
മുന്‍ മന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ പിപി തങ്കച്ചന്‍ അന്തരിച്ചു. 87 വയസായിരുന്നു. വൈകിട്ട് നാലരയോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ശ്വാസകോശ അണുബാധയെ തുടര്‍ന്ന് ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. തുടര്‍ന്ന് ആരോഗ്യനില മോശമായി. വെന്റിലേറ്റര്‍ സഹായത്തോടെയായിരുന്നു ജീവന്‍ നിലനിര്‍ത്തിയത്. കഴിഞ്ഞ ദിവസം ആരോഗ്യസ്ഥിതി മെച്ചപ്പെട്ടിരുന്നു. എന്നാല്‍ ഇന്ന് രാവിലെ സ്ഥിതി വീണ്ടും മോശമാവുകയും വൈകിട്ട് മരണം സംഭവിക്കുകയും ചെയ്തു.
ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നാളെ രാവിലെ 11ന് പെരുമ്പാവൂരിലെ വീട്ടിലെത്തിക്കും. ശനിയാഴ്ച ഉച്ചകഴിഞ്ഞ് 2ന് അകപറമ്പ് യാക്കോബായ സുറിയാനിപ്പളളിയിലാണ് സംസ്‌കാരം. അന്ത്യാഞ്ജലി അര്‍പ്പിക്കാനുള്ള അവസരം വീട്ടിലാണ് ഒരുക്കിയിരിക്കുന്നത്. യു.ഡി.എഫ് കണ്‍വീനര്‍, കെപിസിസി പ്രസിഡന്റ്, നിയമസഭാ സ്പീക്കര്‍, മന്ത്രി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. 2004 മുതല്‍ 2018 വരെ യുഡിഎഫ് കണ്‍വീനറായിരുന്നു. 1995ല്‍ ആന്റണി മന്ത്രിസഭയില്‍ കൃഷി മന്ത്രിയായിരുന്നു.
ആറുപതിറ്റാണ്ടുകാലത്തെ കോണ്‍ഗ്രസ് രാഷ്ടീയ ജീവതത്തില്‍ കെപി സിസി പ്രസിഡന്റ്, യുഡിഎഫ് കണ്‍വീനര്‍, ആന്റണി മന്ത്രി സഭയില്‍ കൃഷിമന്ത്രി, പെരുമ്പാവൂരില്‍ നിന്ന് നാലുതവണ എംഎല്‍എ, എറണാകുളം ഡിസിസി പ്രസിഡന്റ്, പെരുമ്പാവൂര്‍ നഗരസഭാധ്യക്ഷന്‍ തുടങ്ങിയ സുപ്രധാന സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.
വൈദികന്റെ മകനായി ജനിച്ച് അഭിഭാഷക ജോലിക്കിടെ രാഷ്ട്രീയത്തിലേക്കിറങ്ങിയ നേതാവായിരുന്നു പിപി തങ്കച്ചന്‍. കലങ്ങിമറിഞ്ഞ കോണ്‍ഗ്രസ് രാഷ്ട്രീയത്തില്‍ എന്നും സമവായ പാതയിലൂടെയായിരുന്നു തങ്കച്ചന്റെ സഞ്ചാരം. അച്ഛന്‍ വൈദികനും, അച്ഛന്റെ അനിയന്‍ അഭിഭാഷകനുമായിരുന്നു. ചെറുപ്പത്തില്‍ ഏത് വഴി തെരഞ്ഞെടുക്കണമെന്ന് ആദ്യം ശങ്കിച്ചിരുന്നുവെന്ന് തങ്കച്ചന്‍ പറഞ്ഞിരുന്നു. ഒടുവില്‍ ളോഹക്ക് പകരം കോട്ടിട്ട് ഇളയച്ഛന്റെ സഹായിയായി അങ്കമാലിയില്‍ നിന്നും പെരുമ്പാവൂരിലെത്തി. നഗരസഭാ തെരഞ്ഞെടുപ്പില്‍ അപ്രതീക്ഷിതമായാണ് തങ്കച്ചന്‍ മത്സരിച്ചത്.
അങ്കമാലി നായത്തോടു പൈനാടത്ത് ഫാ. പൗലോസിന്റെ മകനായി 1939 ജൂലൈ 29 നാണ് തങ്കച്ചന്‍ ജനിച്ചത്. തേവര എസ്എച്ച് കോളജിലെ ബിരുദ പഠനത്തിന് ശേഷം നിയമവിദ്യാര്‍ഥിയായി. അതിനു ശേഷം അഭിഭാഷകനായി പ്രവര്‍ത്തിച്ചു. പെരുമ്പാവൂര്‍ നഗരസഭാംഗമായാണ് പൊതുജീവിതമാരംഭിച്ചത്. 1968 മുതല്‍ 1980 വരെ പെരുമ്പാവൂര്‍ നഗരസഭാ ചെയര്‍മാനായിരുന്നു. 68 ല്‍ സ്ഥാനമേല്‍ക്കുമ്പോള്‍, ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ നഗരസഭാ ചെയര്‍മാനായിരുന്നു അദ്ദേഹം. കോണ്‍ഗ്രസിന്റെ മണ്ഡലം വൈസ്പ്രസിഡന്റ് ചുമതലയില്‍ തുടങ്ങി അദ്ദേഹം ബ്ലോക്ക് പ്രസിഡന്റ്ും എറണാകുളം ഡിസിസി പ്രസിഡന്റുമായി. 2004 ല്‍ ഏതാനും മാസം കെപിസിസി അധ്യക്ഷനായി..
1991 ല്‍ നിയമസഭാ സ്പീക്കറായി. കേരള നിയമസഭയിലെ ഏറ്റവും പ്രഗത്ഭരായ സ്പീക്കര്‍മാരില്‍ ഒരാളായി വിശേഷിപ്പിക്കപ്പെടുന്നു. 1992 ല്‍ കേരളത്തില്‍നിന്ന് ആദ്യമായി, നിയമസഭാ സ്പീക്കര്‍മാരുടെ സ്റ്റാഡിങ് കമ്മിറ്റിയിലേക്ക് നോമിനേറ്റ് ചെയ്യപ്പെട്ടു. 1995 ല്‍ എ.കെ.ആന്റണി മന്ത്രിസഭയില്‍ കൃഷിമന്ത്രിയായി. കൃഷിക്കു സൗജന്യ വൈദ്യുതി നല്‍കാനുള്ള സുപ്രധാന തീരുമാനം എടുത്തത് അദ്ദേഹമാണ്.
യുഡിഎഫ് കണ്‍വീനര്‍ എന്ന നിലയില്‍, മുന്നണിയിലെ കക്ഷികളെ ഏകോപിപ്പിച്ചു കൊണ്ടു പോകുന്നതില്‍ മികവു കാട്ടിയ തങ്കച്ചന്‍, കോണ്‍ഗ്രസിലെ വിഭാഗീയതയുടെ കാലത്ത് സമന്വയത്തിന്റെ ശൈലി സ്വീകരിച്ചു. പാത്രിയാര്‍ക്കിസ് ബാവയില്‍നിന്ന് യാക്കോബായ സഭയുടെ കമാന്‍ഡര്‍ പദവിയും ലഭിച്ചിട്ടുണ്ട്.
ഭാര്യ: പരേതയായ ടി.വി.തങ്കമ്മ. മക്കള്‍: ഡോ. രേഖ, ഡോ. രേണു, വര്‍ഗീസ് പി. തങ്കച്ചന്‍. മരുമക്കള്‍: തിരുവല്ല തട്ടാംകുന്നേല്‍ ഡോ. സാമുവല്‍ കോശി, പാമ്പാടി പറപ്പിള്ളില്‍ ഡോ. തോമസ് കുര്യന്‍, സെമിന വര്‍ഗീസ്.