കത്തി നശിച്ചത് ഗുരുതര വിഷയമാണെന്നും കണ്ടാണ് പഞ്ചായത്ത് ഭരണ സമിതി അസി. സെക്രട്ടറിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. സെക്രട്ടറി കെ.പി.എം. നവാസിന്റെ ഭാഗത്തുനിന്ന് എന്തെങ്കിലും വീഴ്ച ഉണ്ടോയെന്ന് പരിശോധിക്കാനും ഭരണസമിതി തീരുമാനിച്ചു.

ഭരണ സമിതി യോഗത്തിന് ശേഷം പുറത്തിറങ്ങിയപ്പോള്‍ ആയിരുന്നു അസി. സെക്രട്ടറിയും പ്രസിഡന്റും തമ്മില്‍ വാക്കേറ്റമുണ്ടായത്. തുടര്‍ന്ന് വാക്കേറ്റം കയ്യാങ്കളിയില്‍ എത്തുകയായിരുന്നു. പ്രസിഡന്റ് ടി. വിജിത്തിനും സ്വതന്ത്ര അംഗം പി.വി. ജാഫര്‍ സിദ്ദീഖിനും പരുക്കേറ്റു. ഇരുവരും തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. പ്രസിഡന്റിന് മുഖത്തും ജാഫര്‍ സിദ്ദീഖിന് കഴുത്തിലും പരുക്കുണ്ട്. അസി. സെക്രട്ടറിക്കും അടിയേറ്റതായി പറയുന്നു. അസി. സെക്രട്ടറി തന്നെ ജാതിപ്പേര് വിളിച്ച് അപമാനിച്ചെന്നും ചോദ്യം ചെയ്തപ്പോള്‍ മര്‍ദിച്ചെന്നും കാണിച്ച് പ്രസിഡന്റ് വിജിത്ത് തേഞ്ഞിപ്പലം പൊലീസില്‍ പരാതി നല്‍കി

അതേസമയം വ്യവസായ കേന്ദ്രം കെട്ടിടങ്ങളും അജൈവ മാലിന്യവും തീ പിടിച്ചതുമായി ബന്ധപ്പെട്ട അജന്‍ഡയോടെ ഇന്നലെ പ്രത്യേക യോഗം ചേരുകയായിരുന്നു. അസി. സെക്രട്ടറിയോട് എന്തെങ്കിലും പറയാനുണ്ടോയെന്ന് പ്രസിഡന്റ് ചോദിച്ചെങ്കിലും അജന്‍ഡയില്‍ ഇല്ലാത്ത നടപടി ആയതിനാല്‍ പ്രതികരിക്കാന്‍ ഇല്ലെന്നായിരുന്നു അപ്പോള്‍ നിലപാട്. പുറത്തിറങ്ങിയപ്പോള്‍ പ്രസിഡന്റ് വീണ്ടും വിഷയം എടുത്തിട്ടപ്പോഴും അസി. സെക്രട്ടറി പഴയ നിലപാട് ആവര്‍ത്തിച്ചു. ഇതിനിടെ ആയിരുന്നു കയ്യാങ്കളി. ചില അംഗങ്ങള്‍ ഇതിനിടെ രംഗം ശാന്തമാക്കാന്‍ ശ്രമിച്ചതാണ് കൂട്ടത്തല്ലില്‍ കലാശിച്ചതെന്നും പറയുന്നു.

error: Content is protected !!