
മീറ്റര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ് നടത്തുന്ന ഓട്ടോറിക്ഷകള്‍ക്കെതിരെ കര്‍ശന നടപടിയുമായി മോട്ടോര്‍ വാഹന വകുപ്പ് വരുന്നു. മീറ്റര്‍ ഇടാതെ ഓടുന്ന ഓട്ടോറിക്ഷകളാണെങ്കില്‍ ‘മീറ്ററിട്ടില്ലെങ്കില്‍ യാത്ര സൗജന്യം’ എന്ന സ്റ്റിക്കര്‍ ഓട്ടോറിക്ഷകളില്‍ പതിപ്പിക്കാനാണ് വകുപ്പ് തീരുമാനം എടുത്തത്. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം ചേര്‍ന്ന സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി യോഗത്തില്‍ തീരുമാനമെടുത്തു. ഫെബ്രുവരി ഒന്ന് മുതല്‍ നടപ്പാക്കാനാണ് ഗതാഗതവകുപ്പ് തീരുമാനമെന്നതിനാല്‍ ഉത്തരവ് ഉടന്‍ തന്നെ പുറത്തിറങ്ങിയേക്കും.
ഓട്ടോറിക്ഷാ തൊഴിലാളികള്‍ മീറ്റര്‍ ഇടാതെ ഓടിക്കുന്നുണ്ടെന്നും യാത്രക്കാരില്‍ നിന്നും അമിതമായി പണം ഈടാക്കുന്നുമെന്നുമുള്ള നിരവധി പരാതികള്‍ മോട്ടോര്‍ വാഹനവകുപ്പിനും പൊലീസിനും ലഭിക്കുന്നുണ്ട്. ഓട്ടോ തൊഴിലാളി യൂണിയനുകളുമായി ബന്ധപ്പെട്ട് വിളിച്ച യോഗങ്ങളില്‍ മോട്ടോര്‍വാഹനവകുപ്പ് അധികൃതര്‍ ഇക്കാര്യം പലതവണ വ്യക്തമാക്കിയതുമാണ്. എന്നിട്ടും പഴയപടിയാണെന്ന വിലയിരുത്തലിലാണ് പ്രശ്‌നം പരിഹരിക്കാനായി ഇത്തരമൊരു തീരുമാനം എടുത്തത്. എന്നാല്‍, ഇത് എത്രത്തോളം പ്രായോഗികമാകും എന്ന കാര്യത്തില്‍ സംശയം ഇതിനോടകം ഉയര്‍ന്നിട്ടുണ്ട്. സ്റ്റിക്കര്‍ പതിക്കാന്‍ ഓട്ടോറിക്ഷാ തൊഴിലാളികളും സംഘടനകളും തയ്യാറാകുമോ എന്നത് കണ്ടറിയണം.