ദൈവത്തെ കണ്ടിട്ടുണ്ടോ ? … ഞാന്‍ കണ്ടു.. ഒന്നല്ല നാലു ദൈവങ്ങളെ ; പരപ്പനങ്ങാടി സ്റ്റേഷന്‍ സി പി ഒ ഷൈലേഷ് മൊറയൂരിന്റെ കുറിപ്പ് വൈറല്‍

ദൈവ വിശ്വാസം ഉള്ളവരും ഇല്ലാത്തവരും ഉണ്ടാകും. ചില സന്ദര്‍ഭങ്ങളില്‍ ചിലയാളുകള്‍ ദൈവ രൂപത്തില്‍ പ്രത്യക്ഷപ്പെടുന്നു എന്നൊക്കെ പറയാറുണ്ട്. അത്തരത്തില്‍ തന്റെ സ്വന്തം അനുഭവ വെളിച്ചത്തില്‍ 4 ദൈവത്തെ താന്‍ നേരില്‍ കണ്ടിട്ടുണ്ടെന്ന പരപ്പനങ്ങാടി സ്റ്റേഷന്‍ സിപിഒ ഷൈലേഷ് മൊറയൂരിന്റെ കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലാകുകയാണ്. ചൊവ്വാഴ്ച വള്ളിക്കുന്ന് റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ട്രെയിന്‍ തട്ടി മരിച്ച, ദേവിവിലാസം സ്‌കൂളിന് സമീപത്തെ വളയനാട്ടുതറയില്‍ സുരേഷിന്റെ മകള്‍ സുനുഷ (17)യുടെ ബോഡി കലക്ട് ചെയ്യാന്‍ പോയപ്പോള്‍ ഉണ്ടായ അനുഭവ കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത്.

പരപ്പനങ്ങാടി എസ് ജയദേവനും സിപിഒ ഷൈലേഷും ചൊവ്വാഴ്ച നൈറ്റ് പെട്രോളിംഗ് ഡ്യൂട്ടിയിലായിരുന്നു. പുലര്‍ച്ചെ നാല് മണിയോടെയാണ് ഇവര്‍ക്ക് വള്ളിക്കുന്ന് റെയില്‍വേ ട്രാക്കില്‍ ആരോ മരണപ്പെട്ടു കിടക്കുന്നതായി റെയില്‍വേ സ്റ്റേഷനില്‍ നിന്നും അറിയിച്ചതായി വിവരം ലഭിക്കുന്നത്. തുടര്‍ന്ന് ഇവരുവരും റെയില്‍ വേ ട്രാക്കിലേക്ക് ചെന്നതുമുതലുള്ള അനുഭവമാണ് അദ്ദേഹം തന്റെ കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ;

ദൈവത്തെ നേരിട്ട് കണ്ടിട്ടുണ്ടോ ?

മുപ്പത്തി മുക്കോടി ദൈവങ്ങൾ ഉണ്ടത്രേ .

ഞാനിന്ന് (14/2/23 )നേരിട്ട് 4 ദൈവങ്ങളെ നേരിൽ കണ്ടുമുട്ടി. SI ജയദേവൻ സാറും ഞാനും ഇന്നലെ നൈറ്റ് പട്രോളിംഗ് ഡ്യൂട്ടി ആയിരുന്നു. പുലർച്ചെ നാലു മണിക്ക് പാറാവിൽ നിന്നും ദീപുവിന്റെ കാൾ വള്ളിക്കുന്ന് റെയിൽവേ ട്രാക്കിൽ ആരോ മരണപ്പെട്ടു കിടക്കുന്നതായി റെയിൽവേ സ്റ്റേഷനിൽ നിന്നും അറിയിച്ചു എന്നു പറഞ്ഞു. ജയദേവൻ si സാർ ഉടനെ ഫോണിൽ ആരെയോ വിളിച്ചു. ഒന്ന് അത്താണിക്കൽ വരെ വരാൻ പറ്റുമോന്ന് ചോദിച്ചു. ഞങ്ങൾ വേഗം തന്നെ അത്താണിക്കൽ റെയിൽവേ സ്റ്റേഷനിൽ എത്തി. മലബാർ എക്സ്പ്രസ് ട്രാക്കിൽ നിർത്തി ഇട്ടിട്ടുണ്ട്. ട്രയിനിന്റ സൈഡിലൂടെ ഇല്ലാത്ത വഴികളിലൂടെ പ്രയാസപ്പെട്ട് സാറിന്റെ പിന്നിലായ് ഞാനും നടന്നു. ഒരു വളളിയിൽ കാലുടക്കി സാർ താഴെക്ക് വീഴാൻ പോയപ്പോൾ ഞാൻ പിന്നിൽ നിന്നും ബെൽറ്റിൽ പിടിക്കുമ്പോഴും ഞങ്ങൾ പാതി ദൂരം എത്തിയില്ല. 500 mtr അകലെ ടോർച്ച് ലൈറ്റ് കാണുന്നുണ്ട്. അവരവിടെ എത്തിയിട്ടുണ്ടെന്ന് സാർ പറഞ്ഞപ്പോൾ ആദ്യ റണ്ണോവർ അറ്റൻഡ് ചെയ്യാൻ പോവുന്ന എനിക്കു പകുതി ആശ്വാസമായ്. ലക്ഷ്യ സ്ഥാനത്ത് ഞങ്ങൾ എത്തുമ്പോൾ ഒരു യുവതിയുടെ മൃതദേഹം ട്രാക്കിനിടയിൽ കിടക്കുന്നു. വിവസ്ത്രയായ അവരെ 4 ആളുകൾ ഉളള വസ്ത്രം തപ്പി എടുത്തു പുതപ്പിച്ചു. കഥയറിയാനുളള കൗതുകത്തിൽ ഫോട്ടോ ഷൂട്ടിനായ് പുറത്തിറങ്ങിയ യാത്രക്കാരെ 4 പേരിൽ ഒരാൾ പോവാൻ പറഞ്ഞ്. പറഞ്ഞു വിട്ടു. ട്രാക്കിൽ നിന്നും ബോഡി മാറ്റിയിട്ട് വേണം ട്രയിൻ പോവാൻ. ഈ സമയം ആ 4 പേരിൽ ഒരാൾ താനുടുത്ത മുണ്ട് അഴിച്ച് ട്രാക്കിൽ വിരിച്ചു. ഞങ്ങൾ ബോഡി എടുത്ത് അതിൽ കിടത്തി ട്രാക്കിന്റെ സൈഡിലേക്ക് കിടത്തി. ട്രയിൻ പോയ് കഴിഞ്ഞപ്പോൾ ഒരു ഇൻവെസ്റ്റിഗേഷൻ ടീമെനെ പോലെ ആ 4 പേരും ഞങ്ങൾക്കൊപ്പം തിരച്ചിൽ നടത്തി ആ സ്ത്രീയുടെ മൊബൈൽ, ചെരുപ്പ് എന്നിവ കണ്ടെത്തി. അപ്പോഴേക്കും 4 ൽ ഒരാൾ പോയ് സ്ട്രെച്ചറുമായ് അവിടെത്തിയിരുന്നു. ദുർഘടമായ വഴിയിലൂടെ ആംബുലൻസിനു അടുത്തേക്ക് നടക്കുമ്പോൾ അവർ പറയുന്നതു ആശുപത്രിയിൽ എത്തിയാൽ ഇനി അവര് നേരം വെളുത്തു 10 മണി ആയാലും ഞങ്ങളെ വിടില്ല എന്നാണ്. ഇത് കേട്ട SI സാർ ഞങ്ങളും നിങ്ങളോടൊപ്പം വരുമെന്ന് പറഞ്ഞപ്പോൾ അവർക്ക് ആശ്വാസമായ്. തിരൂരങ്ങാടി ആശുപത്രി മോർച്ചറിയിൽ ബോഡി സൂക്ഷിച്ച് പുറത്തിറങ്ങിയപ്പോൾ ജയദേവൻ സാർ അവർക്കൊരു ലുങ്കി വാങ്ങി കൊടുക്കാനായ് അടുത്തേക്കു വിളിച്ചപ്പോൾ വേണ്ട സാർ നിങ്ങൾ കൂടെ വന്നത് കൊണ്ട് ഇപ്പോൾ പോവനായ് എന്ന് പറഞ്ഞു ആംബുലൻസിൽ കയറി അവർ ആ നാല് പേർ പോകുമ്പോൾ ….. ആ 4 മനുഷ്യരെയല്ല. 4 ദൈവങ്ങളെയാണ് ഞങ്ങൾ കണ്ടത്. gafoor Thamanna Riyas Pettikkal, Rafi Chettippadi Noufal N C vallikkunnu

എന്റെ സർവ്വീസിലെ ആദ്യ runover duty യിൽ
നേരിൽ കണ്ട 4 ദൈവങ്ങൾക്കും പരപ്പനങ്ങാടി പോലീസിന്റെ ബിഗ് സല്യൂട്ട്…..❤️❤️❤️❤️

ഇത് എഴുതിയത്
പരപ്പനങ്ങാടി പോലീസ്
ഷൈലേഷ് മൊറയൂർ.
CP0 5213.

error: Content is protected !!