
പതിനാല് മണിക്കൂറോളം നീണ്ട ചര്‍ച്ചകള്‍ക്കും വോട്ടെടുപ്പിനും ഒടുവില്‍ വഖഫ് ബില്‍ ലോക്‌സഭ പാസാക്കി. 288 പേര്‍ ബില്ലിനെ അനുകൂലിച്ച് വോട്ട് ചെയ്തപ്പോള്‍ 232 പേര്‍ ബില്ലിനെ എതിര്‍ത്ത് വോട്ട് ചെയ്തു. പ്രതിപക്ഷത്തിന്റെ ഭേദഗതികള്‍ തള്ളിയാണ് ബില്‍ പാസാക്കിയത്. 2025 ഏപ്രില്‍ മൂന്ന് വ്യാഴാഴ്ച പുലര്‍ച്ചെ 2 മണിയോടെയാണ് ബില്‍ പാസായത്. എന്‍ കെ പ്രേമചന്ദ്രന്‍, ഗൗരവ് ഗോഗോയി, കെ സി വേണുഗോപാല്‍, മുഹമ്മദ് ജാവേദ്, അസസുദ്ദീന്‍ ഒവൈസി, കെ രാധാകൃഷ്ണന്‍, ഇ ടി മുഹമ്മദ് ബഷീര്‍ അടക്കമുള്ളവര്‍ മുന്നോട്ടുവെച്ച ഭേദഗതികള്‍ ശബ്ദവോട്ടോടെ തള്ളി. ഇതോടെ ബില്‍ ലോക്‌സഭ കടന്നു. രാജ്യസഭയിലും കൂടി പാസാക്കിയ ശേഷം രാഷ്ട്രപതി കൂടി ഒപ്പുവെച്ചാല്‍ വഖഫ് നിയമഭേദഗതി പ്രാബല്യത്തില്‍ വരും.
വഖഫ് സ്വത്തുക്കളെ നിയന്ത്രിക്കുന്ന 1995 ലെ നിയമം ഭേദഗതി ചെയ്യുന്നതിനാണ് കേന്ദ്ര സര്‍ക്കാര്‍ ബില്‍ അവതരിപ്പിച്ചത്. ബില്‍ ഇന്നുതന്നെ രാജ്യസഭയിലും അവതരിപ്പിക്കും. മികച്ച ചര്‍ച്ചയാണ് ഉണ്ടായതെന്ന് കേന്ദ്ര പാര്‍ലമെന്റ് കാര്യ മന്ത്രി കിരണ്‍ റിജിജു മറുപടി പ്രസംഗത്തില്‍ പറഞ്ഞിരുന്നു. എല്ലാവരും അവരുടെ കാഴ്ചപ്പാടുകള്‍ പങ്കുവെച്ചു. വഖഫ് സ്വത്തുക്കള്‍ നിയമവിധേയമാക്കുകയാണ് ലക്ഷ്യം. ബില്‍ മുസ്ലിം വിരുദ്ധമല്ല. ട്രിബ്യൂണലില്‍ നിരവധി കേസുകള്‍ നിലവിലുണ്ട്. ഇതിനെല്ലാം പുതിയ ബില്ലിലൂടെ പരിഹാരം കാണാന്‍ കഴിയുമെന്നും കിരണ്‍ റിജിജു പറഞ്ഞു. ജനങ്ങളുടെ ക്ഷേമത്തിന് വേണ്ടിയാണ് നമ്മള്‍ പ്രവര്‍ത്തിക്കേണ്ടതെന്നും തെറ്റായ പ്രചരണങ്ങള്‍ അവസാനിപ്പിക്കണമെന്നും കിരണ്‍ റിജിജു പറഞ്ഞു. കൃത്യമായ തെളിവുകള്‍ ഇല്ലാതെ ബില്‍ ഭരണഘടനാ വിരുദ്ധമാണെന്ന് പറയുന്നത് ശരിയല്ല. ഉയര്‍ത്തുന്ന ആരോപണങ്ങള്‍ക്ക് തെളിവ് ഉണ്ടാകണമെന്നും കിരണ്‍ റിജിജു പറഞ്ഞു. രാജ്യത്തെ വിഭജിക്കാനാണ് പ്രതിപക്ഷം ശ്രമിക്കുന്നതെന്നും മന്ത്രി കുറ്റപ്പെടുത്തി.
ബില്‍ പരിശോധിക്കാന്‍ രൂപീകരിച്ച സംയുക്ത പാര്‍ലമെന്ററി സമിതി തങ്ങളുടെ നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചില്ലെന്ന് പ്രതിപക്ഷം വാദിച്ചു. ബില്‍ ഭരണഘടനാ വിരുദ്ധമാണെന്നും സര്‍ക്കാര്‍ ന്യൂനപക്ഷങ്ങളെ അപകീര്‍ത്തിപ്പെടുത്താനും അവകാശങ്ങള്‍ നിഷേധിക്കാനും ശ്രമിക്കുകയാണെന്നും ഭരണഘടനയ്ക്കെതിരെ 4ഡി ആക്രമണം നടത്തുകയാണെന്നും കോണ്‍ഗ്രസ് പ്രഖ്യാപിച്ചു.
വഖഫ് സ്വത്തില്‍ അവകാശം ഉന്നയിക്കാന്‍ രേഖ നിര്‍ബന്ധമാക്കുമെന്നതാണ് ബില്ലിലെ പ്രധാന വ്യവസ്ഥകളിലൊന്ന്. സ്ത്രീകളെയും അമുസ്ലീമുകളെയും ബോര്‍ഡില്‍ ഉള്‍പ്പെടുത്താനും ബില്ല് നിര്‍ദേശിക്കുന്നു. ട്രൈബ്യൂണല്‍ വിധിയില്‍ ആക്ഷേപമുള്ളവര്‍ക്ക് ഹൈക്കോടതിയെ സമീപിക്കാമെന്നും ബില്ല് നിഷ്‌കര്‍ഷിക്കുന്നു.
5 വര്‍ഷം ഇസ്ലാം മതം പിന്തുടര്‍ന്നവര്‍ക്കേ വഖഫ് നല്‍കാനാവൂ എന്ന വ്യവസ്ഥയും ബില്ലിലുണ്ട്. വഖഫ് ബൈ യൂസര്‍ വ്യവസ്ഥക്ക് പകരം, വഖഫ് ഡീഡ് എന്ന വ്യവസ്ഥ നിര്‍ബന്ധമാക്കി. വഖഫ് സംബന്ധിച്ച ട്രൈബ്യൂണല്‍ വിധിക്കെതിരെ ഹൈക്കോടതിയെ സമീപിക്കാമെന്നും സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ തര്‍ക്കങ്ങളില്‍ തീര്‍പ്പ് കല്‍പ്പിക്കുമെന്നും ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നു. ജില്ലാ കളക്ടര്‍ എന്ന വ്യവസ്ഥ എടുത്ത് മാറ്റി. വഖഫ് പട്ടിക വിജ്ഞാപനം ചെയ്താല്‍ 90 ദിവസത്തിനകം വഖഫ് പോര്‍ട്ടലിലും, ഡാറ്റാബേസിലും അപ്ലോഡ് ചെയ്യണം. രജിസ്റ്റര്‍ ചെയ്യാത്ത വഖഫ് സ്വത്തുക്കള്‍ സര്‍ക്കാരിനേറ്റെടുക്കാമെന്നും ബില്ലില്‍ വ്യവസ്ഥയുണ്ട്.
വഖഫ് ബില്ലിനെതിരെ ആഞ്ഞടിച്ചുകൊണ്ടാണ് കെ രാധാകൃഷ്ണന്‍ എംപിയും കെ സി വേണുഗോപാല്‍ എംപിയും നിലപാട് വ്യക്തമാക്കിയത്. സിപിഐഎം വഖഫ് ബില്ലിനെ എതിര്‍ക്കുന്നുവെന്ന് കെ രാധാകൃഷ്ണന്‍ എംപി ലോക്‌സഭയില്‍ വ്യക്തമാക്കി. മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ സി വേണുഗോപാല്‍ എംപിയും പറഞ്ഞു. ബില്ലിനെ പിന്തുണച്ച് കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും രംഗത്തെത്തി. വഖഫ് ഭേദഗതില്‍ രാജ്യസഭയില്‍ കൂടി പാസാകുന്നതോടെ വഖഫ് ഭേദഗതി ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേരള നിയമസഭ പാസാക്കിയ പ്രമേയം അറബിക്കടലില്‍ ഒഴുകിപ്പോകുമെന്ന് സുരേഷ് ഗോപി പറഞ്ഞു. സിപിഎം എംപി കെ രാധാകൃഷ്ണന്‍ പ്രസംഗത്തില്‍ സുരേഷ് ഗോപിയുടെ പേര് പരാമര്‍ശിച്ചതിനായിരുന്നു മറുപടി.
വഖഫ് ബില്‍ കൊണ്ടുവരുന്നത് പാവപ്പെട്ടവര്‍ക്ക് വേണ്ടിയല്ലെന്നും തെറ്റായ സമീപനത്തോടെ സമൂഹത്തെ ഭിന്നിപ്പിക്കാനാണ് ശ്രമമെന്നും കെ രാധാകൃഷ്ണന്‍ എംപി പറഞ്ഞു. മുസ്ലിം ജനവിഭാഗം രാജ്യത്തിന്റെ ശത്രുക്കളാണെന്ന് വരുത്തി തീര്‍ക്കാന്‍ ശ്രമം നടക്കുന്നുണ്ട്. വഖഫ് ബില്ല് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്. വഖഫ് സ്വത്തുക്കളുടെ നിയന്ത്രണം കേന്ദ്രീകരിക്കാനും മുസ്ലിം സമൂഹത്തിന്റെ അവകാശങ്ങളെ ദുര്‍ബലപ്പെടുത്താനും മതപരമായ കാര്യങ്ങളില്‍ സര്‍ക്കാര്‍ അതിക്രമിച്ച് കടക്കുന്നതിന്റെ അപകടകരമായ കീഴ്വഴക്കം സൃഷ്ടിക്കാനും ഈ ബില്ല് ഉദ്ദേശിക്കുന്നുവെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. മുസ്ലിം സമൂഹത്തിന് അവരുടെ മതപരമായ കാര്യങ്ങള്‍ നിര്‍വഹിക്കാനുള്ള അവകാശമുണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. അത് നിഷേധിക്കുന്ന സമീപനം സ്വീകരിക്കാന്‍ പാടില്ല. വഖഫ് ബോര്‍ഡില്‍ അമുസ്ലിങ്ങളെ ഉള്‍പ്പെടുത്തുന്നത് മുസ്ലിം സമുദായത്തിന്റെ മതപരമായ സ്വയം ഭരണത്തിലുള്ള കടന്നാക്രമണമാണ്. മറ്റ് മതങ്ങളോട് ഈ സമീപനം സ്വീകരിക്കാന്‍ തയ്യാറാകുമോ?. കേരളത്തില്‍ ദേവസ്വം ബോര്‍ഡുണ്ട്. ഒരിക്കല്‍ ദേവസ്വം ബോര്‍ഡിലെ ഒരു അംഗത്തിന്റെ പേര് ക്രിസ്ത്യന്‍ പേരുമായി ബന്ധപ്പെട്ടതായിരുന്നു. ക്രിസ്ത്യന്‍ പേര് വന്നതുകൊണ്ട് ക്രിസ്ത്യാനിയാണെന്ന് പറഞ്ഞ് വലിയ കലാപം കേരളത്തിലുണ്ടായിട്ടുണ്ട്. ഹിന്ദു ക്ഷേത്രം ഹിന്ദുക്കള്‍ക്ക് വിട്ടുനല്‍കണമെന്ന് പറഞ്ഞ് 1987ല്‍ കലാപമുണ്ടായെന്നും ‘ബഹുമാനപ്പെട്ട മന്ത്രി സുരേഷ് ഗോപി ഇക്കാര്യം ശ്രദ്ധിക്കുന്നുണ്ടെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. പേര് പരാമര്‍ശിച്ചതോടെ, ചെയറിലുണ്ടായിരുന്ന ദിലീപ് സൈകിയ എന്തെങ്കിലും പറയാനുണ്ടോ എന്ന് സുരേഷ് ഗോപിയോട് ചോദിച്ചു. ഇതില്‍ അനാവശ്യമായാണ് തന്റെ പേര് പരാമര്‍ശിക്കുന്നതെന്നും, കേരളത്തിന്റെ പ്രമേയം അറബിക്കടലില്‍ ഒഴുകിപ്പോകുമെന്ന് പറയുകയായിരുന്നു.
മുസ്ലിം സമുദായത്തെ ഒറ്റപ്പെടുത്താനുള്ള ശ്രമത്തിനെതിരെ നാടാകെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതുണ്ടെന്നും കെ രാധാകൃഷ്ണന്‍ എംപി ആഹ്വാനം ചെയ്തു. ബില്ലിനെ അനുകൂലിക്കുന്നവരോട് അദ്ദേഹം മുള്ളറിന്റെ വിലാപകാവ്യം ഓര്‍മിപ്പിക്കുകയും ചെയ്തു. ഭാവിയില്‍ ആരും ഇല്ലാത്ത അവസ്ഥ ഉണ്ടാകാതിരിക്കാന്‍ മുന്‍കരുതലെടുക്കാന്‍ കഴിയണമെന്നും എംപി പറഞ്ഞു.
മതത്തിന്റെ പേരില്‍ രാജ്യത്തെ വിഭജിക്കുകയാണ് സര്‍ക്കാരിന്റെ അജണ്ടയെന്ന് കെ സി വേണുഗോപാല്‍ എംപി പറഞ്ഞിരുന്നു. ന്യൂനപക്ഷത്തിനെതിരല്ല ബില്‍ എന്നാണ് കേന്ദ്രമന്ത്രി കിരണ്‍ റിജിജു ആവര്‍ത്തിച്ച് പറയുന്നത്. കുറ്റബോധമാണ് മന്ത്രിയെക്കൊണ്ട് ഇത് പറയിക്കുന്നതെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. മുനമ്പത്ത് നീതി ലഭിക്കണം എന്നാണ് തങ്ങളുടെ താല്‍പര്യമെന്നും മുനമ്പത്തിന്റെ പേരില്‍ രാഷ്ട്രീയ താല്‍പര്യം നടപ്പാക്കരുതെന്നും കെ സി വേണുഗോപാല്‍ വ്യക്തമാക്കിയിരുന്നു.