കോവിഡ് വ്യാപനം ; ആശുപത്രികളില്‍ എത്തുന്നവര്‍ മാസ്‌ക് ധരിക്കണം, മന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നത തല യോഗം ചേര്‍ന്നു

തിരുവനന്തപുരം : സംസ്ഥാനത്ത് കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആശുപത്രികളില്‍ ആരോഗ്യപ്രവര്‍ത്തകരും ആശുപത്രികളില്‍ എത്തുന്ന രോഗികളും മാസ്‌ക് ഉപയോഗിക്കണമെന്ന് വീണാ ജോര്‍ജ് വിളിച്ചു ചേര്‍ത്ത ഉന്നതല യോഗത്തില്‍ നിര്‍ദേശം. മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടില്ലെങ്കിലും മുന്‍കരുതലായും രോഗ വ്യാപനം തടയാനും ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. കോവിഡ് വ്യാപനം നിയന്ത്രണ വിധേയമെന്ന് യോഗം വിലയിരുത്തി. നിലവിലെ സാഹചര്യത്തില്‍ കടുത്ത നിയന്ത്രണങ്ങള്‍ ആവശ്യമില്ല. എറണാകുളം, തിരുവനന്തപുരം ജില്ലകളിലാണ് കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. ഈ ജില്ലകളില്‍ പ്രത്യേക ശ്രദ്ധ വേണമെന്നും യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.

ആവശ്യത്തിന് ഐസൊലേഷന്‍,ഐസിയു ബെഡുകള്‍ ഉറപ്പാക്കണമെന്നും യോഗം നിര്‍ദേശം നല്‍കി. മരണകണക്കില്‍ ആശങ്ക വേണ്ടെന്നും യോഗം വ്യക്തമാക്കി. റാന്‍ഡം പരിശോധന നടത്തേണ്ടെന്നും രോഗലക്ഷണമുള്ളവര്‍ക്ക് കോവിഡ് പരിശോധന കൂടി നടത്താനും ജനിതക ശ്രേണീകരണത്തിന് വേണ്ടി സാംപിളുകള്‍ അയക്കാനും നിര്‍ദേശം നല്‍കി. മാത്രമല്ല ഈ മാസത്തില്‍ കോവിഡ് പരിശോധന കൂട്ടുകയും ചെയ്തു. സുരക്ഷാ ഉപകരണങ്ങളും മരുന്നുകളും ആവശ്യത്തിന് സ്റ്റോക്കുണ്ട്. കൂടുതല്‍ സുരക്ഷാ ഉപകരണങ്ങളും പരിശോധനാ കിറ്റുകളും സജ്ജമാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

error: Content is protected !!