കാലിന് പരിക്കേറ്റ് ചികിത്സക്കെത്തിയ കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് വ്യാജ ചികിത്സ നല്‍കി കാലിന്റെ സ്വാധീനമില്ലാതാക്കി ; വ്യാജ ആയുര്‍വേദ ചികിത്സകനെതിരെ പോലീസ് നടപടിയെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

കൊല്ലം : കാലിന് പരിക്കേറ്റ് ആയുര്‍വേദ ചികിത്സ തേടിയ കെട്ടിട നിര്‍മ്മാണ തൊഴിലാളിക്ക് വ്യാജ ചികിത്സ നല്‍കി വലതുകാലിന്റെ സ്വാധീനമില്ലാതാക്കിയെന്ന പരാതിയില്‍ ആയുര്‍വേദ സ്ഥാപനത്തിനും ചികിത്സകനുമെതിരെ മാതൃകാപരമായ ശിക്ഷ ഉറപ്പാക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍. കൊല്ലം സിറ്റി പോലീസ് കമ്മീഷണര്‍ക്കാണ് കമ്മീഷന്‍ അംഗം വി. കെ. ബീനാകുമാരി ഉത്തരവ് നല്‍കിയത്. പേരൂര്‍ കണ്ണമത്ത് വീട്ടില്‍ രാജു സമര്‍പ്പിച്ച പരാതിയിലാണ് നടപടി
കൊല്ലം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആയുര്‍വേദം) റിപ്പോര്‍ട്ട് സമര്‍പ്പിച്ചു.

പരാതിക്കാരന്‍ കരിക്കോട് ജീവരാഗം (വൈദ്യരത്‌നം ഏജന്‍സി) എന്ന സ്ഥാപനത്തെയാണ് ചികിത്സയ്ക്ക് സമീപിച്ചതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ആയുര്‍വേദ ക്ലിനിക്ക് നടത്താന്‍മാത്രം ലൈസന്‍സ് എടുത്ത സ്ഥാപനമാണ് ഇത്. പരാതിക്കാരന്‍ പ്രമേഹരോഗിയും അലോപ്പതി ചികിത്സ പിന്തുടരുന്നയാളുമാണ്. 2020 ഫെബ്രൂവരി 13 നാണ് പരാതിക്കാരന്‍ ആയുര്‍വേദ ക്ലിനിക്കിലെത്തിയത്. സുരേഷ്ബാബുവാണ് ചികിത്സകന്‍. ചികിത്സകന്‍ രോഗികള്‍ക്ക് വ്യാജചികിത്സ നല്‍കുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. ഇയാള്‍ക്ക് മെഡിക്കല്‍ കൗണ്‍സിലിന്റെ രജിസ്‌ട്രേഷനില്ല. ഇയാള്‍ പേരിനൊപ്പം ഡോക്ടര്‍ എന്ന് വയ്ക്കാറുണ്ട്. ആധികാരികതയില്ലാത്ത തിരിച്ചറിയല്‍ രേഖ പ്രദര്‍ശിപ്പിക്കുന്നു. ഇയാള്‍ പരാതിക്കാരന്റെ കാര്യത്തില്‍ ഹാജരാക്കിയ ചികിത്സാ രേഖകള്‍ വ്യാജമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പരാതിക്കാരനുണ്ടായ എല്ലാ കഷ്ടനഷ്ടങ്ങള്‍ക്കും പൂര്‍ണ ഉത്തരവാദി അനധികൃതചികിത്സ നടത്തിയ സുരേഷ്ബാബുവാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അസന്മാര്‍ഗിക മാര്‍ഗ്ഗത്തിലൂടെ പണം നേടാന്‍ ശ്രമിച്ചയാള്‍ക്കെതിരെ മതിയായ അന്വേഷണം നടത്തി ഇത്തരം കളകളെ വേരോടെ പിഴുതെറിയണമെന്ന് കമ്മീഷന്‍ ഉത്തരവ് പറഞ്ഞു.

error: Content is protected !!