നാല് വയസുകാരിയെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവം ; ഒന്നര വര്‍ഷം പീഡനത്തിനിരയായി, കൊല്ലപ്പെടുന്നതിന്റെ അന്ന് രാവിലെയും പീഡിപ്പിച്ചു, പ്രകൃതി വിരുദ്ധ പീഡനത്തിനും ഇരയാക്കി, കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ; അബദ്ധം പറ്റിപോയെന്ന് പറഞ്ഞ് പൊട്ടിക്കരഞ്ഞ് പ്രതി ; പ്രതി ലൈംഗികവൈകൃതം ഉള്ളയാള്‍

കൊച്ചി : ആലുവയില്‍ അമ്മ പുഴയിലെറിഞ്ഞു കൊന്ന നാല് വയസ്സുകാരി പിതാവിന്റെ സഹോദരനില്‍നിന്നു നേരിട്ടിരുന്നത് അതിക്രൂര പീഡനമെന്നു വിവരം. കുട്ടിയെ കഴിഞ്ഞ ഒരു വര്‍ഷമായി പീഡിപ്പിച്ചിരുന്നതായി അച്ഛന്റെ സഹോദരനായ പ്രതി മൊഴി നല്‍കി. കുട്ടിയെ ഏറ്റവും ഒടുവില്‍ ബലാത്സംഗം ചെയ്തത് തിങ്കളാഴ്ച രാവിലെയാണെന്ന് ബന്ധു മൊഴി നല്‍കി. അന്നേദിവസം രാത്രിയാണ് കുട്ടിയെ അമ്മ പാലത്തില്‍ നിന്ന് ചാലക്കുടി പുഴയിലേക്ക് എറിഞ്ഞു കൊന്നത്. കുട്ടിയുടെ സ്വകാര്യഭാഗത്ത് മുറിവും രക്തസ്രാവവും ഉണ്ടായിരുന്നെന്ന് പോസ്റ്റ്മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പൊലീസിനു മൊഴി നല്‍കിയിട്ടുണ്ട്. കുഞ്ഞിന്റെ അച്ഛന്റെ സഹോദരനെയാണ് പോക്‌സോ കുറ്റം ചുമത്തി പുത്തന്‍കുരിശ് പൊലീസ് പിടികൂടിയത്. കുഞ്ഞുമായുള്ള അടുപ്പം മുതലെടുത്ത് വീട്ടില്‍ നിരന്തരം ചൂഷണം ചെയ്തതായി പ്രതി സമ്മതിച്ചു.

ക്രൂരമായ പീഡനത്തിനാണ് നാല് വയസുകാരി ഇരയായത്. പ്രകൃതിവിരുദ്ധ പീഡനത്തിനും ഇരയായെന്ന് റിപ്പോര്‍ട്ടുകളുണ്ട്. ശാസ്ത്രീയ തെളിവുകള്‍ പരിശോധനയ്ക്കായി ലാബിലേക്ക് അയച്ചു. നിലവില്‍ പ്രതി പൊലീസിന്റെ കസ്റ്റഡിയിലാണ്. ഇന്നലെയാണ് കുട്ടിയുടെ അച്ഛന്റെ സഹോദരനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. പുലര്‍ച്ചെയാണ് കുട്ടിയുടെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തിയത്. നേരത്തെ, പ്രതി ലൈംഗിക വൈകൃതങ്ങള്‍ക്ക് അടിമയാണെന്ന് പൊലീസിന് സംശയമുണ്ട്. പ്രതിയുടെ മൊബൈലില്‍ ഫോണില്‍ നിന്ന് ചില വിവരങ്ങള്‍ ലഭിച്ചതായി പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച വൈകിട്ട് മൂന്നരയ്ക്ക് അങ്കണവാടിയില്‍നിന്നു കുഞ്ഞിനെ കൂട്ടിക്കൊണ്ടുപോയ അമ്മ വൈകിട്ട് ആറരയോടെയാണ് ചാലക്കുടിപ്പുഴയിലേക്ക് കുട്ടിയെ എറിയുന്നത്. പിറ്റേന്ന് പുലര്‍ച്ചെ 2.20ന് മൃതദേഹം കണ്ടെടുത്തു. ചൊവ്വാഴ്ച വൈകിട്ട് പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷമാണ് കുട്ടി പീഡിപ്പിക്കപ്പെട്ടു എന്ന സംശയം എറണാകുളം മെഡിക്കല്‍ കോളജിലെ ഫൊറന്‍സിക് വിഭാഗം മേധാവി ഡോ. ലിസ ജോണ്‍ പൊലീസിനെ അറിയിക്കുന്നത്. ഈ സമയത്ത് കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോയിരുന്ന അമ്മയെ തിരികെ കൊണ്ടുവന്ന് എറണാകുളം റൂറല്‍ എസ്പി അടക്കമുള്ളവരുടെ നേതൃത്വത്തില്‍ ചോദ്യം ചെയ്തപ്പോഴാണു പീഡനത്തെക്കുറിച്ചുള്ള നിര്‍ണായക വിവരം ലഭിച്ചത്. ഭര്‍ത്താവിന്റെ സഹോദരങ്ങളുമായാണു കുട്ടി കൂടുതല്‍ അടുപ്പം പുലര്‍ത്തിയിരുന്നത് എന്നായിരുന്നു അമ്മ പറഞ്ഞത്. തുടര്‍ന്ന് ചെങ്ങമനാട് പൊലീസ് ഇക്കാര്യം പുത്തന്‍കുരിശ് പൊലീസിനെ അറിയിച്ചു.

കുഞ്ഞിന്റെ സംസ്‌കാരം പൂര്‍ത്തിയായ അന്ന് രാത്രി തന്നെ അച്ഛന്റെ അടുത്ത ബന്ധുക്കളെ ചോദ്യം ചെയ്ത് തുടങ്ങി. വീട്ടിലെ സ്ത്രീകളുടെയും മൊഴി എടുത്തു. അടുത്ത ബന്ധുവിലേക്ക് സംശയങ്ങള്‍ നീളുന്നതായിരുന്നു പലരുടെയും മൊഴി. ആദ്യഘട്ടത്തില്‍ ചോദ്യം ചെയ്ത് ഇയാളെ വിട്ടയച്ചു. പിറ്റേന്നു രാവിലെ അവരെ വീണ്ടും വിളിച്ചു വരുത്തി ചോദ്യം ചെയ്തതിനൊടുവില്‍ രണ്ടു പേരെ വിട്ടയച്ചു. ഇപ്പോള്‍ അറസ്റ്റിലായ മൂന്നാമനാണു കുട്ടിയെ പീഡിപ്പിച്ചത് എന്നതില്‍ അപ്പോഴേക്കും പൊലീസിന് കൂടുതല്‍ വ്യക്തത ലഭിച്ചിരുന്നു. എന്നാല്‍ ഇയാള്‍ ആദ്യ ഘട്ടത്തില്‍ കുറ്റം സമ്മതിക്കാന്‍ തയാറായില്ല. ഇതിനിടെ, ഇയാളുടെ ഫോണ്‍ അടക്കം പരിശോധിച്ച പൊലീസ് ഇയാള്‍ ലൈംഗിക വൈകൃതം ഉള്ളയാളാണെന്നു മനസ്സിലാക്കി.

പിന്നീട് രാത്രി വരെ നീണ്ട ചോദ്യം ചെയ്യലിലാണു പ്രതി കുറ്റസമ്മതിച്ചത്. തെളിവുകള്‍ നിരത്തി ചോദ്യം ചെയ്തപ്പോള്‍ ‘അബദ്ധം പറ്റി’ എന്ന് പ്രതി സമ്മതിക്കുകയായിരുന്നു. ഒന്നര വര്‍ഷത്തോളമായി കുട്ടിയെ പീഡിപ്പിച്ചിരുന്നു എന്നാണ് ഇയാള്‍ പൊലീസിനോടു സമ്മതിച്ചിരിക്കുന്നത്. തനിക്ക് കൈയബദ്ധം പറ്റിയെന്ന് പറഞ്ഞ് പ്രതി പൊട്ടിക്കരഞ്ഞു എന്നാണ് പൊലീസ് പറയുന്നത്. സ്വന്തം വീട്ടില്‍ വച്ച് കുട്ടി നിരവധിത്തവണ പീഡനത്തിന് ഇരയായെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. കുട്ടി മാതാപിതാക്കള്‍ക്കൊപ്പം താമസിച്ചിരുന്ന വീടിനടുത്തു തന്നെയാണ് ബന്ധുക്കളും താമസിച്ചിരുന്നത്.

സംരക്ഷിക്കേണ്ട അടുത്ത ബന്ധു തന്നെ ഇത്തരത്തില്‍ പീഡിപ്പിച്ചതിന് ബിഎന്‍എസിലെ വകുപ്പുകളും ബാലാവകാശ നിയമം അനുസരിച്ചുള്ള വകുപ്പുകളും ചുമത്തിയാകും ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുക. കുട്ടി പീഡിപ്പിക്കപ്പെട്ട വീട്ടില്‍ ഫൊറന്‍സിക് സംഘം ഇപ്പോള്‍ പരിശോധന നടത്തുന്നുണ്ട്. ഇതിനും ശേഷമായിരിക്കും പിതൃസഹോദരനെ കോടതിയില്‍ ഹാജരാക്കുക. അമ്മ നല്‍കിയ നിര്‍ണായക വിവരമാണു പിതൃസഹോദരനിലേക്ക് അന്വേഷകരെ എത്തിച്ചത്.

error: Content is protected !!