പത്തനംതിട്ട : ഒരു പ്രത്യേക കാര്യത്തിനായി മാത്രം സമ്മതിച്ചു ഒപ്പിട്ട് നൽകുകയും സഹകരണബാങ്ക് സ്വീകരിക്കുകയും ചെയ്ത ഗഹാൻ പ്രസ്തുത ആവശ്യത്തിനായി മാത്രമേ ഉപയോഗിക്കാൻ പാടുള്ളുവെന്ന് മനുഷ്യാവകാശ കമ്മീഷൻ. ഗഹാൻ എത്രയും വേഗം തിരികെ നൽകണമെന്നും എല്ലാ പ്രമാണങ്ങളും അനുബന്ധ രേഖകളും വായ്പയെടുത്തയാളിന് തിരികെ നൽകണമെന്നും കമ്മീഷൻ അംഗം വി. കെ. ബീനാകുമാരി ഉത്തരവിട്ടു. വായ്പയെടുത്തയാളുടെ ഭാര്യയുടെ പേരിലുള്ള കുടിശിക ഈടാക്കാൻ സഹകരണബാങ്കിന് നിയമപരമായ മറ്റ് മാർഗ്ഗങ്ങൾ സ്വീകരിക്കാമെന്നും ഉത്തരവിൽ പറയുന്നു.
പത്തനംതിട്ട സഹകരണ ജോയിന്റ് രജിസ്ട്രാർക്കാണ് (ജനറൽ) കമ്മീഷൻ ഉത്തരവ് നൽകിയത്. പത്തനംതിട്ട കുമ്പഴ കൈനിക്കര ജോസഫ് നൽകിയ പരാതിയിലാണ് നടപടി. താൻ മൈലപ്ര സഹകരണബാങ്കിൽ നിന്നും ഇരുപത്തിനാലു ലക്ഷം രൂപ വായ്പയെടുത്തിട്ടുണ്ടെന്നും ഇതിന് വസ്തു ഈട് ഗഹാൻ എഴുതിയിരുന്നുവെന്നും വായ്പ പൂർണ്ണമായി അടച്ചുതീർന്നിട്ടും പ്രമാണവും അനുബന്ധ രേഖകളും തിരികെ നൽകുന്നില്ലെന്നുമാണ് പരാതി.എന്നാൽ പരാതിക്കാരന്റെ ഭാര്യയുടെ പേരിലുള്ള ചിട്ടി കുടിശികയ്ക്ക് ഈട് മതിയാകാതെ വന്നപ്പോൾ പരാതിക്കാരന്റെ പേരിൽ ബാങ്ക് രജ്സ്റ്റർ ചെയ്ത ഗഹാൻ മേൽകുടിശികയ്ക്ക് ഈടായി പരാതിക്കാരന്റെ സമ്മതത്തോടെ വാങ്ങിയതായി സഹകരണ സംഘം സെക്രട്ടറി കമ്മീഷനെ അറിയിച്ചു.
എന്നാൽ താൻ എടുത്ത വായ്പയ്ക്കൊഴികെ മറ്റൊന്നിനും ഗഹാൻ ഉപയോഗിക്കാൻ പാടില്ലെന്നും തന്റെ അറിവോ സമ്മതമോ ഇല്ലാതെയാണ് സെക്രട്ടറി ഇപ്രകാരം പ്രവർത്തിച്ചതെന്നും പരാതിക്കാരൻ കമ്മീഷനെ അറിയിച്ചു. പരാതിക്കാരന്റെ ആവശ്യം ന്യായമാണെന്നും സെക്രട്ടറിയുടെ നടപടി നിയമവിരുദ്ധമാണെന്നും ഹൈക്കോടതി ഉത്തരവുകളുടെ ലംഘനമാണെന്നും കമ്മീഷൻ ഉത്തരവിൽ പറഞ്ഞു.