Wednesday, November 12

വീട് കുത്തിത്തുറന്ന് മോഷണം; ബന്ധുവായ പതിനേഴുകാരൻ ഉൾപ്പെടെ അറസ്റ്റിൽ

വളാഞ്ചേരി: ആതവനാട് വീട് കുത്തിത്തുറന്ന് രണ്ടുപവന്‍ സ്വര്‍ണം മോഷ്ടിച്ച കേസില്‍ ബന്ധുവായ പതിനേഴുകാരനടക്കം രണ്ടുപേര്‍ അറസ്റ്റില്‍. സ്വര്‍ണം മോഷ്ടിച്ച രണ്ടു കുട്ടികളും വില്‍ക്കാന്‍ സഹായിച്ച ഇടനിലക്കാരായ സ്ത്രീയും പുരുഷനും അടക്കം നാലുപേരാണ് കേസിലെ പ്രതികള്‍. സ്വര്‍ണം വിറ്റുകിട്ടിയ പണം ആഡംബര ജീവിതത്തിനാണ് പ്രായപൂര്‍ത്തിയാകാത്ത രണ്ടു കുട്ടികളും ഉപയോഗിച്ചത്.
നവംബര്‍ മൂന്നിന് വൈകുന്നേരമാണ് സംഭവം. ആതവനാട് പാറ പ്രദേശത്ത് ഉമ്മാത്ത എന്ന സ്ത്രീയുടെ വീട്ടില്‍ അതിക്രമിച്ചു കടന്നാണ് ബന്ധുവായ പതിനേഴുകാരനും മറ്റൊരു പതിനേഴുകാരനും ചേര്‍ന്ന് സ്വര്‍ണാഭരണം മോഷ്ടിച്ചത്. ഉമ്മാത്തയുടെ മകന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഇവരുടെ വീടിനടുത്ത് താമസിക്കുന്ന ബന്ധുവായ പതിനേഴുകാരനാണ് മോഷ്ടിച്ചതെന്ന് തിരിച്ചറിയുകയും യുവാവിനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തതില്‍ പ്രതി കുറ്റം സമ്മതിച്ചു. സുഹൃത്തായ പതിനേഴുകാരനും സഹായിച്ചെന്ന് പ്രതി മൊഴി നല്‍കി.
തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഷ്ടിച്ച സ്വര്‍ണം വില്‍ക്കാന്‍ ഇടനിലക്കാരനായി പ്രവര്‍ത്തിക്കുന്ന വളാഞ്ചേരി പേരശ്ശന്നൂര്‍ സ്വദേശി വാല്‍പറമ്പില്‍ അബ്ദുല്‍ ഗഫൂറാണ് (47) കുട്ടിക്കുറ്റവാളികളില്‍ നിന്ന് സ്വര്‍ണം വാങ്ങി വില്‍പന നടത്താന്‍ സഹായിച്ചതെന്ന് മനസ്സിലായത്. ഗഫൂറിനെ ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ വളാഞ്ചേരിയില്‍ ലോട്ടറിക്കച്ചവടം നടത്തുന്ന ആതവനാട് പാറ സ്വദേശിനി സെലീനയ്ക്ക് മാല കൈമാറുകയും 1,30,000 രൂപയ്ക്ക് മാല വില്‍പന നടത്തിയതായും കണ്ടെത്തി. 20,000 രൂപ ഗഫൂര്‍ കമ്മീഷനായി കൈപ്പറ്റി. ബാക്കി തുക സ്വര്‍ണം മോഷ്ടിച്ച കുട്ടികള്‍ക്ക് നല്‍കി. ഇവര്‍ ഭക്ഷണം വാങ്ങിക്കഴിക്കുകയും ബൈക്കും ഐഫോണും വാങ്ങിയതായും ചോദ്യം ചെയ്യലില്‍ സമ്മതിച്ചു.
നാലുപേരില്‍ പ്രായപൂര്‍ത്തിയാകാത്ത ഒരാളെയും മാല വില്‍പന നടത്തിയ സെലിനെയും പിടികൂടാനുണ്ട്. വളാഞ്ചേരി പൊലിസ് ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂരിൻ്റെ നേതൃത്വത്തിൽ എസ്.ഐ സുരേഷ് കുമാര്‍,എസ്.സി. പി.ഒ ശൈലേഷ്,സി.പി.ഒ മാരായ ബൈജു പീറ്റര്‍, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണം നടന്ന് ദിവസങ്ങള്‍ക്കകം തന്നെ പ്രതികളെ പിടികൂടിയതിൽ വളാഞ്ചേരി പൊലിസിനെ നാട്ടൂകാർ പ്രശംസിച്ചു.

error: Content is protected !!