നന്നമ്പ്ര : തെയ്യാല അങ്ങാടിയിലെ തോട്ടില്‍ മാലിന്യം കുമിഞ്ഞു കൂടി. നന്നമ്പ്ര പഞ്ചായത്തിലെ പ്രധാന ടൗണും തൊട്ടടുത്ത ഒഴൂര്‍ പഞ്ചായത്തിലുള്ളവരും ആശ്രയിക്കുന്ന തെയ്യാല അങ്ങാടിയില്‍ ജംക്ഷനു സമീപത്തെ തോട്ടിലാണ് പ്ലാസ്റ്റിക് ഉള്‍പ്പെടെയുള്ള മാലിന്യം നിറഞ്ഞിരിക്കുന്നത്. പ്ലാസ്റ്റിക് കുപ്പികള്‍, ചാക്കുകള്‍ തുടങ്ങിയ മാലിന്യങ്ങളാണ് തോട്ടില്‍ തള്ളിയിട്ടുള്ളത്. ടൗണിന്റെ ഹൃദയഭാഗത്തു തന്നെയാണ് മലിനമായ തോടുള്ളത്. അങ്ങാടിയിലെ മാലിന്യങ്ങളും മറ്റും ഇവിടെ തള്ളുകയാണെന്ന് നാട്ടുകാര്‍ പറഞ്ഞു.
പലപ്പോഴും മത്സ്യക്കച്ചവടവും ഇതിനു സമീപമാണ്. താനൂര്‍, തിരൂര്‍, താനാളൂര്‍, ഒഴൂര്‍, വെന്നിയൂര്‍, കുണ്ടൂര്‍, ചെറുമുക്ക്, തിരൂരങ്ങാടി, ചെമ്മാട്, കൊടിഞ്ഞി തുടങ്ങിയ ഭാഗങ്ങളിലേക്ക് പോകുന്ന യാത്രക്കാര്‍ ഇവിടെയാണ് ബസ് കാത്തു നില്‍ക്കുന്നത്. ദുര്‍ഗന്ധവും കൊതുകു കടിയും സഹിച്ചു വേണം ഇവിടെ നില്‍ക്കാന്‍. മഴക്കാല പൂര്‍വ ശുചീകരണം എല്ലായിടത്തും നടന്നിരുന്നെങ്കിലും ഇവിടെ മാലിന്യങ്ങള്‍ ബാക്കിയാണ്. ദിവസവും ഇവിടെ മാലിന്യം തള്ളുന്നുണ്ടെന്നാണ് നാട്ടുകാര്‍ പറയുന്നത്. മാലിന്യം തള്ളുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും തോട് നന്നാക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.