Saturday, July 26

ഗോവിന്ദച്ചാമിയുടെ ജയില്‍ ചാട്ടം ; വീഴ്ച സമ്മതിച്ച് ജയില്‍ മേധാവി ; നാല് ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കണ്ണൂര്‍ : ഗോവിന്ദചാമിയുടെ ജയില്‍ചാട്ടവുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ നാല് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി. ഹെഡ് വാര്‍ഡനെയും മൂന്ന് വാര്‍ഡന്‍മാരെയും അന്വേഷണവിധേയമായി സസ്പെന്‍ഡ് ചെയ്തു. ജയിലുദ്യോഗസ്ഥര്‍ക്ക് വീഴ്ചയുണ്ടായെന്ന് ജയില്‍ മേധാവി എഡിജെപി ബല്‍റാം കുമാര്‍ ഉപാധ്യായ പ്രതികരിച്ചു.

ഇന്നലെ രാത്രി ജയിലില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരെയാണ് സസ്‌പെന്റ് ചെയ്തത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ അസിസ്റ്റന്റ് സൂപ്രണ്ട് റിജോ, ഡെപ്യൂട്ടി പ്രിസണ്‍ ഓഫീസര്‍ രജീഷ്, അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസര്‍മാരായ സഞ്ജയ്, അഖില്‍ എന്നിവരെയുമാണ് അടിയന്തിരമായി സര്‍വീസില്‍ നിന്ന് സസ്‌പെന്റ് ചെയ്തത്. ഇന്നലെ രാത്രി ജയിലില്‍ മേല്‍നോട്ട ചുമതലയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്കും ഗോവിന്ദചാമിയെ പാര്‍പ്പിച്ചിരുന്ന പത്താം ബ്ലോക്കില്‍ നിരീക്ഷണ ചുമതലയുണ്ടായിരുന്ന ഉദ്യോഗസ്ഥരെയുമാണ് അന്വേഷണ വിധേയമായി മാറ്റി നിര്‍ത്തിയത്.

വ്യക്തമായ ആസൂത്രണത്തോടെയാണ് ഗോവിന്ദചാമി ജയില്‍ ചാടിയതെന്ന് ബല്‍റാം കുമാര്‍ ഉപാധ്യായ പറഞ്ഞു. സംഭവത്തില്‍ ജയില്‍ ഉദ്യോഗസ്ഥരുടെ ഭാഗത്ത് വീഴ്ച സംഭവിച്ചിട്ടുണ്ട്. ആരെയും ഇപ്പോള്‍ കുറ്റപ്പെടുത്താനില്ല. ഉടന്‍ പിടികൂടാനായത് ആശ്വാസമാണ്. കണ്ണൂര്‍ റേഞ്ച് ഡിഐജി സംഭവം വിശദമായി അന്വേഷിക്കും. വിവരം അറിയാന്‍ വൈകി. ആദ്യം ജയിലിനുള്ളിലാണ് പരിശോധിച്ചത്. നാലര മണിയോടെയാണ് ഇയാള്‍ ജയില്‍ ചാടിയത്. പൊലീസിനെ അറിയിക്കാന്‍ വൈകിയെന്നും എങ്കിലും ഉടനെ പിടിക്കാനായത് ആശ്വാസമെന്നും അദ്ദേഹം പറഞ്ഞു.

അല്പസമയം മുന്‍പാണ് ഗോവിന്ദച്ചാമിയെ തളാപ്പിലെ ഒരു കെട്ടിടത്തിലെ കിണറ്റില്‍ നിന്ന് പിടികൂടിയത്. സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് ഗോവിന്ദച്ചാമിയിലേക്ക് എത്തിച്ചത്. ഒരു കയ്യില്ലാത്തയാളെ നാട്ടുകാരിലൊരാള്‍ കണ്ടതും അദ്ദേഹത്തിനുണ്ടായ സംശയവുമാണ് ഗോവിന്ദച്ചാമിയെ പിടികൂടാന്‍ സഹായകമായത്.

കണ്ണൂര്‍ ബൈപ്പാസ് റോഡില്‍ വെച്ചാണ് റോഡിന്റെ വലതുവശം ചേര്‍ന്ന് ഒരാള്‍ നടന്നുപോകുന്നതായി കണ്ടത്. തലയില്‍ ഒരു ഭാണ്ഡക്കെട്ടുമുണ്ടായിരുന്നു. സംശയം തോന്നിയതോടെ എടാ എടാ എന്ന് വിളിച്ചു. പിന്നാലെ റോഡ് ക്രോസ് ചെയ്ത് ഗോവിന്ദചാമിയെന്ന് വിളിക്കുകയായിരുന്നു. പിന്നാലെ മതില്‍ചാടി ഓടുകയായിരുന്നുവെന്നാണ് വിവരം.

പുലര്‍ച്ചെ 1.15 നാണ് ഗോവിന്ദച്ചാമി ജയില്‍ചാടിയത്. അതീവ സുരക്ഷാ ജയിലിന്റെ സെല്ലിന്റെ കമ്പികള്‍ മുറിച്ചുമാറ്റിയാണ് പുറത്തേക്ക് കടന്നത്. ശേഷം ക്വാറന്റൈന്‍ ബ്ലോക്ക് (പകര്‍ച്ചാവ്യാധികള്‍ പിടിപ്പെട്ടാല്‍ മാത്രം പ്രതികളെ താമസിക്കുന്ന ബ്ലോക്ക്) വഴി കറങ്ങി കൈവശമുണ്ടായിരുന്ന വസ്ത്രങ്ങളുമായി മതിലിന്റെ വശത്തേക്ക് പോകുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു. മതിലിന്റെ മുകളില്‍ ഇരുമ്പ് കമ്പി വെച്ചുള്ള ഫെന്‍സിംഗ് ഉണ്ട്. ഈ വസ്ത്രങ്ങള്‍ കൂട്ടിക്കെട്ടി പുറത്തേക്ക് കടക്കുകയായിരുന്നു. ഒരേ തുണി ഉപയോഗിച്ചാണ് മതിലിലേക്ക് വലിഞ്ഞ് കയറിയതും പുറത്തേക്ക് ഇറങ്ങിയതും.

error: Content is protected !!