
മലപ്പുറം : പൊതുവിതരണ സമ്പ്രദായം താഴേക്കിടയിൽ ഫലപ്രദമായി നടക്കുന്നുവെന്ന് ഉറപ്പു വരുത്താൻ റേഷൻ കടകളുടെ തലത്തിൽ വിജിലൻസ് കമ്മിറ്റികൾ രൂപീകരിക്കണമെന്ന് സംസ്ഥാന ഭക്ഷ്യ കമ്മീഷനംഗം സബീത ബീഗം. മലപ്പുറം കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ നടന്ന ജില്ലാതല ഭക്ഷ്യ കമ്മീഷൻ സിറ്റിങ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു കമ്മീഷനംഗം. പതിനഞ്ചു ദിവസത്തിനകം ഈ കമ്മിറ്റികൾ ചേരുകയും റിപ്പോർട്ട് ലഭ്യമാക്കുകയും വേണം. പൊതുവിതരണ സമ്പ്രദായത്തിലെ പരാതികൾ താഴെക്കിടയിൽ നിന്നു തന്നെ പരിഹരിച്ചു പോകണം. അതിനായി രൂപീകരിക്കുന്ന റേഷൻകടതല വിജിലൻസ് കമ്മിറ്റികൾ കൃത്യമായി യോഗം ചേരുകയും പ്രവർത്തനങ്ങൾ വിലയിരുത്തുകയും വേണം. ഐസിഡിഎസ് മുഖേന നടപ്പിലാക്കുന്ന ഗർഭിണികൾക്കും മൂന്നു വയസ്സുവരെയുള്ള കുഞ്ഞുങ്ങൾക്കും നൽകിവരുന്ന പോഷകാഹാരപദ്ധതി, സ്കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതി, പൊതുവിതരണ സമ്പ്രദായം എന്നിവ ജില്ലയിൽ കുറ്റമറ്റ രീതിയിലാണ് നടക്കുന്നതെന്ന് ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉറപ്പുവരുത്തണമെന്ന് സബീത ബീഗം നിർദ്ദേശിച്ചു.
അങ്കണവാടികളിലും സ്കൂളുകളിലും പുതുതായി ഏർപ്പെടുത്തിയ ഭക്ഷണമെനു കൃത്യമായി നടപ്പിലാക്കുന്നുണ്ടെന്നും സർക്കാർ നിർദ്ദേശങ്ങൾ പാലിക്കുന്നുണ്ടെന്നും ഉറപ്പാക്കണം. 2013ലെ ഭക്ഷ്യ സുരക്ഷാ നിയമം കൃത്യമായി ജില്ലയിൽ നടപ്പിലാക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ഇവ സംബന്ധിച്ച പരാതികൾ ഡി ജി ആർ ഒ (ജില്ലാതല പരാതി പരിഹാര ഓഫിസർ) കൂടിയായ എ.ഡി.എമ്മിന് നൽകണം. ജില്ലാതലത്തിൽ പരിഹരിക്കാനാവാത്ത പരാതികൾ അർധ ജുഡീഷ്യൽ അധികാരമുള്ള ഭക്ഷ്യ കമ്മീഷന് കൈമാറണം.
ജില്ലയിൽ ഭക്ഷ്യ പൊതുവിതരണ സമ്പ്രദായം കൃത്യമായി നടക്കുന്നുണ്ടെന്നും ഓണക്കാലത്ത് പരാതികൾക്കിടയില്ലാത്ത വിധം സംഭരണവും വിതരണവും പൂർത്തീകരിച്ചെന്നും ജില്ലാ സപ്ലൈ ഓഫീസർ കമ്മീഷനെ അറിയിച്ചു. ആദിവാസി മേഖലകളിൽ പൊതുവിതരണ സമ്പ്രദായം സുഗമമാക്കുന്നതിനായി ആരംഭിച്ച സഞ്ചരിക്കുന്ന മാവേലി സ്റ്റോറുകൾ ഫലപ്രദമായി നടക്കുന്നു. പുതുതായി നാലു മാവേലി സ്റ്റോറുകൾ കൂടി ആരംഭിക്കുന്നതിനുള്ള പ്രൊപ്പോസലുകൾ ലഭിച്ചിട്ടുണ്ട്.
എ ഡി എം എൻ എം മെഹറലി അധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടർ വി ആർ വിനോദ്, ഡെപ്യൂട്ടി കളക്ടർ കെ.ലത, ജില്ലാ സപ്ലൈ ഓഫീസർ എ സജാദ്, വിവിധ താലൂക്ക് സപ്ലൈ ഓഫീസർമാർ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.