പെരിയ ഇരട്ടക്കൊല കേസ് ; മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഐഎം നേതാക്കള്‍ക്ക് ജാമ്യം ; ശിക്ഷ സ്റ്റേ ചെയ്തു

കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെവി കുഞ്ഞിരാമന്‍ അടക്കം നാല് സിപിഐഎം നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചു. അപ്പീലില്‍ അന്തിമ തീരുമാനമെടുക്കുന്നതുവരെ ശിക്ഷാവിധി നടപ്പാക്കുന്നത് തടയണമെന്നും ജാമ്യം നല്‍കണമെന്നും ആവശ്യപ്പെട്ടാണ് ഹര്‍ജി നല്‍കിയത്. പ്രതികളുടെ അപ്പീല്‍ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചുകൊണ്ടാണ് ജാമ്യം അനുവദിച്ചത്. 4 പ്രതികളുടെയും ശിക്ഷ ഹൈക്കോടതി സ്റ്റേ ചെയ്തു. അഞ്ച് വര്‍ഷം തടവിനാണ് കഴിഞ്ഞ ദിവസം സിബിഐ കോടതി ഇവരെ ശിക്ഷിച്ചത്. ശിക്ഷ നടപ്പാക്കുന്നത് നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് പ്രതികള്‍ നല്‍കിയ ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതിയുടെ നടപടി.

14-ാം പ്രതിയും കാഞ്ഞങ്ങാട് ബ്ലോക് പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന കെ.മണികണ്ഠന്‍, 20-ാം പ്രതി ഉദുമ മുന്‍ എംഎല്‍എ കെ.വി.കുഞ്ഞിരാമന്‍, 21-ാം പ്രതി രാഘവന്‍ വെളുത്തോളി എന്ന രാഘവന്‍ നായര്‍, 22-ാം പ്രതി കെ.വി.ഭാസ്‌കരന്‍ എന്നിവരുടെ ശിക്ഷ നടപ്പാക്കുന്നതാണു ഹൈക്കോടതി മരവിപ്പിച്ചത്. ജീവപര്യന്തം തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യം ചെയ്ത പ്രതിയെ പൊലീസ് കസ്റ്റഡിയില്‍ നിന്ന് കടത്തിക്കൊണ്ടു പോയി എന്നതാണ് 4 പേരെയും ശിക്ഷിക്കാന്‍ കാരണമായത്. ഇവരെ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും ജാമ്യം ലഭിച്ചിരുന്നു.

2019 ഫെബ്രുവരി 17ന് രാത്രി 7.45നായിരുന്നു പെരിയ കല്യോട്ട് വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷ് (21), ശരത് ലാല്‍ (24) എന്നിവര്‍ കൊല്ലപ്പെട്ടത്. പെരുങ്കളിയാട്ടത്തിന്റെ സംഘാടകസമിതി യോഗത്തിനുശേഷം ബൈക്കില്‍ വീട്ടിലേക്കു മടങ്ങുന്ന സമയം ജീപ്പിലെത്തിയ അക്രമികള്‍ ഇവരെ ഇടിച്ചിട്ട ശേഷം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷിച്ച കേസില്‍ 14 പ്രതികളുണ്ടായിരുന്നു. പിന്നീട് കേസ് സിബിഐ അന്വേഷിച്ചപ്പോള്‍ കുഞ്ഞിരാമന്‍ അടക്കം പ്രതികള്‍ 24 ആയി. എന്നാല്‍ വിചാരണ കോടതി ഇതില്‍ പ്രതികളെ വെറുതെ വിടുകയും 10 പേര്‍ക്ക് ഇരട്ട ജീവപര്യന്തം ശിക്ഷ നല്‍കുകയുമായിരുന്നു. മുന്‍ എംഎല്‍എ കെ വി കുഞ്ഞിരാമന്‍ അടക്കം 4 സിപിഎം നേതാക്കള്‍ക്ക് 5 വര്‍ഷം തടവും 1000 രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്. ഒന്നാം പ്രതി എ പീതാംബരന്‍ ഉള്‍പ്പടെ 10 പ്രതികള്‍ക്കെതിരെ കൊലപാതകം, ഗൂഢാലോചന, നിയമവിരുദ്ധമായി സംഘം ചേരല്‍, കലാപം സൃഷ്ടിക്കല്‍, തടഞ്ഞുവയ്ക്കല്‍ എന്നീ കുറ്റങ്ങളാണ് തെളിഞ്ഞത്.

error: Content is protected !!