തിരുവനന്തപുരം : പി.വി അന്‍വര്‍ എംഎല്‍എയുമായുള്ള ഫോണ്‍ സംഭാഷണ വിവാദത്തില്‍ പത്തനംതിട്ട എസ്പി എസ്.സുജിത് ദാസിന് സസ്‌പെന്‍ഷന്‍. സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് നല്‍കിയ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടി. ഉത്തരവ് ഉടന്‍ പുറത്തിറങ്ങും. സര്‍വീസ് ചട്ടം ലംഘിച്ചതായാണ് അന്വേഷണ റിപ്പോര്‍ട്ട്. സേനയ്ക്ക് നാണക്കേടെന്ന ഡിഐജി അജിതാ ബീഗത്തിന്റെ റിപ്പോര്‍ട്ട് ഡിജിപി സര്‍ക്കാരിന് കൈമാറി. വിവാദത്തിനു പിന്നാലെ സുജിത് ദാസ് അവധിയില്‍ പ്രവേശിച്ചിരുന്നു.
പി.വി.അന്‍വര്‍ എംഎല്‍എയുമായി കഴിഞ്ഞ ശനിയാഴ്ച എസ്പി നടത്തിയ സംഭാഷണമാണു പുറത്തായത്. മലപ്പുറം എസ്പിയായിരിക്കെ ഔദ്യോഗിക വസതിയില്‍നിന്നു മരം മുറിച്ചുകടത്തിയെന്ന ആരോപണം സുജിത് ദാസിനെതിരെയുണ്ട്. ഇതുമായി ബന്ധപ്പെട്ടു നിലവിലെ മലപ്പുറം എസ്പിക്കു പി.വി.അന്‍വര്‍ എംഎല്‍എ നല്‍കിയ പരാതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ടാണ് അന്‍വറിനെ സുജിത് ദാസ് ഫോണില്‍ ബന്ധപ്പെട്ടത്. ഇന്നലെ പി.വി.അന്‍വര്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലും സുജിത് ദാസിനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. കരിപ്പൂര്‍ വിമാനത്താവളം വഴി കടത്തിയ കള്ളക്കടത്ത് സ്വര്‍ണം മലപ്പുറം എസ്പിയായിരിക്കെ എസ്.സുജിത് ദാസ് അടിച്ചുമാറ്റിയെന്നാണ് ആരോപണം.
അതേസമയം, ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത്കുമാറിനെതിരെയും മാറ്റുമെന്നാണ് വിവരം. ക്രമസമാധാന ചുമതലയില്‍ നിന്നും അദ്ദേഹത്തെ മാറ്റി അന്വേഷണം നടത്താനാണ് തീരുമാനം. പകരം മനോജ് എബ്രഹാമും എച്ച് വെങ്കിടേഷും പരിഗണനയിലുണ്ട്. ബല്‍റാം കുമാര്‍ ഉപാധ്യയുടെ സാധ്യതയും ആഭ്യന്തര വകുപ്പ് പരിശോധിക്കുന്നു