2025 ലെ ഹജ്ജ് യാത്രക്ക് സംസ്ഥാനത്തെ മൂന്ന് ഹജ്ജ് പുറപ്പെടല്‍ കേന്ദ്രങ്ങളിലും നേരത്തെ തന്നെ വിമാന നിരക്കുകള്‍ ഏകീകരിക്കണമെന്ന് ചെയര്‍മാന്‍ സി. മുഹമ്മദ് ഫൈസിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റി യോഗം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ഇത്തവണയും അപേക്ഷിച്ചത് കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളം വഴിയാണ്. കഴിഞ്ഞ വര്‍ഷം സംസ്ഥാനത്തെ മറ്റ് രണ്ട് പുറപ്പെടല്‍ കേന്ദ്രങ്ങളിലുള്ളതിനേക്കാള്‍ വിമാന കൂലി ഇനത്തില്‍ അധികം തുക കോഴിക്കോട് നിന്നും ഈടാക്കിയത് പ്രശ്‌നം സൃഷ്ടിച്ചിരുന്നു. ടെന്‍ഡര്‍ മുഖേന ആദ്യം നിശ്ചയിച്ച തുകയില്‍ നിന്നും നിശ്ചിത ശതമാനം സംസ്ഥാന സര്‍ക്കാറിന്റെയും ഹജ്ജ് കമ്മിറ്റിയുടേയും നിരന്തര ഇടപെടലുകളിലൂടെ അധികൃതര്‍ ഭാഗികമായി കുറവ് വരുത്തിയിരുന്നു. എന്നിട്ടും കോഴിക്കോട് വലിയ വ്യത്യാസം ഉണ്ടായിരുന്നു.
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഹജ്ജ് യാത്രക്ക് ഉദ്ദേശിക്കുന്നവര്‍ക്ക് ഹജ്ജ് അപേക്ഷാ സമര്‍പ്പണം മുതല്‍ തെരഞ്ഞെടുക്കപ്പെടുന്നവരെ പണം അടക്കല്‍, പാസ്‌പോര്‍ട്ട് ഉള്‍പ്പടെയുള്ള രേഖകളുടെ സമര്‍പ്പണം, വിവിധ ഘട്ടങ്ങളിലായുള്ള ട്രൈനിങ്ങ് ക്ലാസ്സുകള്‍, കുത്തിവെയ്പ്പ്, യാത്രാ തിയ്യതി അറിയിക്കല്‍, ക്യാമ്പില്‍ റിപ്പോര്‍ട്ട് ചെയ്യല്‍, സഊദിയിലേക്കുള്ള യാത്ര, മടങ്ങിവരവ് തുടങ്ങി എല്ലാ ഘട്ടങ്ങിളും ഹാജിമാര്‍ക്കാവശ്യമായ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും സഹായങ്ങളും നല്‍കുന്നതിന് സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ കീഴില്‍ തന്നെ വിപുലമായ ഔദ്യോഗിക ട്രൈനിങ്ങ് സംവിധാനം നിലവിലുണ്ട്.
സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ട്രൈനിങ്ങ് സംവിധാനത്തെ കേന്ദ്ര ഹജ്ജ് കമ്മിറ്റിയടക്കം പ്രശംസിച്ചിട്ടുള്ളതും ഇത് മാതൃകയാക്കി മറ്റു സംസ്ഥാനങ്ങളിലും നടപ്പിലാക്കുന്നതിന് നിര്‍ദ്ദേശിച്ചിട്ടുമുള്ളതാണ്. സംസ്ഥാനത്തെ തീര്‍ത്ഥാടകരുടെ ഔദ്യോഗിക ആവശ്യ നിര്‍വ്വഹണങ്ങള്‍ക്ക് സര്‍ക്കാര്‍ തലത്തില്‍ തന്നെ കുറ്റമറ്റ സംവിധാനം ഉണ്ടെന്നിരിക്കെ ഇതിനു സമാന്തരമായി പുതിയ സംവിധാനം രൂപപ്പെടുത്തുന്നത് ദുരൂഹമാണെന്ന് യോഗം നിരീക്ഷിച്ചു. വിശുദ്ധ തീര്‍ത്ഥാടനത്തിനായി പുറപ്പെടുന്നവര്‍ക്ക് നടപടിക്രമങ്ങള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതില്‍ ഇത് പ്രയാസവും ആശയകുഴപ്പവും സൃഷ്ടിക്കും.
ഹാജിമാര്‍ക്കുള്ള സേവനത്തിലും സഹായത്തിലും ആവശ്യാനുസരണം പങ്കുചേരുന്നതിന് ഔദ്യോഗിക സംവിധാനങ്ങളിലൂടെ തന്നെ അവസരം ഉണ്ടെന്നിരിക്കെ ഇത്തരം സമാന്തര നീക്കത്തില്‍ നിന്നും ബന്ധപ്പെട്ടവര്‍ പിന്മാറണമെന്ന് യാഗം ആവശ്യപ്പെട്ടു. ഹജ്ജിന് അവസരം ലഭിക്കുന്നവര്‍ സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫീസില്‍ നിന്നുള്ള ഔദ്യോഗിക അറിയിപ്പുകളും നിര്‍ദ്ദേശങ്ങളും കൃത്യമായി ശദ്ധിക്കണമെന്നും മറ്റു കേന്ദ്രങ്ങളെ അവലംബിക്കരുതെന്നും ഹാജിമാര്‍ ജാഗ്രത പാലിക്കണമെന്നും യോഗം അറിയിച്ചു.
സമാന്തര സംവിധാനത്തെ കുറിച്ച് അന്വേഷണം നടത്തുന്നതിന് ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസറും ജില്ലാ കലക്ടറുമായ വി.ആര്‍ വിനോദ് ഐ.എ.എസിനെ യോഗം ചുമലപ്പെടുത്തി.
2021 ഒക്‌ടോബര്‍ 11 ന് നിലവില്‍ വന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ അവസാന യോഗമാണ് ഇന്ന് കരിപ്പൂര്‍ ചേര്‍ന്നത്. സംസ്ഥാനത്ത് നിന്നും ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകര്‍ ആശ്രയിക്കുന്ന കരിപ്പൂരില്‍ വനിതാ തീര്‍ത്ഥാടകര്‍ക്കായി വിശാലമായ പ്രത്യേക കെട്ടിടം സജ്ജമായത് ഈ കമ്മിറ്റിയുടെ കാലയളവിലാണ്.
സംസ്ഥാന ചരിത്രത്തിലാധ്യമായി കഴിഞ്ഞ വര്‍ഷം ഏറ്റവും കൂടുതല്‍ തീര്‍ത്ഥാടകരെ സുഗമമായി യാത്രയാക്കാനവസരം ലഭിച്ചതിന്റെ ചാരിതാര്‍ത്ഥ്യത്തോടെയാണ് നിലവിലെ കമ്മിറ്റി കാലാവധി പൂര്‍ത്തിയാക്കുന്നത്. ഈ മാസം 12 നാണ് കമ്മിറ്റിയുടെ കാലാവധി അവസാനിക്കുക.
ഹജ്ജ് കമ്മിറ്റിയുടെ തീരുമാനങ്ങളും പദ്ധതികളും തികഞ്ഞ ഉത്സാഹത്തോടെ ഏറ്റെടുത്ത് വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് കൊണ്ട് സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നതിന് നേതൃത്വം നല്‍കിയ ഹജ്ജ് കമ്മിറ്റി എക്‌സിക്യൂട്ടീവ് ഓഫീസര്‍ കൂടിയായ ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് ഐ.എ.എസി നെയും കമ്മിറ്റി അംഗങ്ങളേയും ട്രൈനര്‍മാരേയും യോഗം പ്രത്യേകം അഭിനന്ദിച്ചു. വിശുദ്ധ തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട സേവനങ്ങളില്‍ പങ്കുചേരാന്‍ അവസരം ലഭിച്ചതില്‍ കലക്ടര്‍ സന്തുഷ്ടി പ്രകടിപ്പിച്ചു. സംസ്ഥാന ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് മുന്‍ ചെയര്‍മാനും മത, സാമൂഹിക, ജീവകാരുണ്യ പ്രവര്‍ത്തകനുമായിരുന്ന ടി. കെ പരീകുട്ടി ഹാജിയുടെ നിര്യാണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി.
യോഗത്തില്‍ അംഗങ്ങളായ അഡ്വ. പി.ടി.എ റഹീം എം.എല്‍.എ, അഡ്വ. പി. മൊയ്തീന്‍ കുട്ടി, ഉമര്‍ ഫൈസി മുക്കം, ഡോ. ഐ.പി അബ്ദു സലാം, കെ.എം മുഹമ്മദ് ഖാസിം കോയ, എ. സഫര്‍ കയാല്‍, പി.പി മുഹമ്മദ് റാഫി, പി.ടി അക്ബര്‍, ജില്ലാ കലക്ടര്‍ & എക്‌സിക്യൂട്ടീവ് ഓഫീര്‍ വി.ആര്‍ വിനോദ് ഐ.എ.എസ്, അസി. സെക്രട്ടറി എന്‍. മുഹമ്മദലി സംബന്ധിച്ചു.