തിരൂരങ്ങാടി: മൂന്ന് പതിറ്റാണ്ട് മുൻപത്തെ കത്തുപാട്ടിന് മറുപടിയൊരുക്കി എഴുത്തുകാരൻ.
കൊടിഞ്ഞി സ്വദേശി ഗഫൂർ കൊടിഞ്ഞിയാണ് മാപ്പിളപ്പാട്ട് ഗായകൻ വിഎം കുട്ടിയുടെ വരികൾക്ക് മറുപടി എഴുതിയത്. മുപ്പത് വർഷം മുമ്പ് വി.എംകുട്ടി എഴുതി ചിട്ടപ്പെടുത്തിയ ‘അറബ് നാട്ടിൻ അകലെയെങ്ങാണ്ടിരിക്കുംബാപ്പ അറിയാൻ’ എന്ന പൊള്ളുന്ന വരികൾ പ്രവാസികൾക്കിടയിലും നാട്ടിലും വൻഹിറ്റായിരുന്നു.
വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാൻ https://chat.whatsapp.com/JQxNHEOCTglG9LveaVuVnv
കേരളീയ പൊതു മണ്ഡലത്തിലാകെ ഒരു വിങ്ങലായി തീർന്ന വി.എം കുട്ടിയുടെ ഈ വരികൾ കേവലം ഒരു പാട്ട് എന്നതിലുപരി അത് അന്നത്തെ ഒരു പൊള്ളുന്ന യാഥാർത്ഥ്യമായിരുന്നു.
തലമുറകൾ നെഞ്ചേറ്റിയ ഈ പാട്ട് ഇന്നും മലയാളികൾ ആസ്വദിക്കാറുണ്ട്. എസ്.എ ജമീലിന്റെ അടക്കം ഏതാനും കാത്തുപാട്ടുകൾ മലയാളത്തിൽ ഇറങ്ങിയിട്ടുണ്ടെങ്കിലും അവയ്‌ക്കെല്ലാം മറുപടിയും അവർതന്നെ ഒരുക്കിയിരുന്നു. എന്നാൽ ഒരു മകൾ തൻ്റെ ഉപ്പാക്കയച്ച വി.എം കുട്ടിയുടെ കാത്തുപാട്ടിന് ഇതുവരെ ആരും മറുപടി ഒരുക്കിയിരുന്നില്ലെന്ന് ഗഫൂർ പറഞ്ഞു. ഇതാണ് ഗഫൂർ ഒരുദൗത്യമായി ഏറ്റെടുത്ത് “വബില്ലാഹി തൗഫീഖ് ‘ എന്ന പേരിൽ പൂർത്തിയാക്കിയത്.
പൊള്ളുന്ന മരുഭൂമിയിലെ ആടുജീവിതത്തിനിടക്ക് ആ ഉപ്പ എഴുതിയ മറുപടി വരികളാണ് ഗഫൂർ എഴുതി ശരീഫ് ചെമ്മാട് ആലപിച്ച് ദൃശ്യവത്കരിച്ചിരിക്കുന്നത്.
സക്കീർ സരിഗയാണ് ഓർക്കസ്ട്ര.
വിഷ്‌ണു സംവിധാനം ചെയ്ത ആൽബത്തിന് അബുദാബിയിലും നാട്ടിലുമായി റിയൽവ്യു അസീസ്, ജയൻ എന്നിവർ കാമറ നിർവഹിച്ചു. യൂട്യൂബിലൂടെയാണ് വിതരണം.
ബിസിനസുകാരനായ ഗഫൂർ ഇതിനകം ഇരുനൂറോളം ഗാനങ്ങളെഴുതിയിട്ടുണ്ട്. ആനുകാലികങ്ങളിൽ നിരവധി കഥകളും കവിതകളും എഴുതിയ ഇദ്ദേഹം നിരവധി നാടകങ്ങൾ രചിക്കുകയും സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.കൊടിഞ്ഞിയുടെ കുഴിക്കൂറുകൾ, തുരുത്ത് എന്നീ പുസ്‌തകങ്ങൾ രചിച്ചിട്ടുണ്ട്.
പാട്ട് വി.എം കുട്ടിക്ക് സമർപ്പിക്കുന്നതായി ഗഫൂർ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഗഫൂർ കൊടിഞ്ഞി, റിയൽവ്യു അസീസ്, അബ്ദുൽ ഗഫൂർ, സലിം മലയിൽ സംബന്ധിച്ചു.