Friday, July 25

നഴ്‌സ് ആത്മഹത്യ ചെയ്ത സംഭവത്തിൽ ജനറൽ മാനേജർ റിമാൻഡിൽ

കുറ്റിപ്പുറം : സ്വകാര്യ ആശുപത്രിയിലെ നഴ്സ് ആത്മഹത്യചെയ്ത സംഭവത്തില്‍ പ്രതിയായ ജനറല്‍ മാനേജർ വളാഞ്ചേരി കാവുംപുറം സ്വദേശി അബ്ദുല്‍ റഹ്മാനനെ പോലീസ് അറസ്റ്റ് ചെയ്തു. കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
എറണാകുളം കോതമംഗലത്തെ സ്വകാര്യ സ്ഥാപനത്തില്‍ ഒ.ടി ടെക്നീഷ്യൻ കോഴ്സിനു ചേർന്ന് പഠിക്കുകയായിരുന്ന അടിവാട് സ്വദേശിനി അമീനയാണ് ആത്മഹത്യ ചെയ്തത്.

ആറു മാസം തിയറിയും ഒരു വർഷം പ്രാക്ടിക്കല്‍ പഠനവുമായിരുന്നു കോഴ്സിലുണ്ടായിരുന്നത്. പഠിക്കുന്ന സ്ഥാപനമാണ് പ്രാക്ടിക്കല്‍ പഠനത്തിനായി അമീനയെ കുറ്റിപ്പുറത്തെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത്. കോഴ്സ് കഴിഞ്ഞ് വിദേശത്ത് ജോലിയായിരുന്നു അമീനയുടെ ലക്ഷ്യം. 2024 ഡിസംബറില്‍ പ്രാക്ടിക്കല്‍ പഠനം പൂർത്തിയായെങ്കിലും ആറു മാസംകൂടി നിന്നാലേ പരിചയസർട്ടിഫിക്കറ്റ് തരൂവെന്ന് ജനറല്‍ മാനേജർ പറഞ്ഞു.
ഇതുപ്രകാരം ജൂണില്‍ ആറു മാസം കഴിയാനിരിക്കെ ഗള്‍ഫില്‍ ജോലി ശരിയായ അമീന പരിചയസർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. എന്നാല്‍, തരാൻ കഴിയില്ലെന്നായിരുന്നു ജനറല്‍ മാനേജറുടെ മറുപടി. ഒടുവില്‍ അമീനയുടെ ബന്ധുക്കള്‍ എത്തി സംസാരിച്ചതനുസരിച്ച്‌ ഒരു മാസംകൂടി ആശുപത്രിയില്‍ തുടരാൻ തീരുമാനമായി.

ജൂലൈ 16ന് ജോലിയില്‍നിന്ന് പിരിയാൻ തീരുമാനിച്ച അമീന 12ന് ജനറല്‍ മാനേജറുടെ കാബിനില്‍ എത്തി സർട്ടിഫിക്കറ്റ് ആവശ്യപ്പെട്ടു. ഇത് ലഭിക്കാത്തതില്‍ മനംനൊന്താണ് അമീന ആത്മഹത്യ ചെയ്തതെന്നാണ് അന്വേഷണ സംഘം പറയുന്നത്. അമിതമായി ഗുളിക കുടിച്ച നിലയിൽ മുകൾ നിലയിൽ കാണ്ടെത്തുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു.

ആറു മാസം മുമ്ബ് ആശുപത്രിയില്‍നിന്ന് പോകാൻ ഒരുങ്ങിയശേഷം അമീന ജനറല്‍ മാനേജറുടെ കൊടിയ പീഡനങ്ങള്‍ക്ക് ഇരയായെന്ന് ഡിവൈ.എസ്.പി പ്രേമാനന്ദൻ പറഞ്ഞു.
അറിയാത്ത ജോലികള്‍ അടക്കം ചെയ്യാൻ നിർബന്ധിച്ചു. അല്ലാത്തപക്ഷം പരിചയസർട്ടിഫിക്കറ്റ് തരില്ലെന്ന് ഭീഷണിപ്പെടുത്തി. ആശുപത്രിയിലെ എല്ലാ ജീവനക്കാരും ജനറല്‍ മാനേജറുടെ മോശം പെരുമാറ്റത്തെക്കുറിച്ച്‌ പൊലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്.

മുൻ ജീവനക്കാരും സ്റ്റേഷനിലെത്തി പരാതി നല്‍കി. ഒളിവില്‍ പോയ ജനറല്‍ മാനേജരെ കഴിഞ്ഞ ദിവസമാണ് പൊലീസ് പിടികൂടിയത്. മലപ്പുറം ജില്ല പൊലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം തിരൂർ ഡിവൈ.എസ്.പി പ്രേമാനന്ദകൃഷ്ണൻ, കുറ്റിപ്പുറം എസ്.എച്ച്‌.ഒ നൗഫല്‍, എസ്.ഐ ഗിരി എന്നിവരുടെ നേതൃത്വത്തില്‍ എസ്.ഐ നവീൻ, തിരൂർ ഡാൻസാഫ് അംഗങ്ങളായ എസ്.ഐ ജയപ്രകാശ്, എ.എസ്.ഐ രാജേഷ്, ജയപ്രകാശ്, സുധാകരൻ, എസ്.സി.പി.ഒ സനീഷ്, ഷെറിൻ ജോണ്‍ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്. ബുധനാഴ്ച കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

error: Content is protected !!