മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു

തിരുവനന്തപുരം: മലപ്പുറം മുന്‍ എസ്പി സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചു. പി വി അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ക്ക് പിന്നാലെയായിരുന്നു സസ്‌പെന്‍ഷന്‍. സസ്‌പെന്‍ഷന്‍ കാലാവധി ആറുമാസം പിന്നിട്ടതോടെയാണ് നടപടി. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലെ സമിതിയാണ് തിരിച്ചെടുക്കാന്‍ ശുപാര്‍ശ നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാക്കും മുന്‍പാണ് നടപടി.

കഴിഞ്ഞ ദിവസം പൊലീസ് ആസ്ഥാനത്ത് സുജിത് ദാസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. സസ്‌പെന്‍ഷന്‍ നടപടി പിന്‍വലിച്ചെങ്കിലും നിലവില്‍ അടുത്ത പോസ്റ്റിങ് നല്‍കിയിട്ടില്ല. സുജിത് ദാസിനെതിരായ വകുപ്പുതല അന്വേഷണം അന്തിമഘട്ടത്തിലെന്ന് റിവ്യു കമ്മിറ്റി അറിയിച്ചു.

പി വി അന്‍വറിന്റെ വെളിപ്പെടുത്തലിനെ തുടര്‍ന്നായിരുന്നു സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍. സുജിത് ദാസിന്റെ ശബ്ദരേഖ അടക്കം അന്‍വര്‍ പുറത്തുവിട്ടിരുന്നു. എം ആര്‍ അജിത്ത് കുമാറിനൊപ്പം സുജിത് ദാസിന് സ്വര്‍ണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പി വി അന്‍വര്‍ ആരോപിച്ചിരുന്നു. അതേസമയം ഐജി ശ്യം സുന്ദര്‍ നടത്തുന്ന അന്വേഷണത്തില്‍ പിവി അന്‍വര്‍ ഇതുവരെ മൊഴി നല്‍കിയിട്ടില്ല. അന്‍വറുമായി നടത്തിയ ഫോണ്‍ സംഭാഷണത്തില്‍ എഡിജിപി അജിത്തിനെയും പി ശരിയെയും അധിക്ഷേപിച്ചതിനായിരുന്നു സുജിത് ദാസിനെ സസ്‌പെന്റ് ചെയ്തത്.

മലപ്പുറം എസ്പി ആയിരിക്കേ ക്യാമ്പ് ഓഫീസ് വളപ്പിലെ മരംമുറിയുമായി ബന്ധപ്പെട്ട് ആരോപണമുന്നയിച്ച് അന്‍വര്‍ നല്‍കിയ കേസ് പിന്‍വലിക്കണമെന്ന് ഫോണിലൂടെ സുജിത് ആവശ്യപ്പെട്ടതിന്റെ ശബ്ദരേഖ പുറത്തായത് വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു. സുജിത് ദാസിന് എതിരായുള്ള അന്വേഷണങ്ങള്‍ നിലവില്‍ തുടരുകയാണ്. സസ്‌പെന്‍ഷന്‍ പിന്‍വലിച്ചത് അന്വേഷണത്തിന് തടസമാവില്ലെന്നാണ് ലഭ്യമായ വിവരം.

error: Content is protected !!