Thursday, July 10

കോഴിക്കോട്ടെ ഉയര്‍ന്ന യാത്രാനിരക്ക്: കേന്ദ്ര ഹജ്ജ് കമ്മിറ്റി സി ഇ ഒയുമായി സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ കൂടിക്കാഴ്ച നടത്തി

കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ഹജ്ജ് യാത്ര പുറപ്പെടുന്ന തീര്‍ഥാടകാരില്‍ നിന്ന് വിമാനയാത്രാ ഇനത്തില്‍ അധിക തുക ഈടാക്കുന്ന വിഷയത്തില്‍ അടിയന്തര പരിഹാരം ആവശ്യപ്പെട്ട് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ അഡ്വ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് കേന്ദ്ര ഹജ്ജ് കമ്മിറ്റി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ നസീം അഹ്മദുമായി കൂടിക്കാഴ്ച നടത്തി. ഇത്തവണ യാത്ര പുറപ്പെടുന്ന തീര്‍ഥാടകര്‍ സമര്‍പ്പിച്ച ഭീമന്‍ ഹരജിയിലെ ആവശ്യങ്ങള്‍ സി ഇ ഒ യുടെ ശ്രദ്ധയില്‍പ്പെടുത്തി.

പുറപ്പെടല്‍ കേന്ദ്രമായി കോഴിക്കോട് എമ്പാര്‍ക്കേഷന്‍ പോയിന്റ് തിരഞ്ഞെടുത്തവര്‍ക്ക് യാത്രാ ഇനത്തില്‍ ഏകദേശം 40,000 രൂപയുടെ അധിക ചെലവാണ് എയര്‍ലൈന്‍സ് ക്ലിപ്തപ്പെടുത്തിയത്. നാലും അഞ്ചും ഹാജിമാര്‍ ഒരു കുടുംബത്തില്‍ നിന്ന് തന്നെയുള്ള സാഹചര്യത്തില്‍ അവര്‍ക്കിത് വലിയ സാമ്പത്തിക ബാധ്യതയുണ്ടാക്കും. സാധാരണക്കാര്‍ ഏറെ നാളായി സ്വരുകൂട്ടിയ പണവുമായാണ് ഹജ്ജിന് ഒരുങ്ങുന്നത് എന്നതിനാല്‍ അധിക ചെലവ് താങ്ങാന്‍ കഴിയില്ലെന്നും ഇത് പരിഹരിക്കാന്‍ ഇടപെടല്‍ നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

കണ്ണൂരും കോഴിക്കോടും തമ്മില്‍ സൗദി അറേബ്യയിലേക്കുള്ള ആകാശ ദൂരത്തില്‍ വലിയ വ്യത്യാസം ഇല്ലാത്തതിനാല്‍ കോഴിക്കോട് നിന്നുള്ള അധിക യാത്ര നിരക്കില്‍ ഇളവ് അനുവദിക്കുകയോ നിലവിലെ എംബാര്‍ക്കേഷന്‍ പോയിന്റ് മാറ്റി തൊട്ടടുത്ത പ്രദേശമായ കണ്ണൂരിലേക്ക് പുറപ്പെടല്‍ സ്ഥലം ക്ലിപ്തപ്പെടുത്തി നല്‍കുകയോ വേണമെന്ന തീര്‍ഥാടകരുടെ ആവശ്യവും ശ്രദ്ധയില്‍പ്പെടുത്തി.

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് കേന്ദ്ര ന്യൂനപക്ഷ, വ്യോമയാന മന്ത്രാലയങ്ങളെ ഇതിനകം സംസ്ഥാനത്തിന്റെ ആവശ്യമറിയിച്ചിട്ടുണ്ട്. യാത്രാനിരക്കിന് പുറമെ ആസന്നമായ ഹജ്ജിന്റെ ഒരുക്കങ്ങളും ക്രമീകരണങ്ങളും സി ഇ ഒയുമായി ചര്‍ച്ച ചെയ്തു.

error: Content is protected !!