ഹജ്ജ് ക്യാമ്പ് 2025 – ഒരുക്കങ്ങള്‍ പൂര്‍ണ്ണം ; തീര്‍ത്ഥാടകര്‍ വെള്ളിയാഴ്ച മുതല്‍ എത്തിത്തുടങ്ങും : ആദ്യ വിമാനം കരിപ്പൂരില്‍ നിന്നും ശനിയാഴ്ച പുലര്‍ച്ചെ 1.10 ന്

കരിപ്പൂര്‍ : ദേശ, ഭാഷ, വര്‍ണ്ണങ്ങള്‍ക്കപ്പുറം ഒരേ മനസ്സും, ഒരേ മന്ത്രവുമായി വിശുദ്ധ ഗേഹം ലക്ഷ്യമാക്കി നീങ്ങുന്ന ഹജ്ജ് തീര്‍ത്ഥാടകരെ സ്വീകരിക്കാനൊരുങ്ങി ഹജ്ജ് ക്യാമ്പുകള്‍. തീര്‍ത്ഥാടകരെ ഹൃദ്യമായി സ്വീകരിക്കുന്നതിനും പ്രയാസ രഹിതമായി യാത്രായാക്കുന്നതിനും ആവശ്യമായ എല്ലാ സജ്ജീകരണങ്ങളും ഒരുക്കങ്ങളും കരിപ്പൂര്‍ ഹജ്ജ് ക്യാമ്പില്‍ പൂര്‍ത്തിയായി. ഹാജിമാരെ സ്വീകരിക്കുന്നതിന് ഹജ്ജ് ഹൗസിന്റെ ഇരു കെട്ടിടങ്ങളും പൂര്‍ണ്ണ സജ്ജമായിട്ടുണ്ട്. വിമാനത്താവളത്തിലും ഹാജിമാര്‍ക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. ഹജ്ജ് അപേക്ഷാ സമര്‍പ്പണം ആരംഭിച്ചത് മുതല്‍ തീര്‍ത്ഥാടകരുടെ പുറപ്പെടല്‍ വരെയുള്ള വിവിധ തലങ്ങളിലുള്ള എല്ലാ പ്രവര്‍ത്തനങ്ങളും സുഗമവും തീര്‍ത്ഥാടക സൗഹൃദവുമാക്കുന്നതിന് സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടേയും നേതൃത്വത്തില്‍ സമയബന്ധിതമായ പ്രവര്‍ത്തനങ്ങളാണ് നടത്തിക്കൊണ്ടിരിക്കുന്നത്.

സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന 16194 പേരാണ് വിവിധ എംബാര്‍ക്കേഷന്‍ പോയന്റുകള്‍ വഴി ഈ വര്‍ഷം യാത്രയാവുക. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള 348 പേരും ഇതില്‍ ഉള്‍പ്പെടും. ആകെ തീര്‍ത്ഥാടകരില്‍ 6630 പേര്‍ പുരുഷന്മാരും 9564 പേര്‍ സ്ത്രീകളുമാണ്. കോഴിക്കോട് (കരിപ്പൂര്‍) എംബാര്‍ക്കേഷന്‍ വഴി 5393 പേരും കൊച്ചി വഴി 5990, കണ്ണൂര്‍ വഴി 4811പേരുമാണ് യാത്രയാവുക. സംസ്ഥാനത്ത് നിന്നുളള 24 പേര്‍ രാജ്യത്തെ ഇതര സംസ്ഥാനങ്ങളിലെ എംബാര്‍ക്കേഷന്‍ പോയിന്റുകള്‍ വഴിയാണ് പുറപ്പെടുക. മൊത്തം തീര്‍ത്ഥാടകരില്‍ 512 പേര്‍ അറുപത്തിയഞ്ച് വയസ് കഴിഞ്ഞ റിസര്‍വ്ഡ് കാറ്റഗറിയില്‍ പെട്ടവരും 2311 പേര്‍ ലേഡീസ് വിത്തൗട്ട് മെഹ്‌റം വിഭാഗത്തില്‍ നിന്നുളളവരും ശേഷിക്കുന്നവര്‍ ജനറല്‍ വിഭാഗത്തില്‍ പെട്ടവരുമാണ്. ആദ്യ രണ്ട് വിഭാഗങ്ങള്‍ക്ക് നേരിട്ട് അവസരം ലഭിച്ചിരുന്നു. അവസാന വര്‍ഷം (2024) ല്‍ 18200 പേരാണ് സംസ്ഥാനത്ത് നിന്നും പുറപ്പെട്ടിരുന്നത്.

കോഴിക്കോട് നിന്നും മെയ് 10 ന് പുലര്‍ച്ചെ 01.10 ന് നാണ് ആദ്യ വിമാനം. എയര്‍ ഇന്ത്യ എക്‌സ്പ്രസിന്റെ ഐ.എക്‌സ് 3011 നമ്പര്‍ വിമാനത്തില്‍ 172 പേര്‍ പുറപ്പെടും. ഇതില്‍ 77 പേര്‍ പുരുഷന്മാരും 95 പേര്‍ സ്ത്രീകളുമാണ്. സഊദി സമയം പുലര്‍ച്ചെ 4.35 ന് സഊദിയിലെത്തും. അതേ ദിവസം വൈകുന്നേരം 4.30 ന് പുറപ്പെടുന്ന വിമാനം രാത്രി എട്ട് മണിക്ക് സഊദിയിലെത്തും. ആദ്യ വിമാനത്തിലേക്കുള്ള തീര്‍ത്ഥാടകര്‍ വെള്ളിയാഴ്ച രാവിലെ 9 മണിക്കും രണ്ടാമത്തെ വിമാനത്തിലെ തീര്‍ത്ഥാടകര്‍ വെള്ളിയാഴ്ച വൈകുന്നേരം നാല് മണിക്കും ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യണം.

കരിപ്പൂര്‍ എയര്‍പോര്‍ട്ടിലെ പില്ലര്‍ നമ്പര്‍ അഞ്ചിലാണ് തീര്‍ത്ഥാടകര്‍ ആദ്യം എത്തേണ്ടത്. ഇവിടെ ലഗേജുകള്‍ കൈമാറിയ ശേഷം ഹജ്ജ് കമ്മിറ്റി പ്രത്യേകം ഒരുക്കിയ ബസില്‍ തീര്‍ത്ഥാടകരെ ഹജ്ജ് ക്യാമ്പിലേക്ക് എത്തിക്കും. എയര്‍പോര്‍ട്ടില്‍ തീര്‍ത്ഥാടകരുടെ ലഗേജുകള്‍ കൈമാറുന്നതിനും മറ്റു സഹായങ്ങള്‍ക്കുമായി പ്രത്യേക വോളണ്ടിയര്‍മാരുടെ സേവനം ലഭ്യമാകും. യാത്രയാക്കാനെത്തുന്നവര്‍ക്ക് ഹജ്ജ് ഹൗസില്‍ വിശാലമായ പന്തല്‍ സൗകര്യവും ഉണ്ട്. തീര്‍ത്ഥാടരുടെ സുരക്ഷക്കും പരിസരത്തെ ഗതാഗത നിയന്ത്രണങ്ങള്‍ക്കുമായി എയര്‍പോര്‍ട്ടിലും ഹജ്ജ് ക്യാമ്പിലും പോലീസ് സേനയെയും പ്രത്യേകമായി വിന്യസിക്കും. തീര്‍ത്ഥാടകര്‍ നിശ്ചയിക്കപ്പെട്ട സമയത്തിനുള്ളില്‍ തന്നെ ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടതാണ്.

ഹജ്ജ് ക്യാമ്പില്‍ സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും വെവ്വേറെ താമസം, ഭക്ഷണം, പ്രാഥമികാവശ്യം, പ്രാര്‍ത്ഥന എന്നിവക്കായി ഇരു കെട്ടിടങ്ങളിലും വിശാലമായ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. തീര്‍ത്ഥാടകര്‍ക്ക് പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള യാത്രാരേഖകളും യാത്രാ നിര്‍ദ്ദേശങ്ങളും ഹജ്ജ് സെല്‍ മുഖേന ക്യാമ്പില്‍ വെച്ച് നല്‍കും. വിമാനം പുറപ്പെടുന്നതിന്റെ മൂന്ന് മണിക്കൂര്‍ മുമ്പ് തീര്‍ത്ഥാടകരെ ഹജ്ജ് ഹൗസിലെ അസംബ്ലി ഹാളില്‍ ഒരുമിച്ച് കൂട്ടി അവസാനഘട്ട നിര്‍ദ്ദേശങ്ങള്‍ നല്‍കും. തുര്‍ന്ന് പ്രത്യേക ബസില്‍ എയര്‍പോര്‍ട്ടില്‍ എത്തിക്കും. എയര്‍പോര്‍ട്ടില്‍ തീര്‍ത്ഥാടകരുടെ എമിഗ്രേഷന്‍ നടപടികള്‍ വേഗത്തിലാക്കുന്നതിന് കുടുതല്‍ കൗണ്ടറുകളും സജ്ജീകരിക്കുന്നുണ്ട്. പുറപ്പെടല്‍ ഹാളില്‍ കൂടുതല്‍ ഇരിപ്പിടങ്ങളും സജ്ജീകരിച്ചിട്ടുണ്ട്.

ഓരോ വിമാനത്തിലും യാത്രയാവേണ്ട തീര്‍ത്ഥാടകര്‍ റിപ്പോര്‍ട്ട് ചെയ്യേണ്ട സമയ ക്രമം ഹജ്ജ് കമ്മിറ്റി വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ ബന്ധപ്പെട്ട ഹജ്ജ് ഇന്‍സ്‌പെക്ടര്‍മാര്‍ മുഖ്യ അപേക്ഷകനെ ഫോണ്‍ വിളിച്ചും വിവരം അറിയിക്കും. തീര്‍ത്ഥാടകരുടെ സേവനത്തിനായി അനുഗമിക്കുന്ന വോളണ്ടിയര്‍മാര്‍ ഒരുക്കങ്ങള്‍ക്കായി യാത്രയുടെ രണ്ട് ദിവസം മുന്നേ തന്നെ ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 106 ഇത്തവണ തീര്‍ത്ഥാടകരുടെ സേവനത്തിനായി യാത്രയില്‍ അനുഗമിക്കുക. വോളണ്ടിയര്‍ അനുപാതം കുറക്കുന്നതിന് വേണ്ടി സംസ്ഥാന ഹജ്ജ് കമ്മിറ്റി നടത്തിയ നിരന്ത ഇടപെടലുകളുടെ ഫലമായാണ് സേവനത്തിനായി കൂടുതല്‍ പേര്‍ക്ക് അവസരം ലഭിച്ചത്. വോളണ്ടിയര്‍മാര്‍ക്കുള്ള പ്രത്യേക റെസിഡന്‍ഷ്യല്‍ ട്രൈനിങ്ങ് കഴിഞ്ഞ മാസം ഹജ്ജ് ഹൗസില്‍ നടത്തിയിരുന്നു. ആവശ്യാനുസരണം ഹജ്ജ് കമ്മിറ്റി അംഗങ്ങളുടേയും ഉദ്യോഗസ്ഥരുടേയും നേതൃത്വത്തില്‍ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പ്രത്യേക മീറ്റിങ്ങുകളും ചേരുന്നുണ്ട്.

എയര്‍ ഇന്ത്യാ എക്‌സ്പ്രസിന്റെ 173 പേര്‍ക്ക് സഞ്ചരിക്കാവുന്ന മുപ്പത്തിയൊന്ന് വിമാനങ്ങളാണ് കരിപ്പൂരില്‍ നിന്നും ഷെഡ്യൂള്‍ ചെയ്തിട്ടുള്ളത്. പരമാവധി മൂന്ന് വിമാനങ്ങളാണ് ഒരു ദിവസം സര്‍വ്വീസ് നടത്തുക. അവസാന ദിവസമായ മെയ് ഇരപത്തി രണ്ടിന് ഒരു സര്‍വ്വീസാണുള്ളത്. ജൂണ്‍ 25 മുതല്‍ മുതല്‍ ജൂലൈ 10 വരെ വരെയുള്ള ദിവസങ്ങളില്‍ മദീന വഴിയാണ് കേരളത്തില്‍ നിന്നുള്ള ഹാജിമാരുടെ മടക്ക യാത്ര ഷെഡ്യൂള്‍ ചെയ്തിരിക്കുന്നത്.

error: Content is protected !!