കോര്‍പ്പറേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ ശുചീകരണ തൊഴിലാളികള്‍ക്ക് നരക യാതന ; മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

കോഴിക്കോട് : വലിയങ്ങാടിയിലെ കോര്‍പ്പറേഷന്‍ ക്വാര്‍ട്ടേഴ്‌സില്‍ കോഴിക്കോട് കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ പരിഹരിക്കുന്നതിനാവശ്യമായ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. ക്വാര്‍ട്ടേഴ്‌സിലെ ദുരവസ്ഥയ്‌ക്കെതിരെ കേസെടുത്ത ശേഷമാണ് ഉത്തരവ്. കോര്‍പ്പറേഷന്‍ സെക്രട്ടറിയ്ക്കാണ് കമ്മീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സണും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് നിര്‍ദ്ദേശം നല്‍കിയത്. 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം.

വലിയങ്ങാടിയില്‍ കോര്‍പ്പറേഷന്‍ നിര്‍മ്മിച്ച് നല്‍കിയ ക്വാര്‍ട്ടേഴ്‌സിലാണ് ഈ ദുരിത കാഴ്ചകളുള്ളത്. വീടുകളുടെ മേല്‍ക്കൂര പൂര്‍ണമായും തകര്‍ന്നു. ഏതു നിമിഷവും ഇടിഞ്ഞു വീഴാവുന്ന സ്ഥിതിയിലാണ് വീടുകളുള്ളത്. കുടിക്കാനും കുളിക്കാനും കഴിയാത്ത തരത്തില്‍ പരിസരത്തുള്ള രണ്ടു കിണറുകള്‍ ഉപയോഗ ശൂന്യമാണ്. അഴുക്കുചാലിലെ വെള്ളം കലരുന്നതാണ് പ്രശ്‌നം. മാസം 4000 രൂപ വാടക നല്‍കിയാണ് ഇവര്‍ താമസിക്കുന്നത്. വെള്ളത്തിനും വൈദ്യുതിക്കും തുക വേറെ നല്‍കണം. ദൃശ്യ മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ കമ്മീഷന്‍ സ്വമേധയാ രജിസ്റ്റര്‍ ചെയ്ത കേസിലാണ് നടപടി.

error: Content is protected !!