കോവിഡ് വ്യാപനം തടയാൻ കൂടുതൽ നിയന്ത്രണങ്ങൾ, മലപ്പുറം എ കാറ്റഗറിയിൽ ഉൾപ്പെടുത്തി

കോവിഡ് വ്യാപനം തടയാൻ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ തീരുമാനം. ജില്ലയെ സി കാറ്റഗറിയിൽ ഉൾപ്പെടുത്തി. തിയറ്ററുകളും ജിംനേഷ്യങ്ങളും അടച്ചിടും.

കോളജുകളിൽ അവസാന സെമസ്റ്റർ ക്ലാസുകൾ മാത്രമേയുള്ളൂ. ബാക്കി ക്ലാസുകൾ ഓൺലൈനിലേക്ക് മാറ്റും. സാമൂഹിക, സാമുദായിക, രാഷ്ട്രീയ പരിപാടികൾ പാടില്ലെന്ന് നിർദേശം നൽകി. മതപരമായ ചടങ്ങുകൾ ഓൺലൈനായി നടത്താം. നിലവിലുള്ള മറ്റു നിയന്ത്രണങ്ങൾ തുടരും.

കൊല്ലം, തൃശൂർ, എറണാകുളം, വയനാട്, ഇടുക്കി, പാലക്കാട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളെ ബി കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇവിടെ പൊതുപരിപാടികൾക്ക് വിലക്കേർപ്പെടുത്തി. സ്വകാര്യ ചടങ്ങുകളിൽ 20 പേർ മാത്രം. കോട്ടയം, മലപ്പുറം, കണ്ണൂർ ജില്ലകളെ എ കാറ്റഗറിയിൽ ഉൾപ്പെടുത്തി. ഇവിടെ ചടങ്ങുകളിൽ 50 പേർക്കു പങ്കെടുക്കാം. കാസർകോടും കോഴിക്കോടും ഒരു കാറ്റഗറിയിലും ഇല്ല. ഇരു ജില്ലകളിലും ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെടുന്നവരുടെ എണ്ണത്തിൽ കുറവാണെന്നാണ് വിലയിരുത്തൽ. ജില്ലകളിലെ കോവിഡ് വ്യാപനം കണക്കാക്കുന്നതിന്  സ്വീകരിച്ച എ,ബി,സി വർഗീകരണം ചൊവ്വാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

സ്കൂളുകളിലും കോളജുകളിലും തുടർച്ചയായി മൂന്ന് ദിവസത്തെ വിദ്യാർഥികളുടെ ഹാജർ നില 40 ശതമാനത്തിൽ കുറവാണെങ്കിൽ സ്ഥാപനം ക്ലസ്റ്റർ ആയി കണക്കാക്കി രണ്ടാഴ്ച അടച്ചിടാൻ  അവലോകന യോഗത്തിൽ തീരുമാനമായി. 

ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽനിന്ന് (ജനുവരി 1) ഇരട്ടിയാവുകയാണെങ്കിൽ, ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് 50 ശതമാനത്തിൽ കൂടുതലാവുകയാണെങ്കിലോ ആണ് അവ കാറ്റഗറി എയിൽ ഉൾപ്പെടുന്നത്.

ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 10 ശതമാനത്തിൽ കൂടുതൽ കോവിഡ് രോഗികൾ ആകുന്നുവെങ്കിൽ, ഐസിയുവിൽ പ്രവേശിപ്പിക്കപ്പെട്ട കോവിഡ് രോഗികളുടെ നിരക്ക് ബേസ് ലൈൻ തീയതിയിൽനിന്ന് ഇരട്ടിയാവുകയാണെങ്കിൽ അവ കാറ്റഗറി ബിയിൽ ഉൾപ്പെടും. ആശുപതിയിൽ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ള രോഗികളിൽ 25 ശതമാനത്തിൽ കൂടുതൽ കോവിഡ് ആകുന്നെങ്കിൽ സി കാറ്റഗറിയിൽ ഉൾപ്പെടുത്തും.

error: Content is protected !!