കനത്ത മഴ, കാറ്റ്: പുഴകൾ കരകവിഞ്ഞു, നാശനഷ്ടം തുടരുന്നു

കൊടുവള്ളി : മഴ ശക്തമായതോടെ കൊടുവള്ളി നഗരസഭ പരിധിയിലെ പൂനൂർ പുഴയും ചെറുപുഴയും പലയിടങ്ങളിലും കരകവിഞ്ഞൊഴുകാൻ തുടങ്ങി. വീടുകളിലേക്ക് വെള്ളം കയറാൻ സാധ്യതയുള്ള പ്രദേശങ്ങളിൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയതായി നഗരസഭാധ്യക്ഷൻ വെള്ളറ അബ്ദു അറിയിച്ചു. വെള്ളപ്പൊക്ക സാധ്യതയുള്ള എരഞ്ഞിക്കോത്ത്, എരഞ്ഞോണ, വെണ്ണക്കാട് ഭാഗങ്ങളിലുള്ളവർ ജാഗ്രത പാലിക്കണമെന്ന് നിർദേശം നൽകിയിട്ടുണ്ട്. എരഞ്ഞിക്കോത്ത് ഭാഗത്ത് രണ്ട് ഫുട്ബോൾ ഗ്രൗണ്ടുകൾ പൂർണമായും വെള്ളത്തിൽ മുങ്ങി.

കൊടുവള്ളി നഗരസഭ മിനി സ്റ്റേഡിയത്തിന്റെ ഓപ്പൺ സ്റ്റേജിന്റെ മുക്കാൽ ഭാഗം വരെ ജലനിരപ്പ് ഉയർന്നിട്ടുണ്ട്. വരും ദിവസങ്ങളിലും മഴ ശക്തമായി തുടർന്നാൽ ദുരിതാശ്വാസ ക്യാമ്പുകൾ ആരംഭിക്കും. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ മഴയിൽ പലയിടങ്ങളിലും നാശനഷ്ടങ്ങളുണ്ടായി. ചുണ്ടപ്പുറം ഒതയോത്ത് ആശാരുകണ്ടിയിൽ ഇ.ആർ.ഭവാനിയുടെ വീടിനുമുകളിൽ തെങ്ങു വീണ് വീട് ഭാഗികമായി തകർന്നു. ഞായറാഴ്ച വൈകിട്ട് അഞ്ചോടെ വീശിയടിച്ച ശക്തമായ കാറ്റിൽ അയൽവാസിയുടെ തെങ്ങ് കടപുഴകി ഭവാനിയുടെ വീടിന് മുകളിൽ പതിയുകയായിരുന്നു. ആർക്കും പരുക്കില്ല.

വാവാട് സെന്റർ എരഞ്ഞോണ റോഡിൽ എലിയോട്ട് പൊയിൽ ലത്തീഫിന്റെ വീടിനോട് ചേർന്ന് മതിൽ ശക്തമായ മഴയിൽ തകർന്നുവീണു. മഴയെ തുടർന്ന് മദ്രസാ ബസാർ, വെണ്ണക്കാട് അങ്ങാടികളിൽ വെള്ളക്കെട്ട് രൂപപ്പെട്ടിട്ടുണ്ട്. അഴുക്കുചാലുകളിലേക്ക് വെള്ളം കടന്നു ചെല്ലാത്തതാണ് വെള്ളക്കെട്ടിന് കാരണമെന്ന് നാട്ടുകാർ പറഞ്ഞു.

error: Content is protected !!