വഴിക്കടവ്: വയോധികയുടെ സ്വര്‍ണം തട്ടിയെടുത്ത കേസില്‍ തട്ടിപ്പ് വീരന്‍ ‘അറബി’ അസീസ് എന്നറിയപ്പെടുന്ന അബ്ദുള്‍ അസീസ് പോലീസിന്റെ പിടിയില്‍. പൂവ്വത്തിപൊയില്‍ സ്വദേശിയായ 70 വയസുകാരിയുടെ മകളുടെ വിവാഹത്തിന് സഹായിക്കാമെന്നു പറഞ്ഞു വിശ്വസിപ്പിച്ച് രണ്ടു പവന്‍ സ്വര്‍ണാഭരണവും 6000 രൂപയും തട്ടിയെടുത്ത സംഭവത്തിലാണ് പ്രതിയെ വഴിക്കടവ് പോലീസ് ഇന്‍സ്പെക്ടര്‍ മനോജ് പറയറ്റ അറസ്റ്റ് ചെയ്തത്. അസീസിന്റെ പേരില്‍ വിവിധ സ്റ്റേഷനുകളില്‍ പിടിച്ചുപറി, തട്ടികൊണ്ടു പോകല്‍, ബലാത്സംഗം തുടങ്ങിയവയ്ക്ക് ഒപ്പം പത്തോളം കഞ്ചാവ് കേസുകളുമുണ്ട്.
സമ്പന്നനായ അറബിയില്‍ നിന്നും സാമ്പത്തിക സഹായം മേടിച്ച് നല്‍കാമെന്ന് പറഞ്ഞ് തട്ടിപ്പ് നടത്തി സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതാണ് അസീസിന്റെ രീതി. സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന കുടുംബത്തിലെ സ്ത്രീകളെയാണ് അറബിയില്‍ നിന്നും സഹായം ലഭിക്കും എന്നു പറഞ്ഞ് ഇയാള്‍ കൊണ്ടുവന്നിരുന്നത്. അറബിയെ കാണുമ്പോള്‍ സ്വര്‍ണം പാടില്ലെന്ന് പറഞ്ഞ് സ്ത്രീകളില്‍ നിന്നും സ്വര്‍ണം ഊരി വാങ്ങും. പിന്നീട് അതുമായി മുങ്ങും. പല സ്ത്രീകളെ തന്നെ ഇയാള്‍ ലൈംഗികമായി ഉപയോഗിക്കുകയും പിന്നീട് അവരില്‍ നിന്നും സ്വര്‍ണം തട്ടിയെടുക്കുകയും ചെയ്തിട്ടുണ്ട്.
തമിഴ്നാട് മധുരയില്‍ 20 കിലോ കഞ്ചാവുമായി ഇയാളെ മുന്‍പ് പിടികൂടിയിരുന്നു. ഇയാളെയും കൂട്ടാളിയേയും പിടികൂടാന്‍ ശ്രമിക്കുന്നതിനിടെ കത്തിവീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കുകയുമുണ്ടായി. ഇയാളുടെ കീഴില്‍ ചെറുപ്പക്കാരായ യുവാക്കളുടെ ഒരു സംഘം തന്നെയുണ്ടെന്നാണ് പോലീസ് പറയുന്നത്. ഇവരാണ് കഞ്ചാവ് കടത്തുന്ന വാഹനങ്ങള്‍ക്ക് ബൈക്കില്‍ എസ്‌കോര്‍ട്ടും പൈലറ്റും പോകുന്നത്. ഇവരുടെ വിവരങ്ങള്‍ ലഭിച്ചിട്ടുണ്ട്.
മലപ്പുറം ജില്ലാ പോലിസ് മേധാവി എസ് സുജിത് ദാസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ നിലമ്പൂര്‍ ഡിവൈഎസ്പി ഡിവൈഎസ്പി സാജു കെ അബ്രഹാമിന്റെ നേതൃത്വത്തില്‍ വഴിക്കടവ് സി ഐ മനോജ് പറയറ്റ, എസ്‌ഐ അബൂബക്കര്‍, എഎസ്‌ഐ അനില്‍കുമാര്‍ എസ്സിപിഒ രതീഷ് സിപിഒമാരായ വിനീഷ്, അലക്സ്, അരീക്കോട് സ്പെഷ്യല്‍ ബ്രാഞ്ച് എഎസ്‌ഐ സുരേഷ് കുമാര്‍ എന്നിവരാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.
നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. കൂടുതല്‍ അന്വേഷണത്തിനും തെളിവെടുപ്പിനുമായി പ്രതിയെ അടുത്ത ദിവസം കസ്റ്റഡിയില്‍ വാങ്ങുമെന്ന് പോലീസ് പറഞ്ഞു.