കൊല്ലം : കൊല്ലം ജില്ലയിലെ ആരാധനാലയങ്ങളില്‍ നിരോധിക്കപ്പെട്ട കോളാമ്പി മൈക്കുകള്‍ ഉപയോഗിക്കുന്നവര്‍ക്കെതിരെ ശബ്ദമലിനീകരണ നിയന്ത്രണ നിയമപ്രകാരം ജാതി മത വര്‍ഗ ഭേദമന്യേ ശക്തമായ നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. നടപടിയെടുത്ത ശേഷം കൊല്ലം ജില്ലാ പോലീസ് മേധാവി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി ആവശ്യപ്പെട്ടു.
കൊട്ടിയം എസ്. എച്ച്. ഒ യില്‍ നിന്നും കമ്മീഷന്‍ റിപ്പോര്‍ട്ടു വാങ്ങി. പരാതിക്കാരനായ ഡീസന്റ് ജംഗ്ഷന്‍ കോടാലിമുക്ക് സ്വദേശി പി. കെ. ഗീവറിന്റെ വീടിനു സമീപമുള്ള കല്‍ക്കുളം ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് സ്ഥാപിച്ചിരുന്ന ലൗഡ് സ്പീക്കര്‍ നീക്കം ചെയ്തിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ കല്‍ക്കുളം ക്ഷേത്രത്തില്‍ മാത്രമല്ല മറ്റ് ആരാധനാലയങ്ങളിലും നിരോധിക്കപ്പെട്ട ഉച്ചഭാഷിണികള്‍ ഉപയോഗിക്കുന്നതായി പരാതിക്കാരന്‍ അറിയിച്ചു. കോളാമ്പി മൈക്കുകള്‍ ഉപയോഗിക്കുന്നില്ലെന്ന് കൊല്ലം ജില്ലാ പോലീസ് മേധാവി ഉറപ്പാക്കണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറഞ്ഞു.