
കൊച്ചി: താനൂര്‍ കസ്റ്റഡി കൊലപാതക കേസ് എത്രയും വേഗം സിബിഐ ഏറ്റെടുക്കണമെന്ന് ഹൈക്കോടതി. ഒരാഴ്ച്ചക്കുള്ളിൽ കേസന്വേഷണം ഏറ്റെടുക്കാനും ഹൈക്കോടതി സി.ബി.ഐക്ക് നിർദേശം നൽകി. സിബിഐ ഓഫീസര്‍മാര്‍ക്ക് പൊലീസ് സൗകര്യം ഒരുക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. തിങ്കളാഴ്ചയ്ക്കകം ക്രൈംബ്രാഞ്ച് കേസ് ഫയല്‍ കൈമാറണം. താമിര്‍ ജിഫ്രിയുടെ സഹോദരന്‍ ഹാരിസ് ജിഫ്രി നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. കേസ് ഡയറിയും മറ്റ് രേഖകളും ഉടൻ തന്നെ സി.ബി.ഐക്ക് കൈമാറാൻ ക്രൈം ബ്രാഞ്ചിനോട് ഹൈക്കോടതി നിർദേശിച്ചു. കേസ് അന്വേഷണത്തിന് സി.ബി.ഐക്ക് ആവശ്യമായ എല്ലാ സഹായങ്ങളും നൽകാൻ സംസ്ഥാന സർക്കാരിനും ഹൈക്കോടതി ഉത്തരവിൽ നിർദേശമുണ്ട്.
അന്വേഷണം ഏറ്റെടുക്കാന്‍ വൈകുന്നത് നിരവധി കേസുകള്‍ ഉള്ളതിനാലാണെന്നാണ് സിബിഐയുടെ പൊതുന്യായീകരണം. ഉന്നത പൊലീസുകാര്‍ ഉള്‍പ്പെട്ട കേസായതിനാലാണ് അന്വേഷണം സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് കൈമാറാന്‍ തീരുമാനിച്ചത്. ഓഗസ്റ്റ് 9നാണ് താനൂര്‍ കസ്റ്റഡി കൊലപാതകത്തില്‍ അന്വേഷണം സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവില്‍ മുഖ്യമന്ത്രി ഒപ്പിട്ടത്.
കേസ് അട്ടിമറിക്കാനാണ് മലപ്പുറം ജില്ലാ പൊലീസ് മേധാവിയുടെ ശ്രമമെന്നും കേസിലെ നിര്‍ണായക നിമിഷങ്ങളാണ് കടന്നു പോകുന്നതെന്നും അതിവേഗം സിബിഐ കേസ് ഏറ്റെടുക്കണം എന്നുമായിരുന്നു ഹാരിസ് ജിഫ്രിയുടെ ഹര്‍ജിയിലെ ആവശ്യം. സത്യം പുറത്ത് കൊണ്ട് വരാന്‍ സിബിഐയുടെ സ്വതന്ത്ര അന്വേഷണം അനിവാര്യമാണ്. താനൂര്‍ എസ്‌ഐ കൃഷ്ണലാല്‍ സ്വകാര്യ ചാനലിലൂടെ നടത്തിയ വെളിപ്പെടുത്തലുകള്‍ നിര്‍ണ്ണായകമാണ്. മലപ്പുറം എസ്പി സുജിത് ദാസ്, ഡിവൈഎസ്പി വിവി ബെന്നി, സിഐ ജീവന്‍ ജോര്‍ജ്ജ് എന്നിവരെ സ്ഥലം മാറ്റണം എന്നും കൊലപാതകം നടത്തിയ പൊലീസുകാരെ മലപ്പുറം എസ്പി സംരക്ഷിക്കുന്നുവെന്നും കേസിലെ സാക്ഷികളെ ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തില്‍ സ്വാധീനിക്കുന്നുവെന്നും ഹര്‍ജിയില്‍ ഹാരിസ് പറയുന്നു. ഓഗസ്റ്റ് ഒന്നിന് പുലര്‍ച്ചെയായിരുന്നു താനൂര്‍ പൊലീസിന്റെ കസ്റ്റഡിയില്‍ താമിര്‍ ജിഫ്രി കൊല്ലപ്പെടുന്നത്. ഹാരിസ് ജിഫിക്ക് വേണ്ടി അഡ്വ. മുഹമ്മദ് ഷാ, അഡ്വ അബീ ഷെജ്റിക് എന്നിവർ ഹൈക്കോടതിയിൽ ഹാജരായി.