തപാല്‍വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന് ജി സുധാകരന്‍ ; കേസെടുത്ത് പൊലീസ്

ആലപ്പുഴ : തപാല്‍വോട്ട് പൊട്ടിച്ച് തിരുത്തിയെന്ന വെളിപ്പെടുത്തലില്‍ മുന്‍ മന്ത്രി ജി.സുധാകരനെതിരെ കേസെടുത്ത് പൊലീസ്. 1989 ഇല്‍ കെ വി ദേവദാസ് ആലപ്പുഴയില്‍ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിച്ചപ്പോള്‍ പോസ്റ്റല്‍ ബാലറ്റുകള്‍ പൊട്ടിച്ച് തിരുത്തി എന്ന വെളിപ്പെടുത്തലിലാണ് കേസ്. ജനപ്രാതിനിധ്യ നിയമത്തിലെ ബൂത്തുപിടിത്തം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്.

ഇന്നലെ അമ്പലപ്പുഴ തഹസില്‍ദാര്‍ സുധാകരന്റെ വീട്ടിലെത്തി മൊഴിയെടുത്തിരുന്നു. വിവാദ പരാമര്‍ശം തിരുത്തിയാണ് തഹസില്‍ദാര്‍ക്ക് മൊഴി നല്‍കിയത്. കേസെടുക്കാന്‍ ജില്ലാ പൊലീസ് മേധാവിയോടു കലക്ടര്‍ നിര്‍ദേശിച്ചിരുന്നു.

പോസ്റ്റല്‍ ബാലറ്റുകളില്‍ കൃത്രിമം നടത്തിയെന്ന പ്രസ്താവന ജി സുധാകരന്‍ തിരുത്തിയെങ്കിലും നിയമ നടപടികളുമായി മുന്നോട്ട് പോകുകയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടില്ലെന്നും താന്‍ തപാല്‍ ബാലറ്റ് തുറന്നു നോക്കിയിട്ടില്ലെന്നും ചേര്‍ത്തല കടക്കരപ്പള്ളിയില്‍ സിപിഐ സംഘടിപ്പിച്ച പരിപാടിയില്‍ ജി സുധാകരന്‍ പറഞ്ഞു. ലേശം ഭാവന കലര്‍ത്തി പറഞ്ഞതു മാധ്യമങ്ങള്‍ വലിയ വാര്‍ത്തയാക്കിയതാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.

1989 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പോസ്റ്റല്‍ ബാലറ്റുകള്‍ ആലപ്പുഴ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ എത്തിച്ച് തിരുത്തി എന്നാണ് ജി സുധാകരന്‍ പരസ്യമായി പറഞ്ഞത്. സിപിഎമ്മിന്റെ സര്‍വീസ് സംഘടനയായ കെഎസ്ടിഎയുടെ നേതാവായിരുന്ന കെ.വി.ദേവദാസ് ആലപ്പുഴയില്‍ മത്സരിച്ചപ്പോള്‍ ഇലക്ഷന്‍ കമ്മിറ്റി സെക്രട്ടറിയായിരുന്നു ഞാന്‍. ജില്ലാ കമ്മിറ്റി ഓഫിസില്‍ വച്ച് ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ ചേര്‍ന്നു പോസ്റ്റല്‍ വോട്ടുകള്‍ പൊട്ടിച്ചു തിരുത്തിയിട്ടുണ്ട്. അന്നു സിപിഎം സര്‍വീസ് സംഘടനകളിലെ അംഗങ്ങളുടെ വോട്ടില്‍ 15% ദേവദാസിന് എതിരായിരുന്നു എന്നായിരുന്നു സുധാകരന്റെ പ്രസ്താവന.

വിവാദത്തിന് പിന്നാലെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിയമ നടപടികളിലേക്ക് നീങ്ങിയതോടെ സുധാകരന്‍ തിരുത്തി. എന്നാല്‍ വിവാദ പ്രസംഗത്തിന്റെ വീഡിയോ തെളിവായി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടികള്‍ തുടരുമെന്നാണ് സൂചന.

ഇതിനിടെ, 1989 ലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെവി ദേവദാസ് ജി സുധാകരനെ തള്ളി രംഗത്തെത്തി. പോസ്റ്റല്‍ വോട്ടുകള്‍ തിരുത്തിയിട്ടില്ലെന്നും മാധ്യമങ്ങളിലൂടെയാണ് ജി സുധാകരന്റെ പ്രസ്താവന ശ്രദ്ധയില്‍ പ്പെട്ടതെന്നും കെവി ദേവദാസ് പ്രതികരിച്ചു. ഇടതുപക്ഷ അധ്യാപക സംഘടന നേതാവായിരുന്ന കെ വി ദേവദാസ് 18000 വോട്ടിനാണ് വക്കം പുരുഷോത്തമനോട് അന്ന് തോല്‍ക്കുന്നത്. 36 വര്‍ഷം മുന്‍പത്തെ സംഭവമായതിനാല്‍ തെളിവുകള്‍ കണ്ടെത്തുക പ്രയാസമാകുമെന്നും വിശദമായ അന്വേഷണം വേണ്ടി വരുമെന്നുമാണ് പൊലീസ് കരുതുന്നത്. അതിനാല്‍ നിയമോപദേശം ലഭിച്ച ശേഷം മാത്രമേ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുക്കൂ.

error: Content is protected !!