തിരുവനന്തപുരം : പൊതുസ്ഥലത്തും ജലാശയങ്ങളിലുമടക്കം മാലിന്യം വലിച്ചെറിയുന്നവര്‍ക്ക് കടുത്ത ശിക്ഷ നല്‍കാന്‍ സര്‍ക്കാര്‍ ഓര്‍ഡിനന്‍സ് പുറത്തിറക്കുന്നു. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാല്‍ 1000 രൂപ മുതല്‍ 50000 രൂപവരെ പിഴയീടാക്കുന്ന വ്യവസ്ഥ ചെയ്യുന്ന ഓര്‍ഡിനന്‍സാണ് സര്‍ക്കാര്‍ പുറത്തിറക്കുന്നത്. പിഴ കൂടാതെ ആറുമാസം മുതല്‍ ഒരുവര്‍ഷം വരെ തടവ് ശിക്ഷയും ഓര്‍ഡിനന്‍സില്‍ വ്യവസ്ഥ ചെയ്യും. മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. ഗവര്‍ണറുടെ അനുമതി ലഭിക്കുന്ന മുറക്ക് ഓര്‍ഡിനന്‍സ് നിലവില്‍ വരും.
ജലാശയങ്ങളിലേക്കു മാലിന്യം വലിച്ചെറിഞ്ഞാലോ മലിനജലം തള്ളിയാലോ ജാമ്യമില്ലാ കുറ്റമായി കണക്കാക്കുകയും 10,000 രൂപ മുതല്‍ 50,000 രൂപ വരെ പിഴയും 6 മാസം മുതല്‍ ഒരു വര്‍ഷം വരെ തടവുശിക്ഷയും ലഭിക്കുന്ന വകുപ്പുകള്‍ ഉള്‍പ്പെടുത്തി. പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിഞ്ഞാലോ കത്തിച്ചാലോ 5000 രൂപ പിഴ ചുമത്തും. 15 ദിവസത്തിനകം പിഴ അടച്ചില്ലെങ്കില്‍ നിയമനടപടികള്‍ക്ക് വിധേയമാക്കും.
നൂറിലധികം ആളുകള്‍ പങ്കെടുക്കുന്ന പരിപാടികള്‍ മൂന്ന് ദിവസം മുന്‍പായി തദ്ദേശ സ്ഥാപനങ്ങളെ അറിയിച്ച് മാലിന്യസംസ്‌കരണത്തിനു ഫീസ് അടയ്ക്കണമെന്നും വ്യവസ്ഥയുണ്ട്. മാലിന്യ ശേഖരണത്തിനുള്ള യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ പിഴ ഈടാക്കാം. ?മാലിന്യ നിര്‍മാര്‍ജനത്തില്‍ വീഴ്ച വരുത്തുന്ന തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാര്‍ക്കെതിരെ നടപടിയുണ്ടാകും. അശാസ്ത്രീയമായി മാലിന്യം കൈകാര്യം ചെയ്യുന്നത് തടയുകയാണ് ലക്ഷ്യം. മാലിന്യം ശേഖരിക്കുന്നതിന് മാസം തോറുമുള്ള യൂസര്‍ ഫീ നല്‍കിയില്ലെങ്കില്‍ മൂന്ന് മാസത്തിന് ശേഷം 50 ശതമാനം പിഴയോടെ ഈടാക്കാം.
നിയമവിരുദ്ധമായി മാലിന്യം കൊണ്ടുപോകുന്ന വാഹനങ്ങള്‍ കണ്ടുകെട്ടാനും വ്യവസ്ഥയുണ്ട്. പൊതുസ്ഥലത്ത് മാലിന്യപ്രശ്‌നം ഉണ്ടായാല്‍ തദ്ദേശ സെക്രട്ടറിയോ ബന്ധപ്പെട്ട ഉദ്യോഗസ്ഥനോ ഉത്തരവാദിയാകും. ഇവര്‍ നടപടി നേരിടേണ്ടി വരും. നിര്‍ദേശങ്ങള്‍ പാലിക്കാത്ത തദ്ദേശ സ്ഥാപനങ്ങള്‍ക്കെതിരെയും സംസ്ഥാന സര്‍ക്കാര്‍ പിഴ ചുമത്തും. വാണിജ്യസ്ഥാപനങ്ങളുടെ പരിസരത്ത് മാലിന്യം വലിച്ചെറിയുകയോ കത്തിക്കുകയോ ചെയ്താല്‍ 5000 രൂപ പിഴയീടാക്കും.