വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം സെക്ഷന്‍ ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി

വേങ്ങര :വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം സെക്ഷന്‍ ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായി. വേങ്ങര ഗ്രാമപഞ്ചായത്ത് ഭരണസമിതി തീരുമാന പ്രകാരം ഗ്രാമപഞ്ചായത്ത് മെമ്പറായ യൂസുഫലി വലിയോറ സ്ഥലം എം.എല്‍.എ പി.കെ കുഞ്ഞാലിക്കുട്ടിക്കും ജല വിഭവകുപ്പ് മന്ത്രി റോഷി അഗസ്റ്റിനും നല്‍കിയ നിവേദനത്തെ തുടര്‍ന്നാണ് ഓഫീസ് അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവായത്.

തിരൂരങ്ങാടി ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ് വിഭജിച്ചാണ് വേങ്ങരയില്‍ പുതിയ ഓഫീസ് അനുവദിച്ചിട്ടുള്ളത്. വേങ്ങരയില്‍ ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസ് ഇല്ലാത്തതിനാല്‍ കാര്‍ഷിക ജലസേചന പദ്ധതികള്‍ പാടെ താളം തെറ്റിയ അവസ്ഥയിലായിരുന്നു. ഓഫീസ് അനുവദിച്ചതോടെ ഈ വിഷയത്തിന് ശാശ്വത പരിഹാരമായിരിക്കുകയാണ്.

വേങ്ങര പഞ്ചായത്ത് പതിനേഴാം വാര്‍ഡിലെ വലിയോറ ബാക്കിക്കയം റെഗുലേറ്ററിന്റെ സമീപമുള്ള ജലനിധിയുടെ ഉടമസ്ഥയിലുള്ള കെട്ടിടത്തിലാണ് പുതിയ ഓഫീസ് പ്രവര്‍ത്തനമാരംഭിക്കുക. വേങ്ങര നിയോജക മണ്ഡലത്തിലെ 6 പഞ്ചായത്തുകളിലായി 5000 കൃഷി സ്ഥലമുണ്ട്. 15 ലധികം പാടശേഖരങ്ങളും ഉണ്ട് ഇവിടങ്ങളിലെ കാര്‍ഷിക വികസനത്തിന് കൂടുതല്‍ ഉണര്‍വേകാന്‍ വേങ്ങര ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെയും വേങ്ങര നിയോജക മണ്ഡലം പരിധിയും 7 പഞ്ചായത്തുകള്‍ കൂട്ടിച്ചേര്‍ത്ത് ചെറുകിട ജലസേചന വിഭാഗം ഓഫീസ് വേണമെന്ന് കര്‍ഷകരുടെയും വിവിധ ജനപ്രതിനിധികളുടെയും കാലങ്ങളായുള്ള ആവശ്യമാണ് ഇതോടെ സഫലീകരിക്കുന്നത്.

വേങ്ങര, എ.ആര്‍ നഗര്‍, തെന്നല, എടരിക്കോട് എന്നീ പഞ്ചായത്തുകളിലെ കര്‍ഷകരും ജനപ്രതിനിധികളുമാണ് ആവശ്യവുമായി രംഗത്തിറങ്ങിയിരുന്നത്. ഈ പഞ്ചായത്തുകള്‍ എല്ലാം നിലവില്‍ തിരൂരങ്ങാടി ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയറുടെ ഓഫീസിന് കീഴിലായിരുന്നു. നിലവില്‍ തിരൂരങ്ങാടി ഓഫീസില്‍ ജോലിഭാരം കൂടിയതിനാല്‍ കാര്‍ഷിക ജലസേചന പദ്ധതികള്‍ക്ക് അപര്യാപ്തമായ അവസ്ഥയും അടിസ്ഥാന കാര്‍ഷിക ജലസേചന പദ്ധതികള്‍ തയ്യാറാക്കുന്നതിന് തടസ്സവും നേരിട്ടിരുന്നു. ഓരോ വര്‍ഷവും ലഭ്യമാകുന്ന ഫണ്ടുകള്‍ ഇത്രയും ഭാഗങ്ങളില്‍ നടപ്പിലാക്കുന്നതിനും പ്രയാസങ്ങള്‍ നിലനിന്നിരുന്നു. പുതിയ സാഹചര്യത്തില്‍ വേങ്ങര കേന്ദ്രീകരിച്ച് ചെറുകിട ജലസേചന വിഭാഗം അസിസ്റ്റന്റ് എന്‍ജിനീയര്‍ ഓഫീസ് തുടങ്ങുന്നതോടെ ഈ പ്രശ്‌നത്തിന് ശാശ്വത പരിഹാരമാകും എന്നാണ് കര്‍ഷകരുടെയും ജനപ്രതികളുടെയും പ്രതീക്ഷ.

error: Content is protected !!