Sunday, December 21

സംസ്ഥാനത്ത് രണ്ടിടങ്ങളില്‍ മത്സ്യബന്ധത്തിന് പോയ വള്ളങ്ങള്‍ മറിഞ്ഞു

തിരുവനന്തപുരം: കഠിനംകുളത്തും തുമ്പയിലും ശക്തമായ തിരമാലയില്‍ പെട്ട് വള്ളങ്ങള്‍ മറിഞ്ഞു. മത്സ്യബന്ധത്തിന് പോയ 12 തൊഴിലാളികളാണ് രണ്ട് അപകടങ്ങളിലുമായി പെട്ടത്. ഇവരില്‍ 11 പേര്‍ നീന്തിക്കയറി. ഒരാളെ കാണാതായിട്ടുണ്ട്. ഇയാള്‍ക്കായി തിരച്ചില്‍ തുടങ്ങിയിട്ടുണ്ടെന്നാണ് തുമ്പ തീരത്ത് നിന്ന് ലഭിക്കുന്ന വിവരം.

കഠിനംകുളം മരിയനാട് തീരത്താണ് അപകടം നടന്നത്. മരിയനാട് സ്വദേശി മൗലിയാസ് എന്നയാളുടെ ഉടമസ്ഥതയിലുള്ള വള്ളമാണ് രാവിലെ ആറുമണിയോടെ മറിഞ്ഞത്. വള്ളത്തില്‍ 8 മത്സ്യത്തൊഴിലാളികളാണ് ഉണ്ടായിരുന്നത്. അതില്‍ മൂന്നു പേര്‍ക്ക് സാരമായ പരിക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

തിരുവനന്തപുരം തുമ്പയില്‍ വള്ളം മറിഞ്ഞ് തുമ്പ സ്വദേശി മത്സ്യത്തൊഴിലാളിയായ 65 വയസുള്ള ഫ്രാന്‍സിസ് അല്‍ഫോണ്‍സിനെ കാണാതായി. ഫ്രാന്‍സിസിനായി തിരച്ചില്‍ തുടരുകയാണ്. നാല് പേരാണ് അപകടം നടക്കുമ്പോള്‍ വള്ളത്തിലുണ്ടായത്.

error: Content is protected !!